2015, ഡിസംബർ 2, ബുധനാഴ്‌ച

ഗവി യാത്ര.


ഓർഡിനറി എന്ന സിനിമക്ക് ശേഷമാണ് എന്ന് തോന്നുന്നു ഗവി ഏറെ ശ്രദ്ധിക്കപ്പെട്ട സ്ഥലമായി മാറിയത്. ഗായിക റിമി ടോമിയുടെ ഹണിമൂണ്‍ ട്രിപ്പ്‌ ഗവിയിലേക്ക് ആയിരുന്നു എന്ന ഒരു കുറിപ്പ് വായിച്ച അന്നേ അവിടെ ഒന്ന് കാണണം എന്ന ആഗ്രഹം ഉടലെടുക്കുകയും ചെയ്തിരുന്നു.
അതിരാവിലെ പുറപ്പെട്ടു. ഏറെ ഓടിയിട്ടാണ് പാസ് കൊടുക്കുന്ന സ്ഥലത്ത് എത്തിയത്.
ഒരു ദിവസം നിശ്ചിത എണ്ണം വാഹനങ്ങളെ മാത്രമേ കടത്തി വിടൂ എന്ന് അറിയാമായിരുന്നു.
ഓണം ആയതു കൊണ്ട് കടകളൊക്കെ അടഞ്ഞു കിടന്നു. ഗവിയിലെക്കുള്ള യാത്ര കൊടും കാടിലൂടെയാണ്. കിലോമീറ്ററുകളോളം യാത്ര തുടരണം. ഇടയ്ക്ക് കടകളോ മനുഷ്യരോ വീടുകൾ പോലുമോ കാണില്ല എന്നൊക്കെ അറിയാവുന്നത് കൊണ്ട് കുറച്ചു ഏത്തപ്പഴം ചെറുപഴം ബ്രഡ് ജാം ബേക്കറി സാധനങ്ങൾ ഒക്കെ കൂടെ കരുതിയിരുന്നു.
പാസ് എടുക്കാൻ ചെല്ലുമ്പോഴാണ് അറിഞ്ഞത് വർക്കിംഗ് ഡേയിൽ പത്തു വാഹനങ്ങളെയും അവധി ദിവസങ്ങളിൽ മുപ്പതു വാഹനങ്ങളെയും ആണ് കടത്തി വിടുക എന്ന്. ഒരാൾക്ക്‌ മുപ്പതു രൂപ അടക്കണം. പന്ത്രണ്ട് വയസ്സിനു താഴെയുള്ള കുട്ടികൾക്ക് പാസ് വേണ്ട. പക്ഷേ യാത്ര ചെയ്യുന്ന എല്ലാവരുടെയും ഫുൾ അഡ്രസ്‌ ഒപ്പു സഹിതം അവിടെ നിന്ന് തരുന്ന ഫോമിൽ ഫിൽ അപ്പ് ചെയ്യണം.
എല്ലാം കഴിഞ്ഞ് ഞങ്ങൾ യാത്ര തുടങ്ങി. പ്ലാസ്റ്റിക് വിരുദ്ധ ഏരിയയാണ്. കാട്ടിൽ എവിടെയും പ്ലാസ്റ്റിക് വലിച്ചെറിയരുത്.
വനത്തിൽ പ്രവേശിക്കും മുമ്പേ നമ്മുടെ കയ്യിലുള്ള പ്ലാസ്റ്റിക് വസ്തുക്കൾ രേഖപ്പെടുത്തണം. വണ്ടിയിൽ വെച്ച് ഉപയോഗിക്കാം. പക്ഷേ പുറത്തേക്ക് വലിച്ചെറിയരുത്.
യാത്ര തുടങ്ങി. നന്നേ ചെറിയ റോഡ്‌. വളഞ്ഞും പുളഞ്ഞും പോകുന്ന റോഡ്‌ പൊട്ടിപ്പൊളിഞ്ഞും വലിയ കുളങ്ങൾ രൂപപ്പെട്ടതും ആണ്. യാത്ര ദുസ്സഹവും സാഹസികവും ആണ്.
ആനകൾ ഇറങ്ങി വന്നു വാഹന തടസ്സം സൃഷ്ടിക്കാനുള്ള സാധ്യത ഏറെ. അവിടവിടെ ആവി പൊങ്ങുന്ന ആന പിണ്ഡം കാണുന്നുണ്ട്. കരിങ്കുരങ്ങുകളും മലയണ്ണാനും യഥേഷ്ടം വിഹരിക്കുന്നു.
വളഞ്ഞും തിരിഞ്ഞും പുളഞ്ഞും ഞങ്ങളുടെ വാഹനം ഓടിക്കൊണ്ടിരിക്കുകയാണ്.
പെട്ടെന്ന്..!
ഡ്രൈവറുടെ സഡൻ ബ്രേക്കിൽ ഞെട്ടി മുന്നിലേക്ക്‌ നോക്കുമ്പോൾ ഉള്ളൊന്ന് കാളി.








തൊട്ടുമുമ്പിൽ ഒരു ആന വണ്ടി!
നിമിഷങ്ങളുടെ വ്യത്യാസത്തിനാണ് രക്ഷപ്പെട്ടത്. ബസ്സ് ഞങ്ങളുടെ
സുമോയെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിന്നു.
ഒരു വാഹനത്തിനു തന്നെ കഷ്ടി കടന്നു പോകാൻ പ്രയാസം ഉള്ള ആ
കാട്ടു വഴി യിലൂടെ കെ എസ് ആർ ടി സി ഓടുന്നുണ്ട് എന്ന് അപ്പോഴാണ്‌ മനസ്സിലായത്‌.


ഏതായാലും വലിയ ഒരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തോടെ ഞങ്ങളുടെ യാത്ര തുടർന്നു.
വല്ലാത്ത ഒരു കുളിരും ശാന്തതയും ശരീരം മാത്രമല്ല മനസ്സിലും അലയടിക്കുന്ന പോലെ തോന്നി. കൂടാതെ ഒരു ഉൾഭയവും ഉണ്ടായി.
കാരണം വന്യമൃഗങ്ങൾ എപ്പോഴും റോഡ്‌ ക്രോസ് ചെയ്തു കടന്നു വരാം. ദൂരെ നിന്ന് ഒരിക്കലും കാണാൻ പറ്റില്ല. വളഞ്ഞു പുളഞ്ഞു പോകുന്ന റോഡ്‌ കുറച്ചു ദൂരം മാത്രമേ കാണൂ.
ആനകൾ വഴി മുടക്കിയാലും
പ്രശ്നമാണ്. അപകടവും.
മറ്റെവിടെ നിന്നും ശ്വസിക്കാൻ കഴിയാത്ത പ്രത്യേക തരം
ശുദ്ധ വായുവാണ് കാട്ടിലൂടെ സഞ്ചരിക്കുമ്പോൾ അനുഭവപ്പെടുന്നത്.
നല്ല ശുദ്ധ ജലം കുടിക്കുമ്പോഴുള്ള സംതൃപ്തി നല്ല ശുദ്ധവായു ശ്വസിക്കുമ്പോഴും കിട്ടുമെന്ന് ആദ്യമായി മനസ്സിലായി.
കുന്നുകളും മലകളും കൊക്കകളും
നീർചോലകളും ചില ദ്വീപ്‌ സമൂഹങ്ങളെ അനുസ്മരിപ്പിക്കുന്ന
അണക്കെട്ടുകളും കണ്ടു യാത്ര തുടർന്നു
അടുക്കും തോറും അകലുന്ന ഗവി എന്നൊരു തോന്നൽ എനിക്കുണ്ടായി. എത്ര ഓടിയിട്ടും എത്തുന്നില്ല. ഇടയ്ക്ക്
റോഡ്‌ കാണാതെ മണ്‍ പാത മാത്രം
ആയി.



























റാന്നി വടശ്ശേരിക്കര സീതത്തോട്‌ ചിറ്റാർ ആങ്ങാമൂഴി ഭാഗത്തൂടെയാണ് ഗവിയിലേക്കുള്ള പ്രവേശനം. പോയ വഴി തിരിച്ചു പോരാൻ പറ്റില്ല. വണ്ടിപ്പെരിയാർ വഴി വേണം മടക്കം.
ഞങ്ങൾ ഒമ്പത് പേരുണ്ടായിരുന്നു.
ഞങ്ങൾ ഞാനും ഭാര്യയും മൂന്നു
മക്കളും. സുഹൃത്ത്‌ ലൈസൽ മാഷും
ഭാര്യയും രണ്ടു മക്കളും.
ഇടക്ക് ഒന്ന് രണ്ടു സ്ഥലങ്ങളിൽ ഞങ്ങൾ
കാറിൽ നിന്ന് ഇറങ്ങി.
അത് പാടില്ലാത്തതാണ്. എന്നാലും
ചില വ്യൂ പോയന്റുകൾ
കാറിൽ ഇരുന്നു കണ്ടാൽ പോരാ
എന്ന് തോന്നി.
ആനകളുടെ കാല്പാടുകൾ പതിഞ്ഞ കാട്ടുവഴികളും ചൂടാറാത്ത ആന പിണ്ഡവും
അവിടവിടെ കണ്ടു.
റോഡിലൂടെ ഏതോ കാട്ടു ചോലയിൽ നിന്ന് ഒഴുകി വരുന്ന തെളിനീർ ഉറവ. ചെരിപ്പ് ഊരി കാലുകൾ വെള്ളത്തിൽ ഒന്ന് സ്പർശിച്ചു. ഹൌ!എന്തൊരു തണുപ്പ്. കുട്ടികളും കാലു നനച്ചു. ചിലർ കൈക്കുമ്പിളിൽ വെള്ളം കോരിയെടുത്തു വായിൽ ഒഴിച്ചു.
അല്പം കഴിഞ്ഞ്
കാറിൽ കേറി കുറച്ചു മുന്നോട്ടു പോയതേയുള്ളൂ.
പെട്ടെന്ന് പിന്നിൽ നിന്ന് മൂത്ത മോളുടെ നിലവിളി!

ഞാൻ ഡ്രൈവറോട് വണ്ടി സൈഡ് ആക്കാൻ പറഞ്ഞു.
ഡോർ തുറന്നു ചെന്നു നോക്കുമ്പോൾ
മോളുടെ കാലിൽ ചോര. ചെരുപ്പ് അഴിച്ചു പരതിയപ്പോഴാണ് ഒരു നീണ്ട ഭീകരൻ പുഴുവിനെ കണ്ടത്. മുമ്പൊന്നും കണ്ടിട്ടില്ല അങ്ങനെ ഒരു പുഴുവിനെ. നല്ല കടച്ചിൽ ഉണ്ടായിരുന്നു.
യാത്ര തുടർന്നു. കാടിന്റെ സംഗീതം കേട്ടും ഭംഗി ആസ്വദിച്ചും ഞങ്ങൾ യാത്ര തുടർന്നു.
ഏതൊരു വിനോദ യാത്രയും ആസ്വദിക്കാനുള്ള മനസ്സുള്ളവർക്കെ അനുഭൂതി പകരൂ. അല്ലാത്തവർക്ക് കാണുന്നതിലൊന്നും ഒരു കൌതുകവും തോന്നില്ല. ഭംഗിയും അനുഭൂതിയും കണ്ണിലല്ല മനസ്സിലാണ്. ഈ കാര്യത്തിൽ മാത്രമല്ല ഏതു കാര്യത്തിലും അതെ.
നേരം രണ്ടു മണിയോട് അടുക്കുന്നു. പലർക്കും വിശപ്പ്‌ തുടങ്ങി. കുട്ടികൾ കയ്യിൽ കരുതിയതൊക്കെ എപ്പോഴോ തീർത്തിരുന്നു . വനത്തിൽ ഇടയ്ക്കിടെ ചില ചെക്ക് പോയന്റുകൾ ഉണ്ട്. ഓരോ സ്ഥലത്തും പാസ്സും ഡ്രൈവറുടെ ലൈസൻസും കാണിക്കണം. വനം പോലീസ് വന്നു കാർ പരിശോധിക്കുന്നും ഉണ്ട്.
വിശക്കുന്നു എന്ന് കുട്ടികളിൽ ചിലർ പറയാൻ തുടങ്ങി. ഗവിയിലേക്ക് ഇനിയും ഓടാനുണ്ട്.
ഡ്രൈവർ പറഞ്ഞു. ഇനി വണ്ടിപ്പെരിയാറിൽ എത്തിയാലേ വല്ലതും കിട്ടൂ. അപ്പോഴേക്കും വിശന്നു വലയും.
കുറച്ചു കൂടി മുന്നോട്ട് പോയി. അപ്പോൾ ഒരു ബോർഡ് കണ്ടു. ഒരു കാന്റീൻ. ഓണം ആയതു കൊണ്ട് അവിടെ ഒന്നും ഉണ്ടാവാൻ സാധ്യതയില്ല. ലൈസൽ മാഷ്‌ അഭിപ്രായപ്പെട്ടു. ഗവിയിലേക്ക് ഇനിയും പത്തു കിലോമീറ്റർ പോകണം. വളരെ മെല്ലെയാണ് യാത്ര. അതുകൊണ്ട് തന്നെ സമയം പിടിക്കും. ഗവിയിൽ നിന്ന് വണ്ടിപ്പെരിയാർ എത്തുമ്പോഴേക്കും ഇരുട്ടും. എന്ത് ചെയ്യും?
അപ്പോഴാണ്‌ ആ കാന്റീനിൽ നിന്ന് കുറെ സ്ത്രീകൾ ഇറങ്ങി വരുന്നത് കണ്ടത്. ചെറിയ ഒരു പ്രതീക്ഷ മുള പൊട്ടി.
അവിടെ കണ്ട ഒരാളോട് ഞാൻ ചോദിച്ചു: ഊണ് ഉണ്ടോ?
ഉണ്ട്
സമാധാനമായി
ഞങ്ങൾ കാർ സൈഡാക്കി ഇറങ്ങി. അകത്തേക്ക് ചെന്നു. അത്ര വൃത്തിയൊന്നും ഇല്ല. ബെഞ്ചും ഡസ്ക്കും ഒക്കെ പഴയതാണ്.
പൊട്ടിപ്പോളിഞ്ഞതും. എന്നാലും വേണ്ടില്ല. വിശപ്പ്‌ മാറ്റാമല്ലോ. മറ്റൊരു ഓപ്ഷനും ഇല്ലാത്തിടത്ത് ഉള്ളത് കൊണ്ട് തൃപ്തിപ്പെടുക തന്നെ. എന്നാലും വിജനമായ ഈ സ്ഥലത്ത് ഇങ്ങനെ ഒരു കാന്റീൻ എങ്കിലും ഉണ്ടല്ലോ.



അകത്തു ചെന്നപ്പോൾ നിറയെ ആളുകളാണ്. ഞങ്ങൾ ഒഴിവുള്ള സ്ഥലത്ത് ഇരുന്നു. പ്ലാസ്റ്റിക് വാഴയിലയിലാണ് ഊണ് വിളമ്പുന്നത്.
കുത്തരിചോർ കൊണ്ടുവന്നു വിളമ്പിയപ്പോൾ സന്തോഷമായി.
കൂട്ടാനുകളും വാഴയിലയിൽ നിരന്നു.
അവിയലും തോരനും മെഴുക്കുപുരട്ടിയും ഉപ്പേരിയും പപ്പടവും അച്ചാറും ഒഴിച്ചു കറിയും സാമ്പാറും ചുരുക്കിപ്പറഞ്ഞാൽ എല്ലാം തികഞ്ഞ ഒരു ഓണ സദ്യ!
പോരെ പൂരം? കായ വറുത്തതും ശർക്കര വരട്ടിയും കരിങ്ങാലി വെള്ളവും. പിന്നെ ചെറു പഴവും.
ഓണത്തിനു നാട്ടിലെത്തിയ കാലം മറന്നു. നാടൻ ഓണ സദ്യ കഴിച്ച ഓർമ്മയും അടുത്തൊന്നും ഇല്ല.
അപ്പോഴാണ്‌ തീരെ പ്രതീക്ഷിക്കാതെ പ്രതീക്ഷിക്കാത്ത സമയത്ത് വിജനമായ ഒരു സ്ഥലത്ത് വെച്ച് ഇങ്ങനെ ഒരു ഓണം ഉണ്ണൽ.
എല്ലാം കഴിഞ്ഞു എഴുന്നേല്ക്കാൻ നേരം മറ്റൊരു പ്രധാന വിഭവം കൂടി എത്തി. അടപ്രദമൻ!
സന്തോഷം കൊണ്ട് ഞങ്ങൾക്ക് നില്ക്കാൻ വയ്യ !
ഒടുവിൽ ബില്ല് വരുമ്പോൾ തിന്നതൊക്കെ ദഹിക്കും എന്ന് ഞാൻ കണക്കു കൂട്ടി.
കാരണം തികച്ചും വിജനമായ ഒരു സ്ഥലത്ത് ഇത്പോലെയുള്ള ഒരു ഭക്ഷണത്തിന് എത്ര വില യിട്ടാലും ആർക്കും ഒരു പരാതിയും ഉണ്ടാവില്ല. സമയത്തിനും സന്ദർഭത്തിനും അവസ്ഥയ്ക്കും ആണല്ലോ വില !
ഒടുവിൽ എത്രയായി എന്ന് ചോദിച്ചു.
അപ്പോൾ മറു ചോദ്യം.
എത്ര പേരാണ്?
ഞാൻ പറഞ്ഞു. പത്ത്.
അപ്പോൾ അദ്ദേഹം പറഞ്ഞ സംഖ്യ കേട്ട് ഞാൻ ഞെട്ടി ! ആയിരം രൂപ ! വിശ്വസിക്കാൻ പ്രയാസം തോന്നിയത് കൊണ്ട് ഞാൻ വീണ്ടും ചോദിച്ചു. ആയിരമോ?
അതെ ; ഒരാൾക്ക്‌ നൂറു രൂപ !
എനിക്ക് ആ ഹോട്ടലുകാരോട് വല്ലാത്ത മതിപ്പും ആദരവും തോന്നി. മനുഷ്യന്റെ നിസ്സഹായതയും സാഹചര്യങ്ങളും മുതലെടുത്ത്‌ കൊള്ള ലാഭം പറ്റുന്ന, നാലും അഞ്ചും ഇരട്ടി വില കൂട്ടി വാങ്ങുന്ന ബ്ലേഡ്കാരുള്ള നാട്ടിൽ
തികച്ചും വിജനമായ ഒരു സ്ഥലത്ത്, കാട്ടിനുള്ളിൽ , മിതമായ നിരക്കിൽ , നല്ല ഊണ് കൊടുക്കുന്ന ഈ ഹോട്ടലുകാരെ അഭിനന്ദിച്ചേ പറ്റൂ.
ഒരാൾക്ക്‌ ഇരുനൂറു വെച്ചു വാങ്ങിയാലും ആ സ്ഥലത്തും സമയത്തും അവസ്ഥയ്ക്കും ഏറെയല്ല.
നാട്ടിലേക്ക് വരുമ്പോൾ ബോംബെ എയർ പോർട്ടിൽ നിന്ന് ഒരു കാലിചായ
വാങ്ങിച്ചപ്പോൾ നാക്കും കീശയും വല്ലാതെ 'പൊള്ളിയ' കാര്യം ഞാൻ അന്നേരം ഓർത്തു പോയി.
ഞങ്ങൾ യാത്ര തുടർന്നു. റോഡ്‌ പറ്റെ മോശം തന്നെ. പലയിടത്തും വലിയ കൂമ്പാരമായി മെറ്റൽ കൂട്ടിയിട്ടുണ്ട്. റോഡ്‌ നന്നാക്കാൻ പ്ലാൻ ഉണ്ട് എന്ന് മനസ്സിലായി.
ഈ റൂട്ടിലൂടെയുള്ള യാത്രയ്ക്ക് വാഹനം തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. അടി നിലത്തു തട്ടുന്ന വാഹനം പറ്റില്ല. സുമോ പോലെയുള്ള
കുറച്ചു ഹൈറ്റ് ഉള്ള വാഹനം ആണ് നല്ലത്.
ഇനിയും പത്തു കിലോമീറ്റർ കൂടി പോകണം ഗവിയിലേക്ക്.
കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ
അതി വിദഗ്ദമായി ആയാണ് ഞങ്ങളുടെ ഡ്രൈവർ ഷാഹുൽക്ക വണ്ടി ഓടിക്കുന്നത്. ഏറെക്കാലം പ്രവാസി ആയിരുന്നു ഷാഹുൽക്ക. ലൈസൽ മാഷിന്റെ പരിചയക്കാരൻ. ഗവിയിലേക്ക് എന്ന് പറഞ്ഞു വാഹനം വിളിച്ചിട്ട് പലരും വരാൻ മടിച്ചതാണ്. പക്ഷേ ഷാഹുൽക്ക
ഒരു മടിയും കൂടാതെ സമ്മതിച്ചു. കുമരകത്തേക്കും ഞങ്ങളുടെ ഡ്രൈവർ അദ്ദേഹം തന്നെയായിരുന്നു.
ഒരു ചെറുപ്പക്കാരന്റെ ആവേശത്തോടെയാണ് വണ്ടി ഓടിക്കുന്നത്.
ഒടുവിൽ ഞങ്ങൾ ഗവിയിൽ എത്തി. പ്രതീക്ഷിച്ച പോലെയൊന്നും അല്ല ഗവി.
നന്നേ ചെറിയ ഒരു സ്ഥലം. ഒരു പാലം.
അതിന് കീഴെ മനോഹരമായി ഒഴുകുന്ന ഒരു പുഴ. കടകളോ ലോഡ്ജോ ഹോട്ടലോ ഒന്നും കണ്ടില്ല. ഒരു ഭാഗത്ത്‌ ഒരു പാർക്ക് കണ്ടു. അങ്ങോട്ട്‌ പ്രവേശനത്തിന് അനുമതി ചോദിച്ചപ്പോൾ കാവൽക്കാരൻ പറഞ്ഞു. ഇത് ഒരു പാക്കേജ് ആണ്. ട്രക്കിംഗ്, ബോട്ടിംഗ് , ഭക്ഷണം ഒരാൾക്ക്‌ ആയിരത്തി ഇരുനൂർ രൂപ.
പാലത്തിൽ നിന്നുള്ള ദൃശ്യങ്ങളും കാഴ്ചകളും മനോഹരമാണ്. ഏറെ സമയം അവിടെ ചെലവഴിച്ചും ഫോട്ടോസ് എടുത്തും ഗവി ആസ്വദിച്ചു.
ഇനി പരുന്തൻ പാറ ആണ് ഞങ്ങളുടെ
അടുത്ത ലക്ഷ്യം.





ഗവിയെക്കാൾ ഹരം ഗവിയിലേക്കുള്ള യാത്രയാണ്.
നന്നായി ആസ്വദിക്കാൻ മനസ്സുള്ളവർക്കേ ഈ യാത്ര ഇഷ്ടപ്പെടൂ. അല്ലാത്തവർക്ക് ഇതാണോ ഈ കൊട്ടിഗ്ഘോഷിക്കുന്ന ഗവി എന്ന് തോന്നാം. ആസ്വദിക്കാൻ മനസ്സുള്ളവർക്ക് കാടും മലകളും കൊച്ചുകുന്നുകളും നീർചാലുകലും അണക്കെട്ടും പക്ഷികളുടെയും മൃഗങ്ങളുടെയും കലപിലയും കാടിന്റെ സംഗീതവും ഒക്കെ ആസ്വദിച്ചുള്ള ഒരു യാത്ര.
അതി രാവിലെയാണ് യാത്ര എങ്കിൽ മൃഗങ്ങളെ കാണാം എന്ന് അവിടെയുള്ള വാച്ച്മാൻ പറഞ്ഞു. ഞങ്ങൾ ഒരു ഒമ്പതരക്ക് ആണ് യാത്ര ആരംഭിച്ചത്. അതുകൊണ്ട് ആനയെ കാണും എന്ന് കരുതി ആനപിണ്ഡം കണ്ടു തൃപ്തിയടയേണ്ടി വന്നു.
ഈ യാത്രയിൽ ശ്രദ്ധിക്കണം എന്ന് തോന്നിയ ചില കാര്യങ്ങൾ.
* നല്ല വാഹനം ആയിരിക്കണം. അടി നിലത്തു തട്ടുന്ന വാഹനം പറ്റില്ല. കാടും മേടും കുന്നും കുഴിയും താണ്ടാൻ കെൽപ്പുള്ള വാഹനം ആവണം. ടയർ പഞ്ചറാവുക, വാഹനത്തിനു വല്ല തകരാറും
സംഭവിക്കുക ഒക്കെ ചെയ്‌താൽ കുടുങ്ങിയത് തന്നെ. കൊടും കാട്ടിൽ
ഒറ്റപ്പെട്ടു പോകും. സാധാരണ വർക്കിംഗ് ഡെയ്സിൽ പത്തു വാഹനങ്ങളെ മാത്രമേ കടത്തി വിടൂ.അത് കൊണ്ട് അങ്ങനെയുള്ള ദിവസങ്ങളിൽ പരമാവധി നേരത്തെ പാസ് എടുക്കാൻ എത്തണം. പത്തു വാഹനം കടത്തി വിട്ടു കഴിഞ്ഞാൽ പിന്നെ തിരിച്ചു പോരേണ്ടി വരും.
അവധി ദിവസങ്ങളിൽ മുപ്പതു വാഹനം വരെ കടത്തി വിടും.
* ചിറ്റാർ, സീതത്തോട്‌
വടശ്ശേരിക്കര, ആങ്ങമൂഴി വഴിയാണ് അങ്ങോട്ടുള്ള പ്രവേശനം. പാസ് എടുക്കേണ്ടത് ആങ്ങമൂഴിയിൽ നിന്നാണ്. അങ്ങോട്ട്‌ പോയ വഴി ഇങ്ങോട്ട് വരാൻ പറ്റില്ല. വണ്ടിപ്പെരിയാർ വഴിയാണ് തിരിച്ചു പോകേണ്ടത്
* വഴിയിൽ നിന്ന് ഭക്ഷണം ഒന്നും കിട്ടില്ല. എല്ലാം കൂടെ കരുതണം.
*പ്ലാസ്റ്റിക് സാധനങ്ങൾ കാട്ടിൽ വലിച്ചെറിയാൻ പാടില്ല. അഞ്ഞൂറ് രൂപ വരെ പിഴ അടക്കേണ്ടി വരും
* യാത്രക്കിടയിൽ സാമൂഹ്യ ദ്രോഹികളുടെ ശല്യം ഉണ്ടാവാനുള്ള സാധ്യത ഇല്ല. കാരണം ആറോ ഏഴോ ചെക്ക് പോയന്റുകൾ കടന്നേ ആർക്കും അങ്ങോട്ടു പോകാൻ പറ്റൂ.
* കാട്ടിൽ നിന്ന് ഒരു ചെടി പോലും പറിക്കരുത്. നല്ല പരിശോധന ഉണ്ട് പല ചെക്ക് പോയിന്റിലും
*കണ്ണും കാതും മനസ്സും തുറന്നു വെച്ചു
യാത്ര ചെയ്യണം. അല്ലെങ്കിൽ വെറും ഒരു യാത്ര എന്ന തോന്നൽ ഉണ്ടാകും.
ഞങ്ങൾക്ക് നല്ല അനുഭവവും അനുഭൂതിയും പകർന്നു ഈ യാത്ര. നിങ്ങൾക്ക് എങ്ങനെ അനുഭവപ്പെടും എന്ന് അറിയില്ല.

2015, നവംബർ 23, തിങ്കളാഴ്‌ച

കൊച്ചു കൊച്ചു സന്തോഷങ്ങൾ



കഴിഞ്ഞ സെപ്റ്റംബറിൽ രണ്ടു വിശേഷ ദിവസങ്ങളുണ്ടായിരുന്നു .
രണ്ടും എനിക്ക് ഏറെ പ്രിയപ്പെട്ടവരുമായി ബന്ധപ്പെട്ട് .
ഒന്ന് സെപ്റ്റംബർ അഞ്ച് . അന്നായിരുന്നു മോന്റെ അഞ്ചാം ജന്മദിനം .
ഇത് വരെ ഒരു മക്കളുടെയും ഒരൊറ്റ  ജന്മ ദിനവും ആഘോഷിച്ചിട്ടില്ല .
അന്നും മറ്റു ദിവസങ്ങളെ പോലെ കടന്നു പോകും .
മക്കളെ  കിട്ടിയ സന്തോഷം ഉല്ലിലൊതുക്കും . തന്ന നാഥനെ സ്മരിക്കും . നന്ദി രേഖപ്പെടുത്തും .

പല ജന്മ ദിനത്തിന്റെ അന്നും ഞാൻ ഒരിടത്തും കുടുംബം മറൊരിടത്തും ആയിരിക്കും .
എന്നാൽ ഇക്കുറി മോന്റെ  ജന്മ ദിനത്തിന്റെ അന്ന് ഞാൻ നാട്ടിലുണ്ട് .
ദിവസം അടുത്ത് വരും തോറും മകൻ പറയും
എന്റെ ഹാപ്പി ബർത്ത് ഡേ വരുന്നുണ്ടല്ലോ .
പറയുമ്പോൾ തന്നെ ആ മുഖം വല്ലാത്ത സന്തോഷം കൊണ്ട് ഒന്ന് കൂടി സുന്ദരമാകും .

അങ്ങനെ  ഞാനും മറ്റു രണ്ടു മക്കളും കൂടി മോനറിയാതെ ഒരു തീരുമാനം എടുത്തു .
ഇക്കുറി നമുക്ക് മോന്റെ ജന്മ ദിനത്തിന്റെ അന്ന്  ഒന്ന് സന്തോഷിക്കണം .
കുട്ടിയെ ഒന്ന് സന്തോഷിപ്പിക്കണം .
പുറത്തു നിന്ന് ആരും വേണ്ട .
നമ്മൾ മാത്രം . അങ്ങനെ കുട്ടി അറിയാതെ ഞങ്ങൾ കരുക്കൾ നീക്കി .

തലേന്ന് അവനെ നേരത്തെ കിടത്തി ഉറക്കി . ഞങ്ങൾ കുറച്ചു ബലൂണുകളും അരങ്ങുകളും ഒക്കെ കാലേക്കൂട്ടി  വാങ്ങി വെച്ചിരുന്നു .
അവൻ ഉറങ്ങി എന്ന് ഉറപ്പു വരുത്തി ഞങ്ങൾ വീടിന്റെ അകത്തളം അലങ്കരിച്ചു .
ബലൂണ്‍ വീർപ്പിച്ചു അവയിൽ  അവന്റെ പേരിനോടൊപ്പം  ഹാപ്പി ബർത്ത് ഡേ എന്നൊക്കെ എഴുതി വെച്ചു

മോൾ പഠിക്കാനും എഴുതാനും ഉപയോഗിക്കുന്ന വെളുത്ത ബോർഡിൽ കറുത്ത വലിയ അക്ഷരത്തിലും
അവന്റെ പേരും ഹാപ്പി ബർത്ത് ഡേ എന്നുമൊക്കെ കലാപരമായി എഴുതി വെച്ചു .

നേരം പുലർന്നു കണ്ണ് തിരുമ്മി വരുന്ന കുട്ടി കണ്ടത് അവനെ അദ്ഭുതപ്പെടുത്തുന്ന രംഗങ്ങളായിരുന്നു .
നോക്കുന്ന ഇടത്തൊക്കെ അവന്റെ പേര് . ഹാപ്പി ബർത്ത് ഡേ . അവൻ വീട് ആകെ ഓടി നടന്നു .

ഞാൻ അന്നേരം അകത്തു പോയി മുമ്പേ വാങ്ങിവെച്ചിരുന്ന പുത്തൻ കുപ്പായവും പാൻസും അടങ്ങിയ പാക്ക്
അവനെ ഏൽപ്പിച്ചു . അതിന്മേലും അവന്റെ പേരും ഹാപ്പി ബർത്ത് ഡേ യും എഴുതിയിരുന്നു . എല്ലാം കൂടി ആയപ്പോൾ അവന്  വല്ലാത്ത സർപ്രൈസ് ആയി . അന്നേരം അവന്റെ മുഖം ഒന്ന് കാണേണ്ടതായിരുന്നു ..

അവസാനം അവൻ എന്റെ അടുത്തേക്ക്‌ ഓടി വന്ന് കെട്ടിപ്പിടിച്ച്
കവിളിൽ ഒരായിരം ഉമ്മകൾ തന്നു !! മുമ്പൊന്നും കിട്ടാത്ത അത്രയ്ക്ക് മധുരമുള്ള ഒരു പാട് ഉമ്മകൾ .


അതും കഴിഞ്ഞു മൂന്നു ദിവസത്തിനു ശേഷമാണ് ഞങ്ങളുടെ വിവാഹ വാർഷികം വരുന്നത് . സെപ്റ്റംബർ എട്ടിന് . ദീർഘമായ ഇരുപത്തി നാല് കൊല്ലം ഈ ദിവസം സാധാരണ ദിവസം പോലെ കടന്നു പോയി .
പല സെപ്റ്റംബർ എട്ടിനും ഞങ്ങൾ ഒന്നിച്ച്  ഇല്ലായിരുന്നു . നാട്ടിൽ ഉള്ള കാലത്ത് സെപ്റ്റംബർ എട്ടിന് കാര്യമായ ഒരു പ്രത്യേകതയും ഇല്ലാതെ കടന്നു പോവും .
ഇടയ്ക്ക് അന്ന് ചിലപ്പോൾ വെറുതെ പരസ്പരം തമാശ പറയും .
ഈ ദിവസമാണ് നീ എന്റെ കഴുത്തിൽ കുടുങ്ങിയത് എന്ന് ഞാൻ
എന്റെ കഴുത്തിൽ കുരുക്ക് വീണത്‌ ഇന്നാണ് എന്ന് അവൾ .

പക്ഷേ ഇക്കുറി അങ്ങനെ പോരാ എന്ന് ഒരു ഉൾവിളി . ഇരുപത്തി നാല് കൊല്ലമായി ഒരു കുഞ്ഞു സമ്മാനം പോലും വാങ്ങിച്ചു കൊടുക്കാൻ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധം .
കുടുംബ ജീവിതത്തിൽ കൊച്ചു കൊച്ചു സമ്മാനങ്ങൽക്കും വലിയ പ്രസക്തിയുണ്ട് എന്ന് അറിയാമായിരുന്നിട്ടും
ഇത് വരെ അങ്ങനെ ചിന്തിച്ചില്ലല്ലോ എന്ന തോന്നൽ .

ഒടുവിൽ അവളറിയാതെ എന്റെ രണ്ടു മക്കളോടും കാര്യം പറഞ്ഞു .
അവർ പറഞ്ഞു . സർപ്രൈസ് ആവണം . ഉമ്മ അറിയരുത് .
ഞാനും സമ്മതിച്ചു . അങ്ങനെ ഞാനും മക്കളും അവളോട്‌ നുണ പറഞ്ഞ് അവളെ കൂട്ടാതെ മഞ്ചേരിയിലേക്ക് പോയി . വലിയ മോളുടെ അഭിപ്രായം ഒരു ഡയമണ്ട് മോതിരം ആയിരുന്നു .
പക്ഷെ വില കേട്ട് കണ്ണ് തള്ളിപ്പോയി .

കുറെ തെരഞ്ഞു . എനിക്ക് ഒന്നും ഇഷ്ടമായില്ല . അന്നേരം എന്റെ മനസ്സിൽ ഒരു സംശയം  ഉണ്ടായി .
സമ്മാനം ആണെങ്കിലും അത് എന്ത് വാങ്ങിയാലും അവൾക്ക് ഇഷ്ടമാകും . ഇനി ഇഷ്ടമായില്ലെങ്കിലും ഇഷ്ടപ്പെട്ടു എന്ന് പറയും . അത് കൊണ്ട് അവൾക്ക് ഇഷ്ടമായത് അവൾ തെരഞ്ഞെടുക്കുകയാ വും
നല്ലത് . അവളോട്‌ പറഞ്ഞ് അവളെ കൂടി കൂട്ടി വന്നു എടുക്കാം .

എന്റെ ആ അഭിപ്രായത്തോട് മക്കൾ ക്ക് വിയോജിപ്പ് ആയിരുന്നു . സമ്മാനം കൊടുക്കുന്നത് സർപ്രൈസ് ആവണം . എന്ന് അവർ . സർപ്രൈസ് നഷ്ടപ്പെട്ടാലും ഉമ്മാക്ക് ഇഷ്ടപ്പെട്ടത് ആവുകയാണ് നല്ലത് എന്ന് ഞാൻ . ഒടുവിൽ പിറ്റേന്ന് ഞങ്ങൾ രണ്ടാളും കൂടി വന്നു അവൾക്ക് ഇഷ്ടപ്പെട്ട ഒരു വള തെരഞ്ഞെടുത്തു .
വീട്ടിലെത്തി അവൾ  ആ പൊതി അഴിച്ചു ആ വളയിൽ തുരുതുരെ ഉമ്മ വെച്ചു .
'ഇരുപത്തിനാല് കൊല്ലം കഴിഞ്ഞു കിട്ടിയ ആദ്യ സമ്മാനം അല്ലെ 'എന്നും പറഞ്ഞ് .

സത്യത്തിൽ അങ്ങനെ ഒരു സമ്മാനം കാലങ്ങളായി അവൽ ആഗ്രഹിച്ചിരുന്നു എന്ന് അപ്പോഴാണ്‌ എനിക്ക് മനസ്സിലാവുന്നത് .

സെപ്റ്റംബർ എട്ടിന് രാവിലെ ഏകദേശം ഒരു പത്തു മണിയായി ക്കാണും .
അവൾ എന്നെയും മക്കളെയും വിളിച്ചു വരുത്തി . എന്നിട്ട് അലമാരയിൽ നിന്ന് ഒരു പൊതി എടുത്തു എന്നെ ഏല്പ്പിച്ചു . ഇത് എന്റെ വക നിങ്ങള്ക്കുള്ള സമ്മാനം .
ഞാനും മക്കളും അദ്ഭുതപ്പെട്ടു . ഞങ്ങളെ ആരെയും അറിയിക്കാതെ ഇത് എപ്പോൾ പോയി എടുത്തു .

ഞാൻ പൊതി അഴിച്ചു എനിക്ക് ഏറെ ഇഷ്ടപ്പെട്ട കളറിൽ അതി മനോഹരമായ ഷർട്ട് .
ഇഷ്ടപ്പെട്ട കളറിൽ
പാന്റ്സ് . വി ഐപി ഫ്രെഞ്ചി ജട്ടി . അതെ കമ്പനി ബനിയൻ . എല്ലാം എന്റെ കാലങ്ങളായി ഇഷ്ടപ്പെട്ടതും ധരിക്കുന്നതും ആയ  ബ്രാന്റ് !

മക്കൾ ഉമ്മയോടൊപ്പം കൂടി . ഇങ്ങനെ വേണം ഉപ്പാ സമ്മാനം .
സർപ്രൈസ് ആവണം . പ്രൈസ് ആണോ സർപ്രൈസ് ആവണം . മൂത്ത മോളുടെ കമന്റ് !

ഞാൻ അവരുടെ മുമ്പിൽ തോറ്റുപോയി .
ഇത്ര കാലമായിട്ടും അവളുടെ അഭിരുചി എനിക്ക് മനസ്സിലായില്ലല്ലോ
എന്നാൽ എന്റെ ഇഷ്ടം അവൾ കൃത്യമായി മനസ്സിലാക്കിയല്ലോ എന്ന കുറ്റബോധത്തോടെ ആ സമ്മാനം ഞാൻ എന്റെ നെഞ്ചോട്‌ ചേർത്തു വെച്ചു  .
ഒടുവിൽ കവർ പൊട്ടിച്ചപ്പോൾ അതിലുണ്ടായിരുന്ന ബില്ല് നോക്കി . അതിൽ ഡേറ്റ് എഴുതിയത് ആഗസ്റ്റ്‌ മൂന്നു ആണ് . ഞാൻ ഇവിടെ നിന്ന് നാട്ടിലേക്ക് പുറപ്പെടുന്ന അന്നത്തെ ഡേറ്റ് !

ഞാൻ ഒരു വിവാഹ സമ്മാനത്തെ കുറിച്ച് ചിന്തിക്കുന്നതിലും നേരത്തെ അവൾ ചിന്തിച്ചിരിക്കുന്നു . ആരെയും അറിയിക്കാതെ സർപ്രൈസ് ആക്കി വെച്ചിരിക്കുന്നു . അവൾ എന്നെ അവിടെയും  തോല്പ്പിച്ചു കളഞ്ഞു .

നാം വളരെ ചെറിയതെന്നും അതിലൊന്നും വല്യ കാര്യമില്ല എന്നും ഒക്കെ കരുതുന്ന കൊച്ചു കാര്യങ്ങൾ പോലും നാം ഇഷ്ടപ്പെടുന്ന,  നമ്മെ ഇഷ്ടപ്പെടുന്നവർക്ക് എത്ര വലിയ സന്തോഷമാണ് പകരുക എന്നറിയുമോ ?

വലിയ ചെലവൊന്നും ഇല്ലാതെ നമുക്ക് കിട്ടുന്ന, നാം നമ്മുടെ പ്രിയപ്പെട്ടവർക്ക് പകരുന്ന   എത്ര യെത്ര
കൊച്ചു കൊച്ചു  സന്തോഷങ്ങളാണ് നാം വെറുതെ , അശ്രദ്ധരായി  ഇല്ലാതാക്കി കളയുന്നത് ?






2015, മേയ് 11, തിങ്കളാഴ്‌ച

നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ എന്താണ് വിളിക്കാറ് ?



നിങ്ങള്‍ നിങ്ങളുടെ ഭാര്യയെ എന്താണ് വിളിക്കാറ് ?
അവളെ നിങ്ങള്‍ ഒരു ദിവസം എത്ര പ്രാവശ്യം ചുംബിക്കാറുണ്ട് ?
എത്ര വട്ടം അവളുടെ മുടിയിഴകളില്‍ തലോടാറുണ്ട് ?
എത്ര പ്രാവശ്യം അവളെ മാറോട് ചേര്‍ക്കാറുണ്ട് ?
അവളുടെ കൈകളില്‍ എത്ര വട്ടം സ്നേഹപൂര്‍വ്വം പിടിച്ചു ഓമനിക്കാറുണ്ട് ?
മുഖത്ത് നോക്കി പുഞ്ചിരിച്ചു സംസാരിക്കാറുണ്ട് ?

ചോദ്യങ്ങള്‍ കേട്ട് ഞെട്ടേണ്ട !!

ഇത് ഞാന്‍ നിങ്ങളോട് ചോദിക്കുന്ന ചോദ്യം അല്ല
ഇന്ന് ജുമുഅ ഖുതുബ യില്‍ ഖത്തീബ് ജനങ്ങളോട് ചോദിച്ച ചോദ്യങ്ങള്‍ ആണ് !!

ഒരു ദിവസം പലവട്ടം പല ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ അവളെ വിളിക്കുന്നു

അതെവിടെ
ഇതെവിടെ
അത് ഇങ്ങോട്ട് കൊണ്ടുവാ
അത് താ ഇത് താ
നീ എവിടെ പോയി ഇരിക്കുന്നു
ഒന്ന് വേഗം വാ

തുടങ്ങി എത്ര എത്ര കല്പനകളാണ് നീ ഒരു ദിവസം അവളോട്‌ കല്‍പ്പിക്കുന്നത്
എന്തൊക്കെ പറഞ്ഞാണ് നീ അവളോട്‌ കയര്‍ക്കുന്നത്
എന്തിനൊക്കെയാണ് നീ അവളോട്‌ ചൂടാവുന്നത് ?

എന്നിട്ടോ ?
നീ അവള്‍ക്കു എന്തെങ്കിലും അങ്ങോട്ട്‌ കൊടുക്കാറുണ്ടോ ?
അവളെ ഏതെങ്കിലും വീട്ടു കാര്യത്തില്‍ സഹായിക്കാറുണ്ടോ ?
അവളെ എന്തെങ്കിലും കാര്യത്തില്‍ അഭിനന്ദി ക്കാറുണ്ടോ ?

യാ ഫാത്തിമാ
യാ ഹുര്‍മാ
യാ സൈനബാ എന്നൊക്കെയല്ലേ നീ വിളിക്കാറ് ?

ഇതൊക്കെ കേട്ടപ്പോള്‍ ഞാനും ഒന്ന് ആലോചിച്ചു നോക്കി

നമ്മളൊക്കെ നമ്മുടെ ഭാര്യമാരെ എന്താ വിളിക്കാറുള്ളത് ?

പാത്ത്വോ
ശോഭേ
സുമിത്രേ
കുഞ്ഞിമ്മുവോ
അന്നമ്മേ
ചിന്നമ്മേ
എടിയേ ......!!!

പോത്തേ
കഴുതേ
പണ്ടാരെ
കുരിപ്പേ ...

എന്തെല്ലാം വിളികള്‍ ..

ഖത്തീബ് തുടരുന്നു

അവരെ വിളിക്കേണ്ടത് ഏറ്റവും സ്നേഹമൂറുന്ന പേരാണ്
യാ ഹബീബത്തീ
യാ ഖമര്‍
യാ മവദ്ദത്തീ
യാ കബ്ദീ
യാ ഖല്‍ബീ ..

പ്രിയേ
ചന്ദ്രികേ
സ്നേഹമയീ
കരളേ
ഹൃദയമേ ...

ഖത്തീബ് പറയുന്നതിന് അനുസരിച്ച് ഞാന്‍ മനസ്സില്‍ ഇങ്ങനെ നമ്മുടെ സ്റ്റൈലില്‍ പറഞ്ഞു കൊണ്ടിരുന്നു

ഒടുവില്‍ അദ്ദേഹം പറഞ്ഞു

ഭാര്യയെ എല്ലാവരും വിളിക്കുന്ന പേരല്ല ഭര്‍ത്താവ് വിളിക്കേണ്ടത്

നമുക്ക് മാത്രം വിളിക്കാന്‍ പറ്റുന്ന ,
കേള്‍ക്കുമ്പോള്‍ തന്നെ അവളുടെ മനം നിറയുന്ന ഒരു
സ്പെഷ്യല്‍ പേര് കണ്ടെത്തണം
നിങ്ങള്ക്ക് അവളെ മാത്രം വിളിക്കാനുള്ള ഒരു പേര്
മറ്റാരും വിളിക്കാത്ത ഒരു പേര്

അവളോട്‌ നിങ്ങള്‍ ചോദിക്കണം
ഞാന്‍ നിന്നെ എന്ത് പേര് വിളിക്കണം എന്ന്
എന്നിട്ട് അവള്‍ക്കു ഇഷ്ടപ്പെട്ട ഒരു പേര് കണ്ടുപിടിക്കൂ
അല്ലെങ്കില്‍ സ്വയം കണ്ടു പിടിക്കൂ .

ഞാന്‍ അപ്പോള്‍ മുതല്‍ ചിന്തിച്ചു തുടങ്ങിയതാണ്‌
എന്റെ പെണ്ണിനെ എന്ത് പേര് ചൊല്ലി വിളിക്കും ?
നിലവില്‍ ഇപ്പോള്‍ സുബീ എന്നാണു വിളിക്കുന്നത്‌
എല്ലാവരും അത് തന്നെയാണ് വിളിക്കുന്നത്‌
ഇനി സുബൂ എന്നെങ്ങാനും ആക്കിയാലോ ?

നിങ്ങള്‍ക്കും വേണമെങ്കില്‍ ഒരു പുതിയ പേര് കണ്ടു പിടിക്കാം .

നാം വളരെ നിസ്സാരം എന്ന് കരുതുന്ന കൊച്ചു കൊച്ചു കാര്യങ്ങളില്‍ പോലും എത്രയെത്ര കുഞ്ഞു കുഞ്ഞു സന്തോഷങ്ങള്‍ ഇരിപ്പുണ്ട് അല്ലേ ?
ഒന്നോര്‍ത്തു നോക്കൂ ..

അദ്ദേഹം അവസാനം പറഞ്ഞ വാചകം ഇതാണ് .

'ഉണങ്ങിയ' കുടുംബ നാഥനില്‍ നിന്ന്
'ഉണങ്ങിയ' കുടുംബമേ സൃഷ്ടിക്കപ്പെടൂ

'നനവുള്ള' 'കനിവുള്ള' 'സ്നേഹമുള്ള' കുടുംബ നാഥനില്‍ നിന്ന്
ഇതെല്ലാം ഉള്ള കുടുംബമാണ് സൃഷ്ടിക്കപ്പെടുക !!

ഏറ്റവും ഒടുവില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു വെച്ചു

'മന്‍ ഇഹ്തറമ സൌജതഹു ഹുവ കരീം
മന്‍ ഹഖറ ഹുര്‍മതഹു ഹുവ ലഈം '

മൊഴി മാറ്റം :
ആരെങ്കിലും തന്റെ ഭാര്യയെ മാനിക്കുന്നുവോ
അവനാണ് മാന്യന്‍

ആരെങ്കിലും തന്റെ സ്ത്രീയെ നിന്ദിക്കുന്നുവോ
അവനാണ് നിന്ദ്യന്‍

എത്ര മനോഹരവും
ഉദാത്തവും
ചിന്താര്‍ഹവും
മനോഹരവുമായ വാചകങ്ങള്‍

2015, മേയ് 7, വ്യാഴാഴ്‌ച

നാട്ടു വാസിയും പ്രവാസിയും






പ്രവാസി നല്ല ഒരു വീട് വെച്ചാല്‍ നാട്ടു വാസികള്‍ പറയും :

'എന്തിനാപ്പൊ ഇത്തര ബല്യ വീടൊക്കെ ? കായിന്റെ തെളപ്പ് തന്നെ അല്ലാണ്ടെന്താ ? ഓലെയൊക്കെ ഒരു പൌറെ ? കജ്ജില് കായിണ്ട് ന്ന് കരുതി ങ്ങനെ തോന്ന്യാസം കാട്ടാന്‍ പറ്റ്വോ ?


ഇനി നാട്ടു വാസി ഹലാക്കിന്റെ ഒരു വീട് വെച്ചാലോ ?

'എന്താ ഓന്റെ വീടിന്റെ ഒരു പത്രാസ് . കായി ണ്ടെങ്കി അത് മാതിരി പൊര വെക്കണം . ഓനാണ് ഷുജായി .. ആ പൊര ഒന്ന് കാണണ്ടത് തന്നെ '

നാട്ടിലെ വലിയ ഒരു മുതലാളിയുടെ വീട്ടില്‍ പിരിവിനു ചെന്ന് അയാള്‍ കൊടുത്ത ആയിരം രൂപ വാങ്ങി പോരുമ്പോള്‍ പിരിവുകാര്‍ പരസ്പരം പറയും :

'നല്ല മനുസന്‍ . ഞാന്‍ ഒരു അഞ്ഞൂര്‍ ഒക്കെ കിട്ടൂ ന്നാ കരുത്യേ .. '

അത് കഴിഞ്ഞു ഒരു പാവം പ്രവാസിയെ കണ്ടു ആയിരം വാങ്ങി പോരുമ്പോള്‍ പിരിവുകാര്‍ പറയും :

'ബല്യ ഗള്‍ഫ് കാരനാത്തരെ . ആയിരം ഉലുവയാ തന്നത് .
ഞാനൊരു രണ്ടായിരം തരൂന്നാ കരുത്യേ .. കഞ്ചൂസ് !!

പ്രവാസി അവധിക്കു നാട്ടില്‍ ചെന്നാല്‍ ഒരു കാറില്‍ പോകുന്നത് കണ്ടാല്‍ നാട്ടുവാസി കുശുകുശുക്കും

'ഓനൊന്നും ഇപ്പൊ കാറിലല്ലാതെ നടക്കൂല . ബസ്സും ഓട്ടോറിക്ഷയും ഒന്നും ഓന് പറ്റൂല്ല . ബല്യ ആളായി ..

ആ സ്ഥാനത്ത് നാട്ടിലെ ഒരു മുതലാളിക്കുട്ടി കാറില്‍ പോകുമ്പോ
പറയും :

'ഓനൊക്കെ കായിള്ള മോനാ ഇത് വരെ അള്‍ടോ ഏനൂ .
ഇപ്പൊ സ്വിഫ്റ്റ് ആക്കിയതാ . കായിള്ളോര്‍ കാറില് 
തന്നെല്ലേ നടക്ക്വ ?

ഏതെങ്കിലും ഒരു പ്രവാസിയുടെ ഭാര്യ എന്തെങ്കിലും ആവശ്യത്തിനു പുറത്ത് പോകുന്നത് കണ്ടാല്‍ നാട്ടു വാസി പറയും :

'ഓള്‍ക്ക് വെലസുക തന്നെയാ പണി . എന്നും കാണാം ഇങ്ങനെ മാറ്റി പോണൂ . എവുടുക്കാ ന്ന് ച്ചു ഒരു കുറ്റില്ലാ ..
കായി ണ്ടല്ലോ ഇട്ടം പോലെ .. ഒനാനെങ്കി ഇബടെ ഒട്ടു ഇല്ലേനും . കറങ്ങന്ന്യേ ഓക്ക് പണി .

നാട്ടുവാസിയുടെ ഭാര്യ ആണ് ഇങ്ങനെ പോകുന്നത് എങ്കില്‍ :
'ആ താത്ത / ചേച്ചി വല്ല ആശുപത്രീക്കും എക്കാരം പോണത് . ആരെങ്കിലും അല്ഷിഫീലോ മൌലാനീലോ ണ്ടാകും ...!!

പ്രവാസിയുടെ മക്കള്‍ നല്ല ഒരു സ്കൂളിലാണ് പഠിക്കുന്നത് എന്ന് കേള്‍ക്കുമ്പോ :

'ഓലൊക്കെ മ്മളെ സാദാ സ്കൂളില്‍ പടിപ്പിക്ക്വോ . വി ഐ പി സ്കൂളില്ലല്ലേ പഠിപ്പിക്കൂ . ബല്യ ബലിപ്പത്തരം അതൊക്കെ അല്ലെ ?

ഇനി നാട്ടുവാസിയുടെ കുട്ടിയെ കുറി ച്ചാണെകിലോ ?

'ഓന്റെ മോനൊക്കെ തുക്കടാ സ്കൂളിലൊന്നും അല്ല പഠിക്കുന്നെ
വമ്പന്‍ സ്കൂളിലാ ... അബടെ മാസം മാസം ഫീസെന്നെ ണ്ടാകും നല്ല ഒരു സംഖ്യ !

പ്രവാസിയുടെ മകളെ നല്ല സാമ്പത്തിക ശേഷിയുള്ള ഒരാളെ കൊണ്ട് കെട്ടിച്ചാല്‍ :

'ഓന്റെ മകളെ ഒരു പണച്ചാക്കിനെ കൊണ്ടാ കെട്ടിച്ചത്..'

നാട്ടു വാസിയാണ് മോളെ ഇങ്ങനെ കെട്ടിച്ചത് എങ്കിലോ ?

'നല്ല കായിള്ള ടീമാ ഓനെന്നു തോന്നുണൂ . എന്താ ഓന്റെ കാറും
വേസോം പത്രാസും . നൂറും നൂറും കൊടുത്താലെന്താ ? അതിനു മാത്തരം ഓനും ണ്ടല്ലോ ..

മഹല്ലിലെ പള്ളി പുനര്‍ നിര്‍മ്മാണം സംബന്ധിച്ച പിരിവു നല്‍കിയവരുടെ പേര് വായിക്കുകയാണ് സെക്രട്ടറി

തെക്കും കാട് മമ്മദ് - പതിനായിരം ഉറുപ്പിക
കോഴിപ്പാടത്ത് ചേക്കു - പതിനയ്യായിരം ഉറുപ്പിക
കുറുക്കന്‍ അയമോട്ടി - ഇരുപതിനായിരത്തി ഒന്ന് ഉറുപ്പിക

നമ്മുടെ മഹല്ല് പ്രസിഡന്റും കാരണവരും ആയ ബഹുമാനപ്പെട്ട ആലിക്കുട്ടി ഹാജി അമ്പതി നാആആആആആആആആ .....യിരം ഉറുപ്പിക .. ചെല്ലിന്‍ മക്കളെ സ്വലാത്ത് !!!

ആരവം ഒടുങ്ങിയ ശേഷം .

പിന്നെ ജിദ്ദയില്‍ നിന്ന് ഉമ്മര്‍ ഒരു അമ്പതിനായിരം
മസ്ക്കത്തില്‍ നിന്ന് നജീബ് അമ്പത്
ഖത്തറില്‍ നിന്ന് മുഹമ്മദ്‌ അലി ഒരു അമ്പത്
കുവൈത്തില്‍ നിന്ന് ഷാനവാസ് അമ്പത് ..

smile emoticon

2015, മേയ് 6, ബുധനാഴ്‌ച

ഈ പുഴയും കടന്ന്






ശൈശവവും 
ബാല്യവും
കൌമാരവും
യുവത്വവും
എത്ര പെട്ടെന്നാണ് ഈ പുഴയും  കടന്നു 
യാത്ര പോയത് ?

ഇരുള്‍ മുറ്റിയ 
ദരിദ്ര പരിസരത്തു നിന്ന് 
വിശന്നൊട്ടിയ 
വയറുമായി
പ്രകാശപ്പൊട്ടുകള്‍ തേടി
പാഥേയമില്ലാത്ത വെറും
ഒരു മുസാഫിറായി
ജീവിതത്തിലേക്ക്
ഒറ്റയ്ക്ക്
നടന്നു പോയത് 
ഈ പുഴയും   കടന്നാണ് 
കൈ പിടിക്കാന്‍ പോലും ഒരാളില്ലാതെ .
പക്ഷേ
അന്നേ അറിയാമായിരുന്നു
ഇത് ഒന്നാമത്തെ പുഴയാണെന്നും
അനേകം പുഴ  കടന്നു വേണം
മറു കര പറ്റാനെന്നും ..!!!

ഒരുപാട് പുഴകളും 
തോടുകളും 
കാടുകളും മേടുകളും 
പാലങ്ങളും  കടന്നു
ഒരായിരം നാടുകളിലൂടെ
അനേകം കാതങ്ങള്‍ 
ഓടിത്തളര്‍ന്നാലും
നീന്തിക്കടന്നാലും 
ഒടുവില്‍ ,
ജീവിതത്തിന്റെ സായം സന്ധ്യയില്‍
അന്ന് പോന്ന പോലെ
ഇക്കരെ നിന്ന് അക്കരെക്കു
ഒരു വരവുണ്ട്
എന്നിട്ട്
കളകളാരവം മുഴക്കി
നിശ്ശബ്ദം ഒഴുകുന്ന, 
കുഞ്ഞുന്നാളില്‍
എന്റെ തോരാത്ത കണ്ണീര്‍ 
ആരും കാണാതെ
തുടച്ചു തന്നിരുന്ന
എന്റെ പ്രിയപ്പെട്ട
നിലംപതിപ്പുഴയുടെ മാറില്‍
എല്ലാം മറന്നു ഒരു കിടത്തമുണ്ട്

ഒടുവില്‍,
പരമാവധി ശ്വാസം എടുത്തു
അടിപ്പരപ്പില്‍
ഒരു മുങ്ങിക്കിടത്തമുണ്ട്
ഓര്‍മ്മകളെ പോലെ
വഴുവഴുപ്പുള്ള
വെള്ളാരം കല്ലുകള്‍
എടുത്തു തുരുതുരെ ഒരു ഉമ്മവെക്കലുണ്ട് !!

ഒന്നും എഴുതാത്ത ,
വക്കു പൊട്ടിയ
കൊച്ചു സ്ലേറ്റുമായി
വെറുതെ
അക്കരെക്കും ഇക്കരെക്കും 
ഒരു നീന്തിത്തുടിക്കലുണ്ട് !!

അന്ന് ഞാന്‍
എന്തൊക്കെയോ പിടിച്ചടക്കാന്‍ പോയ
മുസാഫിറായിരിക്കില്ല
എല്ലാം ഉണ്ടായിട്ടും
ഒന്നും ഇല്ലാത്ത
വെറും ഒരു ഫഖീര്‍ !!!

ഉസ്മാന്‍ ഇരിങ്ങാട്ടിരി 

▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
* മുസാഫി ര്‍ - സഞ്ചാരി
* ഫഖീര്‍ - ദരിദ്രന്‍
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

2015, മേയ് 5, ചൊവ്വാഴ്ച

വിളി കേള്ക്കും ദൂരത്ത്





ഓഫീസില്‍ നിന്ന് വന്നാല്‍ പിന്നെ കമ്പ്യൂട്ടറിന് മുമ്പിലാവും ഏറെ സമയവും .
അഞ്ചു മണിയോടെ റൂം മേറ്റ് ഹസീബും എത്തും . ഹസീബ് വന്നപാടെ നാട്ടിലേക്ക് വിളി തുടങ്ങും .
വീട്ടുകാ രെയൊക്കെ കണ്ടു വീഡിയോ കോള്‍ ആയാണ് സംസാരം .

സ്വസ്ഥമായി ഫോണ്‍ ചെയ്യാനുള്ള സൗകര്യം ഒക്കെ ഉണ്ട് ഞങ്ങളുടെ വില്ലയില്‍ .
റൂമിന് മുകളിലുള്ള വിശാലമായ ഓഡിറ്റോറിയത്തിലേക്ക് പോകാം .
തോലാബും മറ്റു സാമഗ്രികളും  ഒക്കെ ഇടാനുള്ള ഞങ്ങളുടെ റൂമിന് തൊട്ടടുത്ത്‌ തന്നെയുള്ള ചെറിയ റൂമിലേക്ക്‌ പോകാം എന്നിരുന്നാലും ഹസീബ് റൂമില്‍ തന്റെ കട്ടിലില്‍ സുഖസുന്ദരമായി കിടന്നാണ്
നാട്ടിലേക്ക് വിളിക്കുക

ഒരിക്കല്‍ ഞാന്‍ അവനോടു ഇക്കാര്യം സൂചിപ്പിച്ചു .
അപ്പോള്‍ അവന്‍ പറഞ്ഞു . വീട്ടിലേക്കല്ലേ വിളിക്കുന്നത്‌ ? സീക്രട്ടും രഹസ്യവും ഒന്നും ഇല്ല .
അതും പറഞ്ഞു മനസ്സ് തുറന്ന ഒരു ചിരി ചിരിച്ചു അവന്‍

അതിനു ശേഷം ജോലി കഴിഞ്ഞു വന്നാല്‍ പതിവ് പോലെ   അവന്‍ നാട്ടിലേക്കുള്ള വിളിയിലും ഞാന്‍ എന്തെങ്കിലും എഴുതിയും വായിച്ചും ഇരിക്കാറാണ് പതിവ് .

ഇന്നലെ ഞാന്‍ എന്റെ ലോകത്തങ്ങനെ മുഴുകി ഇരിക്കുമ്പോള്‍ തൊട്ടടുത്ത്‌ കിടന്നു അവന്‍ നാട്ടിലേക്ക് വിളിക്കുകയാണ്‌ . ഇടയ്ക്കിടെ പൊട്ടിച്ചിരിക്കുന്നുണ്ട് . ഇയര്‍ ഫോണ്‍ വെച്ചാണ് സംസാരം . അത് കൊണ്ട് മറുതലക്കല്‍ നിന്ന് ആരാണ് സംസാരിക്കുന്നതു എന്ന് മനസിലായില്ല .

വല്ലാത്ത സന്തോഷത്തോടെ , കളി പറഞ്ഞും , തമാശ പറഞ്ഞും
സ്വയം ചിരിച്ചും മറു തലക്കല്‍ ഉള്ള ആളെ ചിരിപ്പിച്ചും 
ഇവനിങ്ങനെ  സംസാരിക്കുന്നത് ആരോടാവും ?

തുടരെത്തുടരെയുള്ള ചിരി പലപ്പോഴും എന്റെ ശ്രദ്ധ തെറ്റിച്ചു

ഭാര്യ ആവുമോ മറുതലക്കല്‍ .
പക്ഷേ സംസാരം കേട്ടിട്ട് അതിനു സാധ്യത കാണുന്നില്ല  .
ഇനി മക്കളാ വുമോ ? അതിനു അവനു നന്നേ ചെറിയ ഒരു കുട്ടിയെ ഉള്ളൂ . മാത്രവുമല്ല
ഒരു മുതിര്‍ന്ന ആളോട് സംസാരിക്കും പോലെയാണ് വര്‍ത്തമാനം .

പിന്നെ ആരോടാവും ?
പെങ്ങളോടോ അനിയനോടോ ജ്യേഷ്ഠനോടോ  ?

ആരോ ആവട്ടെ . എന്നാലും ആ സംസാരം കേട്ടിരിക്കുന്ന എനനിലും  വല്ലാത്ത ഒരു സന്തോഷം പകര്‍ന്നു.
ഒടുവില്‍  ഞാന്‍ എന്റെ ലോകത്തേക്ക് ഉള്‍വലിഞ്ഞു.

ദീര്‍ഘമായ സംസാരത്തിനും ഏറെ നേരത്തെ ഇടക്കിടെയുള്ള പൊട്ടിച്ചിരിക്കും ശേഷം അവന്‍ ഫോണ്‍ സംസാരം അവസാനിപ്പിച്ചു .

അന്നേരം ഞാന്‍ ചോദിച്ചു .
ഹസീ , ആരോടാ ഇത്ര നേരം സംസാരിച്ചേ ?
ഭയങ്കര ചിരി ഒക്കെയായിരുന്നല്ലോ ...

ഭാര്യ ആയിരുന്നോ ? അതോ പെങ്ങളോ , ജ്യേഷ്ടനോ , അനിയനോ , അനിയത്തിയോ ? ആരായിരുന്നു ?

അപ്പോള്‍ എന്നെ കുഴപ്പിക്കുന്ന പോലെ അവന്‍ പറഞ്ഞു .
ഈ പറഞ്ഞ ആരും അല്ല .

പിന്നെ ?
ഒന്ന് ഗസ്സ് ചെയ്യാമോ ?
ഞാന്‍ പിന്നെയും ആലോചിച്ചു .

ഇത്ര സ്വതന്ത്രമായും സന്തോഷത്തോടെയും പൊട്ടിച്ചിരിച്ചും ആരോടാവും അവന്‍ ഇത്രനേരം സംസരിച്ചിട്ടുണ്ടാവുക?

എനിക്ക് ഒരു പിടിയും കിട്ടിയില്ല
ഞാന്‍ പറഞ്ഞു .
സുല്ല് . തോറ്റു .

അപ്പോള്‍  നിറയെ സന്തോഷവും അതിലേറെ സംതൃപ്തിയും  നിറഞ്ഞ  മുഖഭാവത്തോടെ
അവന്‍ പറഞ്ഞു :

എന്റെ ഉമ്മയോട് !!!

അന്നേരം ഞാന്‍ എന്റെ കസേരയില്‍ നിന്ന് എഴുന്നേറ്റു ചെന്ന്
അവനു ചൂടുള്ള ഒരു ഷേക്ക്‌ ഹാന്റ് കൊടുത്തു .
എന്നിട്ട് പറഞ്ഞു:
വെല്‍ഡണ്‍ മൈ ബോയ്‌ !!



പ്രവാസികള്‍ക്ക് എല്ലാ കാര്യത്തിലും ഒരു ടൈം ടേബിള്‍ ഉണ്ട് . നാട്ടിലേക്കു വിളിക്കാനടക്കം .
പഴയ പോലെയല്ല ഇന്ന് നന്നേ ചുരുങ്ങിയ ചെലവു കൊണ്ട് മണിക്കൂറുകളോളം നാട്ടിലേക്കു സംസാരിക്കാം .

'ഇമോ' പോലെയുള്ള ആധുനിക സംവിധാനം വഴി നേരില്‍ കണ്ടും കേട്ടും തികച്ചും സൌജന്യമായും സംസാരിക്കാം . മിക്ക  പ്രവാസികളും ദിവസവും ഒന്നോ രണ്ടോ മണിക്കൂറൊക്കെ ഭാര്യയോടും മക്കളോടും സംസാരിക്കാന്‍ ശ്രമിക്കാറുണ്ട് . സമയം പോലെ .

പക്ഷേ മാതാപിതാക്കളോട് എപ്പോഴെങ്കിലും കുറച്ചെന്തെങ്കിലും സംസരിച്ചെങ്കില്‍ ആയി . പലപ്പോഴും അതൊരു ചടങ്ങ് കഴിക്കും പോലെ ആയി മാറും . ഏറെ നേരം മരുമകളുമായി സംസാരിച്ചിട്ടു എനിക്കും ഇപ്പോള്‍ തരും എന്ന് പ്രതീക്ഷിച്ചു നിസ്ക്കാരപ്പായയില്‍ ഇരിക്കുന്നുണ്ടാവും അവന്റെ ഉമ്മ . വീടിന്റെ ഒരു മൂലയില്‍ ഇരിപ്പുണ്ടാവും ഉപ്പ

മിക്കപ്പോഴും അവരെ  ചോദിക്കില്ല . ചിലപ്പോള്‍ ചോദിച്ചാല്‍ ഉമ്മ നിസ്ക്കരിച്ച്‌ ഓതി ഇരിക്കുകയാണ്
ഉപ്പ അവിടെ എന്തോ പണിയിലാണ് എന്ന് അവള്‍ പറയും . എന്നാല്‍ നാളെ സംസാരിക്കാം എന്നും പറഞ്ഞു കട്ട് ചെയ്യും

ഉമ്മാ / ഉപ്പാ , അമ്മേ അച്ഛാ എന്ന്  നീട്ടി വിളിക്കാന്‍ , അവരോടു കുറച്ചു സമയം സംസാരിക്കാന്‍ , അകലെയാണ് എങ്കിലും ഞാന്‍ നിങ്ങളുടെ കൂടെ തന്നെയുണ്ട്‌ എന്ന് തോന്നിപ്പിക്കാന്‍
നാം ശ്രമിക്കാറുണ്ടോ ?

ഭാര്യക്കും മക്കള്‍ക്കും വിളിക്കുമ്പോള്‍ അവരെയും  നമ്മള്‍ പരിഗണിക്കാ റുണ്ടോ ?

ഒരു പുനരാലോചന ആവശ്യമല്ലേ ഇക്കാര്യത്തില്‍ ?

നമ്മുടെ കിളിക്കൊഞ്ചല്‍ കേള്‍ക്കാന്‍ എന്തൊരു സന്തോഷമായിരുന്നു അവര്‍ക്ക് . ഉമ്മാ എന്നും അമ്മേ എന്നും വിളി കേള്‍ക്കുമ്പോള്‍ ആ മാതൃഹൃദയം ചുരത്തുന്ന സ്നേഹാമൃതം നമുക്ക് മറക്കാനൊക്കുമോ ..
ഉപ്പാ എന്നും അച്ഛാ എന്നും നീട്ടി വിളിക്കുമ്പോള്‍
നമ്മളെത്ര വലുതായാലും  ആ വിളിയില്‍ സ്വയം മറക്കാത്ത വല്ല  ഉപ്പമാരും അച്ഛന്‍മാരും ഉണ്ടോ ഈ ദുനിയാവില്‍ ?

അവരെ സാന്ത്വനിപ്പിക്കാനും കട്ടിലില്‍ കൂടെ ഇരുന്ന് ആ തളര്‍ന്ന കൈകള്‍ ഒന്ന് ഓമനിക്കാനും
നെറുകയില്‍  ഒരു ചുംബനം കൊടുക്കാനും നടക്കുമ്പോള്‍ വേച്ചു പോകാനൊരുങ്ങുമ്പോള്‍ ഒരു കൈത്താങ്ങ്‌ ആയി  ചേര്‍ത്ത് പിടിക്കാനും  ഒന്നും നമുക്ക് വിധി ഇല്ല .

എന്നാലും ആധുനിക സംവിധാനം ഉപയോഗിച്ച് അവരെ നമുക്ക് കാണാം . നമ്മെ അവര്‍ക്കും കാണാം . എത്ര വേണമെങ്കിലും സംസാരിക്കാം . എന്നിട്ടും അതിനൊന്നും സമയം കണ്ടെത്താതെ അവരെ അവഗണിക്കുന്നുവോ നമ്മള്‍ ? അതിലും വലിയ നന്ദി കേട് ഈ ലോകത്ത് മറ്റെന്തെങ്കിലും ഉണ്ടോ ?

അവരെ കണ്ട അത്ര കാലം ഇനിയും നമുക്ക് കാണാനാവില്ല . എന്നിട്ടും ..!!

നമ്മുടെ മക്കള്‍ ഇത് പോലെ നമ്മോടു പെരുമാറുമ്പോഴേ ഇതിന്റെ വേദന നമുക്ക് മനസിലാവൂ ..
അപ്പോഴേക്കും ആ വേദനയൊക്കെ ഉള്ളി ലൊതുക്കി അവര്‍ യാത്രയായിട്ടുണ്ടാവും . 
ഒരു നിമിഷം എങ്കിലും ഒന്ന് മാറി ചിന്തിക്കേണ്ടേ ? 


ഏതായാലും മാതാപിതാക്കളെ  വേദനിപ്പിക്കുന്ന , പീഡിപ്പിക്കുന്ന ,  അവരെ തിരിഞ്ഞു നോക്കാത്ത വൃദ്ധ സദനങ്ങളില്‍ കൊണ്ട് പോയി തള്ളുന്ന ഒരു പാട് വാര്‍ത്തകള്‍ കേള്‍ക്കുന്ന ഇക്കാലത്തും ഹസീബിനെ  പോലെയുള്ള മക്കളും ഉണ്ടല്ലോ എന്നത് കുറച്ചൊന്നും ആശ്വാസം അല്ല നമുക്കേകുന്നത് .

ഈ കാലത്തും ഇങ്ങനെ ഒരു മകനെ കിട്ടിയ ആ ഉമ്മ എത്ര ഭാഗ്യവതിയാണ്
ഇങ്ങനെ ഒരു ഉമ്മയെ കിട്ടിയ ഈ മകന്‍ എത്ര ഭാഗ്യവാനാണ്!!


2015, ഫെബ്രുവരി 14, ശനിയാഴ്‌ച

കെട്ട്



അമ്പമ്പോ എത്ര തരം കെട്ടുകളാണ് !!

എഴുത്തുകാരന് തലക്കെട്ട്‌
മുസ്ല്യാര്‍ക്ക് തലയില്‍ക്കെട്ട്
കുടിയന് തലയിലെ 'കെട്ട്"
ദല്ലാളിന് പെങ്കെട്ട്
ചെക്കനു മിന്നു കെട്ട്
പെണ്ണിനു താലി കെട്ട്
അവള്‍ക്കോ അവളുടെ മുടിക്കെട്ട്‌
മാജിക്കുകാരന് കണ്‍ കെട്ട്
തൃശൂര്‍ ക്കാര്‍ക്ക് വെടിക്കെട്ട്‌
ഒന്ന് കെട്ടിയവന് രണ്ടാം കെട്ട്
ഞരമ്പ് രോഗിക്ക് അരക്കെട്ട്
രാഷ്ട്രീയക്കാരന് നോട്ടുകെട്ട്
കേരളത്തിനു അണക്കെട്ട്


ഒടുവില്‍ ,
എല്ലാം കെട്ടു കെട്ടിക്കുന്ന മറ്റൊരു കെട്ടുണ്ട്
ആ കെട്ടോടെ എല്ലാവരുടെയും എല്ലാ കെട്ടും പൊട്ടും !
മൂന്ന് കെട്ട് !!!

വാക്കും വാക്കത്തിയും



വാക്കും വാക്കത്തിയും ഒരു പോലെയാണ്

രണ്ടിനും വേണം മൂര്‍ച്ച
രണ്ടിനും ഉണ്ട് കുറെ ഗുണങ്ങളും ദോഷങ്ങളും


രണ്ടും ഉപയോഗിക്കുന്ന ആളുടെ മനസ്സിനനുസരിച്ചു
മാരകവും ഗുണകരവും ആവും

വാക്കുകള്‍ കൊണ്ടും മുറിപ്പെടുത്താം
വാക്കത്തി കൊണ്ടും മുറിവുണ്ടാക്കാം
വാക്കുകള്‍ കൊണ്ടു കുത്തി മലര്‍ത്താം മറ്റൊരാളെ
വാക്കത്തി കൊണ്ടും ഇത് തന്നെ ചെയ്യാം

വാക്കത്തി കൊണ്ട് കൊത്തി നുറുക്കുന്നു
വെട്ടി വീഴ്ത്തുന്നു , അറുത്തു മാറ്റുന്നു

ഇതൊക്കെ മറ്റൊരു തരത്തിലും തലത്തിലും വാക്കുകള്‍
കൊണ്ടും സാധിക്കും

രസകരമായ , സ്വാദിഷ്ടമായ
ഭക്ഷണങ്ങള്‍ ഉണ്ടാക്കാന്‍ വാക്കത്തി വേണം

വാഴക്കുല വെട്ടാനും
വിറകുണ്ടാക്കാനും
തേങ്ങ പൊട്ടിക്കാനും
ഇറച്ചി മുറിക്കാനും
ഉപ്പേരി അരിയാനും
കത്തി വേണം
സ്വാദിനും
രുചിക്കും
വിശപ്പ്‌ മാറ്റാനും
മനുഷ്യന്റെ സന്തത സഹചാരിയായി കൂടെ വേണം

പക്ഷേ ,
കത്തി ചിലപ്പോള്‍ ക്രുദ്ധയാവും
രുദ്രയാവും
ക്ഷോഭിക്കും
പക വെച്ച് നടന്നു കുടലെടുക്കും
കുത്തി മലര്‍ത്തും
വെട്ടി തുണ്ടം തുണ്ടമാക്കും

വാക്കുകളും ഇങ്ങനെയാണ്
സ്നേഹത്തിനു
സാന്ത്വനത്തിന്
കാരുണ്യത്തിന്‌
അടുപ്പത്തിന്
ഊഷ്മളതയ്ക്ക്
ബന്ധങ്ങളുടെ തിളക്കത്തിന്
മാറ്റിന്
അനുഭൂതിയ്ക്ക്
അറിവിന്‌
ഒക്കെ ഉപയോഗിക്കാം

മറിച്ച്
ശത്രുതയ്ക്കും
ബന്ധങ്ങള്‍ തകര്‍ക്കാനും
ഭിന്നിപ്പിക്കാനും
അടിപ്പിക്കാനും
ആഴത്തില്‍ മുറിവ് ഉണ്ടാക്കാനും
സംഘര്‍ഷങ്ങള്‍ ക്ക് വഴിവെക്കാനും
വാക്കുകള്‍ മതി

പക്ഷേ , വാക്കും വാക്കത്തിയും തമ്മില്‍ വലിയ ഒരു അന്തരമുണ്ട്

കത്തി കൊണ്ടേറ്റ മുറിവ് ഒരു പക്ഷേ കാലക്രമേണ ഉണങ്ങാം
വാക്കേറ്റുണ്ടായ മുറിവ് ഒരു പക്ഷേ ജീവിത കാലം മുഴുവനും ഉണങ്ങാതെ കിടക്കാം

അത് കൊണ്ട് വാക്കും വാക്കത്തിയും സൂക്ഷിക്കണം

O O

''വാക്കുകള്‍ കൊണ്ടേല്‍ക്കും മുറിവിന്നീര്‍ച്ച
വാളിന്റെ വക്കിനെക്കാളുണ്ട് മൂര്‍ച്ച
ആരെയും നോവിക്കുകില്ലെന്ന് നേര്‍ച്ച
നേര്‍ന്നവനാണെന്നും മന:സുഖം തീര്‍ച്ച ''

'നല്ല വാക്കും
നല്ല നോക്കും ആണ്
നല്ല തോക്കിനേക്കാള്‍
നല്ലത് '

ചില 'തല' വരികള്‍



തലക്ക് വേണം കനം പക്ഷേ
തലക്കനം വേണ്ട
തലയില്‍ നിറയെ ചേറാ ണേ ല്‍
തലച്ചോറെന്തിനു പറ്റും പിന്നെ ?
തല ഉണ്ടായാല്‍ പോരാ
തലയിലുണ്ടാവണം
തല വരി കൊള്ളില്ലെങ്കിലും
തല വര നന്നായാല്‍ മതി
തലവന്
വന്‍ തല തന്നെ വേണം
തലയ്ക്കു വേണം കാതല്‍
അല്ലെങ്കില്‍ തല വെറും പൂതല്‍ !!
തലയിലെ കെട്ട് പോയാലും
തല കെട്ട് പോകാതെ നോക്കണം !!
OO

പനി



ഇന്നലെ ഓഫീസില്‍ നിന്ന് ഇറങ്ങുമ്പോള്‍ മേനിയാകെ ഒരു കുളിര് കേറുന്ന പോലെ . ഞാന്‍ എന്റെ സഹപ്രവര്‍ത്തകന്‍ സുഹൈലിനോട് പറഞ്ഞു . ഒന്ന് തൊട്ടു നോക്കിക്കേ . എനിക്ക് പനി വരുന്നുണ്ട് എന്ന് തോന്നുന്നു .

അവന്‍ നെറ്റിയില്‍ തൊട്ടു നോക്കിയിട്ട് പണ്ട് സ്കൂളിലേക്കും മദ്രസയിലേക്കും പോകാനുള്ള മടി കാരണം ഉമ്മാനോട് ഉമ്മ എനിക്ക് പനിയാ എന്ന് പറയുമ്പോള്‍ ഉമ്മ തൊട്ടു നോക്കിയിട്ട് പറയും പോലെ പറഞ്ഞു : കിണ്ടിമ്മെ തോട്ടപോലെണ്ട് !!

പക്ഷേ റൂമിലെത്തി ഭക്ഷണം കഴിച്ചു അസര്‍ നിസ്ക്കരിക്കാന്‍ വുളു എടുക്കുമ്പോള്‍ ആണ് പനി നല്ല പണിയുമായി ആണ് പിടികൂടിയത് എന്ന് ബോധ്യപ്പെട്ടത് .

കൈകാലുകള്‍ വിറക്കുന്നു . പല്ലുകള്‍ കൂട്ടിയിടിക്കുന്നു .

മുട്ടുകള്‍ തമ്മില്‍ ഉമ്മ വെക്കുന്നു .


മറ്റൊന്നും നോക്കിയില്ല . ഒരു ബനിയനും അതിന്റെ മീതെ ഒരു ടീഷര്‍ട്ടും അതിന്റെ പുറത്തു ഒരു കട്ടിയുള്ള കുപ്പായവും ഇട്ടു തൊട്ടടുത്തുള്ള പോളി ക്ലീനിക്കിലേക്ക് വെച്ച് പിടിച്ചു .

ഡോക്ടറെ കാത്തിരിക്കുമ്പോഴും പല്ലുകള്‍ കൂട്ടിയിടിക്കുന്നുണ്ട് .

ഒടുവില്‍ ഡോക്ടറെ കണ്ടു . ആ നേഴ്സ് നാക്കിനടിയില്‍ സുന വെച്ച് നോക്കി . അല്പം കഴിഞ്ഞിട്ടു അതെടുത്തു ഡോക്ടറോട് പറഞ്ഞു . നൂറ്റി ഒന്ന് ഡിഗ്രി :)

ഇത്ര പെട്ടെന്ന് ഇത്ര വലിയ ഒരു ഡിഗ്രി എങ്ങനെ സ്വന്തമാക്കി എന്ന് അതിശയപ്പെട്ടു ഞാന്‍ . രക്തം മൂത്രം പരിശോധിക്കണം

സാമ്പിള്‍ കൊടുത്ത് തിരിച്ചു വരൂ . ഡ്രിപ് എടുക്കണം .

അങ്ങനെ ഡ്രിപ് എടുത്തു . വല്ല നേഴ്സും ആവും കുത്തി വെക്കാന്‍ വരിക എന്നാണു ഞാന്‍ കരുതിയത്‌ . വന്നപ്പോള്‍ ഒരു നഴ്സന്‍ ആണ് . കുട്ടികളെ പഠിപ്പിക്കാനും കുത്തി വെക്കാനും ഒക്കെ ഫീമെയിലിന് ഒക്കൂലാ . എന്ന് ഞാന്‍ മനസ്സില്‍ പറഞ്ഞു

ഒരു ദയാ ദാക്ഷിണ്യവും ഇല്ലാതെ യാണ് അയാള്‍ കുത്തിക്കേറ്റിയത് .

അപ്പോള്‍ പറഞ്ഞു വരുന്നത് ഇന്നലെ അവിചാരിതമായി എനിക്ക് ഒരു 'ഡ്രിപ്' വേണ്ടി വന്നു . 'വലിയ ഒരു ഡിഗ്രിയും' കിട്ടി എന്നാണ് .

കേവലം ഒരു പനി വന്നാല്‍ പോലും നമ്മുടെ താളം തെറ്റും .

ഓരോ രോഗങ്ങളും നമ്മുടെ അഹങ്കാരം എത്രെയേറെ ആണ് കുറയ്ക്കുക . നമ്മുടെ നിസ്സഹായാവസ്ഥ നമ്മെ മനസ്സിലാക്കി തരുന്നതാണ് ഓരോ രോഗവും .


മനുഷ്യാ, നീ ശക്തനാണ്

അതിലേറെ നിസ്സഹായനും

നൂറ



ഈ അവധിക്കെങ്കിലും വിവാഹം നടക്കണം . വീട്ടുകാര്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങിയിട്ട് കുറെ ആയി . ഒടുവില്‍ സമ്മതം മൂളിയപ്പോഴാണ് അവരൊക്കെ പോയി ഒരു കുട്ടിയെ കണ്ടത് . കേട്ടിടത്തോളം നല്ല കുടുംബം . ഒത്ത ബന്ധം . 'ഞങ്ങക്കൊക്കെ പറ്റി . ഞ്ഞി ഇജ്ജ് വന്നു കുട്ടിനെ കണ്ടു പറ്റ്യാ നമുക്ക് അതങ്ങുട്ട് നടത്താം ' ഉമ്മ ഷബീറിനോട്‌ പറഞ്ഞു .

അങ്ങനെ വലിയ സ്വപ്നവുമായി ഷബീര്‍ നാട്ടിലേക്ക് വിമാനം കേറി . ഇഷ്ടപ്പെട്ടാല്‍ അവളുടെ വിരലില്‍ അണിയിക്കാനുള്ള ഒരു മോതിരവും അവന്‍ കൂടെ കരുതിയിരുന്നു .

ചെന്നിറങ്ങിയതിന്റെ രണ്ടാമത്തെ ദിവസം തന്നെ പെണ്ണ് കാണാന്‍ പോവാന്‍ തീരുമാനിച്ചു . ഒപ്പം പഴയ കാല സുഹൃത്തും തൊട്ടു അയല്‍ പ്രദേശത്തുകാരനും ആയ ഷമീമിനെയും കൂട്ടി . ഒന്നിച്ചു പഠിച്ചവരാണ് . അവന്‍ കുറെ പെണ്‍കുട്ടികളെ കണ്ട ആളായിരിക്കും . ഒറ്റ നോട്ടത്തില്‍ തന്നെ അവനു ആളെ ഒരു വിധം മനസ്സിലാക്കാന്‍ പറ്റും . അവന്‍ കുറെ നാട്ടിലൂടെ വിലസിയ ആളാണല്ലോ .

ഞാനാണെങ്കില്‍ ഡിഗ്രി പൂര്‍ത്തി യാക്കും മുമ്പ് ഗള്‍ഫിലേക്ക് വണ്ടി കേറി . പെണ്ണിനെ കുറിച്ചും പെണ്ണിന്റെ സൌന്ദര്യത്തെക്കുറിച്ചും വലിയ ഐഡിയയൊന്നും ഇല്ല . അവന്‍ കൂടെ ഉണ്ടെങ്കില്‍ അതാവും നന്നാവുക .ഒരു അഭിപ്രായം ചോദിക്കാമല്ലോ . ഷബീര്‍ തീരുമാനിച്ചു .

സമപ്രായക്കാരാണ് അവനിനി എന്നാണാവോ കെട്ടാന്‍ പരിപാടി ?
പറഞ്ഞുറപ്പിച്ച പോലെ അവന്റെ കാറിലാണ് കുട്ടിയെ കാണാന്‍ ചെന്നത് . വീട്ടുകാര്‍ പറഞ്ഞ അഡ്രസ്സില്‍ ചോദിച്ചറിഞ്ഞാണ് പോയത് . വീട് കണ്ടു പിടിക്കാന്‍ പ്രയാസം ഒന്നും ഉണ്ടായില്ല

പ്ലസ് ടു വിനു പഠിക്കുന്ന കുട്ടിയാണ് . പഠിപ്പിക്കാന്‍ പറ്റിയ ഒരു ബന്ധം കിട്ടിയാല്‍ നടത്തണം എന്നാണു പെണ്‍ വീട്ടുകാരുടെ ഉദ്ദേശ്യം . ഷബീറിനും വീട്ടുകാര്‍ക്കും അതിനോട് യോജിപ്പാണ് ഉണ്ടായിരുന്നത് .

വീടെത്തി . വീടും പരിസരവും ഒക്കെ ഷബീറിനു ഇഷ്ടമായി . ഭാഗ്യത്തിന് അവര്‍ ചെല്ലുമ്പോള്‍ കുട്ടിയുടെ ഉപ്പ വീട്ടിലുണ്ട് . അടുത്ത പ്രദേശത്തെ ഒരു എല്‍ പി സ്കൂളിലെ മാഷാണ് മൂപ്പര്‍ . വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിനിടെ കുട്ടി ചായയുമായി വന്നു .

രണ്ടു പേരും അവളെ തന്നെ കണ്ണെടുക്കാതെ നോക്കി നിന്നു . ഷബീറിന് ഒറ്റ കാഴ്ചയില്‍ തന്നെ കുട്ടിയെ ഇഷ്ടമായി . ഒരു മുടമ്പല്ല് ഉണ്ട് അവള്‍ക്ക് . അത് അഭംഗിയല്ല ഭംഗിയാണ് എന്ന് ഷബീര്‍ മനസ്സില്‍ പറഞ്ഞു . സിനിമാ നടി സംവൃത സുനിലിനെ പോലെ .

കുട്ടിയോട് പേര് ചോദിച്ചു . നൂറ . നല്ല പേര് . ഷബീര്‍ മനസില്‍ പറഞ്ഞു ഇനി ഷമീമിന്റെ അഭിപ്രായം അറിയണം . ചായ കൊണ്ട് വന്നതോടെ അവളുടെ ഉപ്പ അകത്തേക്ക് പോയി . സംസാരിച്ചോട്ടെ എന്ന് കരുതിയാവണം . ചില കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു . ഷമീമും ചോദിച്ചു ചിലതൊക്കെ . ഒടുവില്‍ അവള്‍ അകത്തേക്ക് പോകുമ്പോള്‍ അവര്‍ രണ്ടു പേരും അവള്‍ കണ്ണില്‍ നിന്ന് മറയും വരെ നോക്കി നിന്നു .
ഒടുവില്‍ ഷബീര്‍ ശമീമിനോട് മെല്ലെ ചോദിച്ചു . എങ്ങനെ ഉണ്ട് ? അഭിപ്രായം സത്യസന്ധമായി .പറയണം . നിനക്ക് അറിയാമല്ലോ എനിക്ക് പെണ്ണിനെ കുറിച്ച് ഒരു ചുക്കും അറിയില്ല .

ഷമീമിന്റെ മുഖ ഭാവം കണ്ടിട്ട് അവനു ഇഷ്ടപ്പെട്ടില്ല എന്ന് തോന്നി ഷമീം പറഞ്ഞു . വിവരം പറയാം എന്ന് പറഞ്ഞു പോവാം . കാര്യമൊക്കെ നമുക്ക് വഴിയെ സംസാരിക്കാം .

കുട്ടിയുടെ വീട്ടുകാരോട് വിവരം അറിയിക്കാം എന്ന് പറഞ്ഞു അവരിറങ്ങി . കാര്‍ ഡ്രൈവ് ചെയ്യുന്നതിനിടെ ഷമീം പറഞ്ഞു . എനിക്ക് കുട്ടിയെ ഇഷ്ടമായില്ല . ഒരു മുടമ്പല്ല് ഉണ്ട് അവള്ക്കു

അതൊരു അഭംഗിയായി എനിക്ക് തോന്നി . എന്റെ അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ . ഇനി നിന്റെ ഇഷ്ടം . ഷബീറിന് ആകെ കണ്ഫ്യൂഷന്‍ ആയി . എന്ത് ചെയ്യണം . തന്റെ അഭിപ്രായം ആണോ ഷമീമിന്റെ അഭിപ്രായം ആണോ ശരി ? ഒരു പാട് ആലോചിച്ച ശേഷം ഷബീര്‍ വീട്ടില്‍ ചെന്ന് പറഞ്ഞു . എനിക്ക് പറ്റിയില്ല നമുക്ക് വേറെ ഒന്ന് നോക്കാം

പിന്നെയും മൂന്നു നാല് കുട്ടികളെ പോയി നോക്കി . പക്ഷേ ഷബീറിനു ഇഷ്ടമായില്ല . ഒടുവില്‍ ലീവ് തീര്‍ന്നു . ഈ അവധിക്കും കല്യാണം നടക്കാതെ തിരിച്ചു ഗള്‍ഫിലേക്ക് തന്നെ കേറി .

മാസങ്ങള്‍ കഴിഞ്ഞു . ഒരു ദിവസം ഫേസ് ബുക്കില്‍ ഷമീമിന്റെ ഒരു നോട്ടി ഫിക്കേഷന്‍ വന്നു . അവന്‍ ഫേസ് ബുക്കില്‍ ഇയ്യിടെ ആണ് ജോയിന്‍ ചെയ്തത് . ഫേസ് ബുക്ക് ഫ്രണ്ട് ആയിട്ട് അധികം ആയില്ല

നോട്ടിഫികേഷന്‍ കണ്ടു ഷബീര്‍ അവന്റെ വാളില്‍ ചെന്ന് നോക്കി . അപ്പോഴാണ്‌ അവന്‍ അറിയുന്നത് . ശമീമിന്റെ കല്യാണം കഴിഞ്ഞു എന്നത് . കവര്‍ ചിത്രം തന്നെ അവരുടെ ഗ്രൂപ്പ് ഫോട്ടോ ആണ് . അവന്റെയും അവളുടെയും ചിരിച്ചു നില്ക്കു ന്ന ഫോട്ടോ . ഈ പഹയന്‍ അവന്റെ കല്യാണം പോലും അറിയിച്ചില്ലല്ലോ .. എന്ന ഒരു പരിഭവം ഷബീറിന്റെ മനസ്സില്‍ നാമ്പെടുത്തു .

അവനില്‍ നിന്ന് കണ്ണെടുത്താണ് ഷബീര്‍ അവളെ നോക്കുന്നത് . അന്നേരം ഷബീര്‍ ഞെട്ടിപ്പോയി . സംവൃതാ സുനിലിനെ പോലെ മുടമ്പല്ലുള്ള ആ പെണ്‍കുട്ടി നൂറ ആയിരുന്നു !!!




OO
പെണ്ണ് കാണാന്‍ പോകുമ്പോള്‍ ആദ്യം സ്വന്തം പ്രതിരൂപം കണ്ണാടി നോക്കി ബോധ്യപ്പെടുക . തന്റെ യോഗ്യത തന്റെ കുറ്റവും കുറവുകളും സൌന്ദര്യം ഇവയെ കുറിച്ച് അന്നേരത്തെങ്കിലും ഒരു അവബോധം ഉണ്ടാകുന്നത് നല്ലതാണ് .

തന്റെ മനസ്സിന് ഇണങ്ങിയ ഒരു ഇണയെ ആണ് തെരയുന്നത് . അതല്ലാതെ വീട്ടുകാര്‍ക്കോ ബന്ധുക്കള്‍ക്കോ സുഹൃത്തിനോ പറ്റിയ ആളെയല്ല എന്ന് ഓര്‍ക്കുക . അക്കാര്യത്തി ലെങ്കിലും സ്വന്തമായി ഒരു അഭിപ്രായം ഉണ്ടാക്കി എടുക്കുക . എല്ലാവരും അധികം വൈകാതെ പിരിഞ്ഞു പോകും . പിന്നെ എക്കാലവും കൂടെ ഉണ്ടാവുക അവളായിരിക്കും . അവിടെ പിഴച്ചാല്‍ രണ്ടു ജീവിതം ആകും അസ്വസ്ഥമായി കാലാക്കാലം നീറേണ്ടി വരിക .

അമിത സൌന്ദര്യം പലപ്പോഴും ആപത്തായിരിക്കും . മിതമായ സൌന്ദര്യം ആണ് എന്ത് കൊണ്ടും നല്ലത്

പെണ്ണ് കാണാന്‍ പോവുമ്പോള്‍ വിവാഹം കഴിഞ്ഞ സുഹൃത്തുക്കളുമായി പോവുക . അല്ലെങ്കില്‍ സ്വന്തം കുടുംബത്തിലെ ആരെയെങ്കിലും കൂടെ കൂട്ടുക .

കൂടെയുള്ള സുഹൃത്തിന്റെ അഭിപ്രായം ഇത്തരം കാര്യങ്ങളില്‍ ചോദിക്കാം . പക്ഷേ അത് നമ്മുടെ അഭിപ്രായത്തിന് എതിരാണെങ്കില്‍ അവിടെ നമ്മുടെ മന:സാക്ഷിയെ വിശ്വസിക്കുക

വസ്ത്രം തരഞ്ഞെടുക്കുമ്പോള്‍ , ചെരിപ്പ് എടുക്കുമ്പോള്‍
നാം ഉപയോഗിക്കുന്ന വാഹനം എടുക്കുമ്പോള്‍ ഒക്കെ നമ്മുടെ ഇഷ്ടം ആണ് പരിഗണിക്കേണ്ടത് . കാരണം നമുക്ക് ഉപയോഗിക്കാനുള്ളത് നമ്മുടെ ഇഷ്ടത്തിന് അനുസരിച്ചാവണം . അല്ലെങ്കില്‍ കാലക്കാലം നമുക്ക് ആ കുറ്റ ബോധം ഉണ്ടാകും
ആരുടേയും സമ്മര്‍ദ്ദത്തിന് വഴങ്ങാതെ സ്വന്തം ഇച്ഛാശക്തി കാണിക്കേണ്ട പ്രധാനപ്പെട്ട ഒരു മുഹൂര്‍ത്തം ആണിത്
ഈ പറഞ്ഞവ ആണും പെണ്ണും മനസ്സിരുത്തിയാല്‍ ഏതായാലും ദോഷം ഒന്നും വരില്ല . ഗുണം ഒരു പാട് ഉണ്ട് താനും

പെണ്ണിന്റെ വീട്ടുകാരും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് . ജ്യേഷ്ഠ ത്തിയെ കാണാന്‍ വരുമ്പോള്‍ ഒരിക്കലും അനിയത്തിയെ കാണാന്‍ ഇട വരരുത് . പ്രത്യേകിച്ച് ഏകദേശം അടുത്തടുത്ത പ്രായമുള്ള കുട്ടികള്‍ ആണെങ്കില്‍ . കാണാന്‍ വരുന്ന അന്ന് തത്ക്കാലം അനിയത്തിയെ അടുത്ത വീട്ടിലേക്കോ മറ്റോ പറഞ്ഞയക്കുന്നതും നന്നായിരിക്കും . ജ്യേഷ്ഠത്തിയെക്കാള്‍ സൌന്ദര്യം ഉയരം വലുപ്പം വിദ്യാഭ്യാസം ഒക്കെ അനിയത്തിക്ക് ഉണ്ടെങ്കില്‍ ഏതായാലും കാണാന്‍ വരുന്ന ആളുകളുടെ മനസ്സ് കണ്ഫ്യൂഷനിലാവും

ചെക്കന്റെ കൂടെ വരുന്ന എല്ലാ ആണുങ്ങള്‍ക്കും കുട്ടിയെ കാണിച്ചു കൊടുക്കണം എന്നില്ല . അവര്‍ കുട്ടിയുടെ മറ്റു കാര്യങ്ങള്‍ മനസ്സിലാ ക്കട്ടെ . അതാവും എന്ത് കൊണ്ടും നല്ലത് .

പെണ്ണ് കാണല്‍ പേരിലൊരു ചടങ്ങ് ആണെങ്കിലും ഫലത്തില്‍ അതൊരു ചടങ്ങേയല്ല . നമ്മുടെ ജീവിതത്തിന്റെ ഭാഗധേയം നിര്‍ണ്ണ യിക്കുന്നതില്‍

വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ഒരു ചടങ്ങ് .
എല്ലാം നോക്കിയിട്ടും പ്രശ്നങ്ങള്‍ ഉണ്ടാവുന്നില്ലേ എന്ന് ചോദിക്കാം .
അതിനു നമ്മുടെ പഴയ ചൊല്ല് തന്നെ മറുപടി
ചക്കയൊന്നും അല്ല ചൂഴ്ന്നു നോക്കാന്‍

എന്നാലും അവളെ / അവനെ / തെരഞ്ഞെടുക്കുന്ന വേളയിലെങ്കിലും അവര്‍ക്ക് പരസ്പരം ഇഷ്ടപ്പെടണം

മന : സാക്ഷി



നമ്മുടെ കൂടെ എ പ്പോഴും ഉണ്ടാവും . നല്ലത് ചെയ്യുമ്പോള്‍ സന്തോഷം രേഖപ്പെടുത്തും . മോശമായ പ്രവ ര്‍ത്തന ങ്ങള്‍ക്കൊരുങ്ങുമ്പോഴേ വിലക്കും . അരുതെന്ന് പറയും . എന്നിട്ടും കേട്ടില്ലെങ്കില്‍ ഇടയ്ക്കിടെ അതോര്‍മ്മിപ്പിച്ചു ഇനി ചെയ്യരുത് എന്ന് ഉണര്‍ ത്തും .

മദ്യപാനത്തിന് ഉദ്ദേ ശി ക്കുമ്പോള്‍ താക്കീത് ചെയ്യും .
തിന്മ യാണത് നിന്നെയും നിന്റെ കുടുംബത്തെയും തകര്‍ക്കും .
സകല തിന്മയുടെയും താക്കോലാണ്. ആ വഴി പോകരുത്. വാങ്ങരുത് കുടിക്കരുത് .


ഒരു യാചകന്‍ മുന്നില് വന്നു കൈനീട്ടി വല്ലതും ചോദിക്കുമ്പോള്‍
ആകാശത്തേക്ക് കൈ ചൂണ്ടി ഒന്നും കൊടുക്കാതെ അയാളെ പറഞ്ഞയക്കുമ്പോള്‍ പറയും : എന്തെങ്കിലും അയാള്ക്ക് കൊടുത്തൂടെ ?
അയാള്ക്ക് കൊടുത്തു എന്ന് കരുതി ഒന്നും കുറയാന്‍ പോകുന്നില്ല
മാത്രവുമല്ല അങ്ങനെയൊക്കെ ചെയ്യുമ്പോഴല്ലേ നീയൊക്കെ മനുഷ്യനാവൂ . അത് വഴി ഒരു പ്രത്യേക സന്തോഷം മനസ്സിന് കിട്ടില്ലേ ? എന്തിനിങ്ങനെ പിശുക്കുന്നു ?

അന്യ സ്ത്രീയെ കാമിക്കുമ്പോള്‍ പറയും . ഈ ചെയ്യുന്നത് നിന്റെ ഭാര്യയെ ചതിക്കുകയല്ലേ . അവളും ഇങ്ങനെ മറ്റൊരാളിലേക്ക് ചാഞ്ഞാല്‍ എന്തായിരിക്കും നിന്റെ പ്രതികരണം ? അത് കൊണ്ട് വേണ്ട . നിന്നെ മാത്രം സ്നേഹിക്കുന്ന , നിനക്ക് വേണ്ടി എല്ലാം സഹിക്കുന്ന അവളെ ചതിക്കരുത് .

സുഹൃത്തിനെ വഞ്ചിക്കുമ്പോള്‍ , മറ്റുള്ളവരെ ചീത്ത വിളിക്കുമ്പോള്‍
പണത്തിനും പ്രതാപത്തിനും വേണ്ടി എന്ത് വൃത്തി കെട്ട കളിക്കും തയ്യാറാവുമ്പോള്‍ ഒക്കെ അരുതെന്നും അത് അപകടമാണ് എന്നുമൊക്കെ
നമ്മോടു ഒരാള് പറഞ്ഞു കൊണ്ടിരിക്കുന്നു . ഏതു നട്ടപ്പാതിരക്കും മറ്റാരും ഇല്ലാത്ത നേരത്തും സമയത്തും എപ്പോഴും ..

നന്മ ചെയ്‌താല്‍ അതിന്റെ പേരില് 'അയാള് ' നമ്മളെ അഭിനന്ദിക്കും .
നന്നായി എന്ന് പറഞ്ഞു ലൈക്‌ ചെയ്യും .

സത്യത്തില്‍ ഇങ്ങനെ നമ്മുടെ കൂടെ എപ്പോഴും ഒരാള് ഉണ്ട് .
അയാളെ പക്ഷേ നാം അവഗണിക്കാറാണ് പതിവ് . അയാളുടെ വാക്കുകള്‍ ക്കു കാതോര്‍ക്കാറില്ല നമ്മളാരും . എന്നാലും അയാള് അയാളുടെ ദൌത്യം തുടര്‍ ന്ന് കൊണ്ടേയിരിക്കും

അയാളിലേക്ക് ഒന്ന് ശ്രദ്ധ കൊടുത്തു നോക്കൂ
അയാളുടെ വാക്കുകള്ക്ക് ഒന്ന് കാതു കൊടുത്ത് നോക്കൂ
അയാളുടെ ചോദ്യങ്ങള്ക്കും വിമര്‍ശനങ്ങള്‍ക്കും ഒന്ന് പരിഗണന നല്കി നോക്കൂ .

നമ്മെ തിരുത്തുന്ന
നമ്മെ ഗുണ ദോഷിക്കുന്ന
നമ്മുടെ ഗുണം മാത്രം കാംക്ഷിക്കുന്ന
ആ വലിയ ശക്തിക്ക് നേരെ നമ്മുടെ കണ്ണുകള്‍ ചിമ്മപ്പെട്ടിരിക്കുന്നു
കാതുകള്‍ കൊട്ടിയടക്കപ്പെട്ടിരിക്കുന്നു .
ചിന്തകള്‍ മുദ്ര വെക്കപ്പെട്ടിരിക്കുന്നു .

അത് കൊണ്ട് നമുക്ക് അയാളെ ഒന്ന് ശ്രദ്ധിക്കാം
അയാള് പറയുന്നത് കേള്‍ക്കാം
അയാളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാം .

ഒരു കാര്യം ഉറപ്പാണ് . അയാള് ഒരിക്കലും നമ്മുടെ ശത്രു അല്ല
മിത്രം മാത്രം . സന്തത സഹചാരി . ഗുണ കാംക്ഷി . സ്നേഹിതന്‍ .
നമ്മുടെ എല്ലാമെല്ലാം . അയാള് സ്ഥിതി ചെയ്യുന്നത് താമസിക്കുന്നത് എവിടെയാണ് ?

നമ്മില്‍ തന്നെ !!
ആ അയാള് നമ്മുടെ ഉള്ളിലുള്ള ആളാണ്‌ .
നാം എ പ്പോഴും അവഗണിക്കുന്ന , പരിഗണിക്കാതെ പോകുന്ന ,
മൈന്റ് ചെയ്യാത്ത അയാളേക്കാള്‍ ബന്ധമുള്ള മറ്റൊരാള്‍ നമ്മുടെ ഈ ജീവിതത്തിലില്ല . അയാളെ കേള്ക്കാന്‍ ശ്രമിച്ചാല്‍ ഉറപ്പാണ്
അത്ഭുതങ്ങള്‍ സംഭവിക്കും .
അയാളെ നമുക്ക് സ്വന്തം മന : സാക്ഷി എന്ന് വിളിക്കാം !!!

അഭയാലയം



ഏതു മുറ്റത്തിരുന്നാലാണ്
വിശുദ്ധിയിങ്ങനെ
നിര്‍ത്താതെ
പെയ്തിറങ്ങുന്നത്
അനുഭവിക്കാനാവുക


ഏതു പരിസരത്താണ്
ശാന്തതയിതുപോലെ
നറും നിലാവായി
പറന്നു വന്ന്
മനവും തനുവും
പൊതിയുന്നത് അറിയാനാവുക

മറ്റെവിടെ നിന്നാണ്
അമൂര്‍ത്തവും
സുഗന്ധ പൂരിതമായ
ഭക്തി നിര്‍ത്സരി
ഒരു പുഴ പോലെ
ഒഴുകിവന്ന്
ഹൃദയമിങ്ങനെ
കുളിരണിയിക്കുക ?

ഏതു സ്നേഹക്കൂട്ടില്‍ നിന്നാണ്
സമാധാനത്തിന്റെ
ഒരായിരം
വെണ്‍ പ്രാവുകള്‍
ഇത് പോലെ
കൂട്ടത്തോടെ
ചിറകടിച്ചു വന്ന്
മനസ്സിലിരുന്ന്
ഇങ്ങനെ
കൊക്കുരുമ്മുക ?

വൃത്തി കേടാക്കും തോറും
വൃത്തിയാക്കിക്കൊണ്ടേയിരിക്കുന്ന
ഇവിടം
മനസ്സിന്റെ പാപ ഭാരങ്ങള്‍
ഇറക്കി വെക്കാനുള്ള
അഭയാലയം

കണ്ണീര്‍ കൊണ്ട് മനസ്സകങ്ങള്‍
കഴുകി വൃത്തിയാക്കാനുള്ള
വിശുദ്ധ 'സംസ' ഭവനം

ലക്ഷോപലക്ഷം
ഏഴകളുടെ
കേഴലുകള്‍ക്ക്
ഇവിടെ
ആത്മ ശമനം

സ്രഷ്ടാവിനെ
വണങ്ങാന്‍
ലോകത്ത് ആദ്യമായി
പണിതുയര്‍ത്തപ്പെട്ട
'ബക്ക'യിലെ
ആദ്യ ആരാധനാലയം

വിശ്വാസിയുടെ
മനസ്സിലെ
എക്കാലത്തേയും
സ്വപ്ന സൌധം

വന്നവര്‍ക്ക്
വീണ്ടും വരാന്‍

വരാത്തവര്‍ക്ക്
ഒന്ന് വന്നു പോകാന്‍

ഒന്ന് മുത്താന്‍

വന്നവന്
തിരികെ പോകാതിരിക്കാന്‍
വീണ്ടും വീണ്ടും ഇവിടെ തന്നെ
നിമിഷങ്ങള്‍ പുലരാന്‍

അങ്ങനെ ,
ആശയും
ആവേശവും
ആനന്ദവും
ആത്മ ഹര്‍ഷവും
ഇവിടെ
സംലയിക്കുന്നു

കാലങ്ങളായി
വിശ്വാസത്തിന്റെ അനുദൈര്‍ഘ്യ തരംഗങ്ങളായി
അലയടിക്കുന്നു

ഗ്രാമങ്ങളുടെ മാതാവേ
ആ പാദാര വിന്ദങ്ങളിലാണ്
അഭയം
മന:ശാന്തി
ശാശ്വത സമാധാനം
സാഫല്യം
സായൂജ്യം !!

ധന്യമാം മാത്രകള്‍
സഫലമാം യാത്രകള്‍

'ആര് അവിടെ പ്രവേശിച്ചുവോ
അവന്‍ സുരക്ഷിതനാണ്.. '

ആര് അവനിലേക്ക്‌
മനസ്സറിഞ്ഞ്
കണ്ണും കൈകളും ഉയര്‍ത്തിയോ
അവന്‍
സ്വീകരിക്കപ്പെട്ടവനാണ്
വിജയശ്രീലാളിതനാണ് !!!
OO

വിട്ടു വീഴ്ച കൂടാതെ വയ്യ !!



എല്ലാവരെയും വിശ്വസിക്കുക.
അന്ധമായി ആരെയും വിശ്വസിക്കാതിരിക്കുക
ബന്ധങ്ങള്‍ക്ക് ഏറ്റവും നല്ലത് തീ കായും പോലെയാണ്
വല്ലാതെ അടുത്തേക്ക്‌ പോകരുത്
വല്ലാതെ അകലേക്കും പോകരുത്


ഇന്നത്തെ നമ്മുടെ ഉറ്റ സുഹൃത്ത്‌ നാളത്തെ നമ്മുടെ
കൊടിയ ശത്രു ആയി മാറാം .
ഇന്നത്തെ ശത്രു നാളത്തെ മിത്രവും ആവാം

ബന്ധങ്ങള്‍ ഉലയാന്‍ നന്നേ ചെറിയ ഒരു കാരണം മാത്രം മതിയാവും

ബന്ധങ്ങള്‍ സ്ഥാപിക്കാനല്ല പ്രയാസം
വിള്ളലില്ലാതെ
ഉലയാതെ
ഊഷ്മളത നഷ്ടപ്പെടാതെ
നില നിര്‍ത്താനാണ്

മിനുക്കും തോറും നിറം കൂടുന്നതും
അടുക്കും തോറും തിളക്കമേറുന്നതും
സ്നേഹിക്കും തോറും മാറ്റു കൂടുന്നതുമായ പ്രതിഭാസം ആണ് ചങ്ങാത്തം

അശ്രദ്ധയും
അവഗണനയും
അലസതയും
സൌഹൃദത്തിന്റെ മികവും മിഴിവും നഷ്ടപ്പെടുത്തും

മുഖസ്തുതിയും
അഭിനന്ദനവും
ഒന്നല്ല ; രണ്ടാണ്

ആത്മാര്‍ഥമായ അഭിനന്ദനം
ഏതു ബന്ധങ്ങളുടെയും ഇഴയടുപ്പത്തിനു കാരണമാകും
മുഖ സ്തുതി കപടമാണ്
അഭിനന്ദനം ആത്മാര്‍ഥവും

അഭിനന്ദനം ഇഷ്ടപ്പെടാത്തവര്‍ ആരുമില്ല
നിന്ദ വെറുക്കാത്തവരും ആരുമില്ല

പുറമേക്ക് പറയാത്ത അഭിനന്ദനവും
പുറമേ കാണിക്കാത്ത സ്നേഹവും
ചെലവഴിക്കപ്പെടാത്ത പണം പോലെയാണ്

ഉള്ളിലുള്ളത് പുറത്തും കാണിക്കുക
മറച്ചു വെക്കാനുള്ളതല്ല സ്നേഹവും ആദരവും നന്ദിയും
തുറന്നു കാണിക്കുക
തുറന്നു പറയുക
തുറന്നു സംവദിക്കുക

സൌഹൃദങ്ങള്‍ വളരാന്‍
സദ്‌ഹൃദയം കൂടിയേ തീരൂ

അടുക്കാന്‍ എളുപ്പം
അകലാന്‍ അതിലേറെ എളുപ്പം
അടുപ്പത്തോടെ സൗഹൃദം കൊണ്ട്പോകാനാണ് പ്രയാസം
അതിനു വേണ്ടത്ഒന്ന് മാത്രം
ഇല്ലാതെ പോകുന്നതും അത് തന്നെ
വിട്ടു വീഴ്ച

വീഴ്ച വയ്യ
വിട്ടു വീഴ്ച കൂടാതെ വയ്യ !!

OO

ജീവിതം ഒരു യാത്രയാണ്



ജീവിതം ഒരു യാത്രയാണ് .
നാമൊക്കെ ഒന്നിച്ചു യാത്ര ചെയ്യുന്ന യാത്രക്കാരും .
അവനവന്റെ സ്റ്റോപ്പ്‌ എത്തിയാല്‍ പലരും ഇറങ്ങും .
പുതിയ യാത്രികര്‍ വരും .
അവരും ഒരുനാള്‍ ഇറങ്ങും .
നീയും ഇറങ്ങും .
ഞാനും .
ഒരു പക്ഷേ ആദ്യം ഞാനാകും .
ചിലപ്പോള്‍ നീ .


ലക് ഷ്യ മുണ്ട് നമ്മുടെ യാത്രയ്ക്ക് .
എന്നാലോ ചിലപ്പോള്‍ ലക് ഷ്യ സ്ഥാനത്ത് എത്തും മുമ്പേ 'ഒരാള്' വന്ന്
നമ്മെ 'പിടിച്ചിറക്കി' കൊണ്ട് പോകും .

നിയതി എവിടെ നമ്മുടെ യാത്ര അവസാനിപ്പിക്കണം എന്ന് തീരുമാനിച്ചുവോ ,
പിന്നെ അവിടെ നിന്ന് ഒരടി മുന്നോട്ടില്ല . പിന്നോട്ടും !

അത് കൊണ്ട് ഒന്നിച്ചുള്ള ഈ യാത്രയില്‍ പരസ്പരം മിണ്ടിപ്പറഞ്ഞും സ്നേഹിച്ചും സഹകരിച്ചും ആശയക്കൈമാറ്റം നടത്തിയും ഈ യാത്ര സുന്ദരവും സുഖകരവും സുരഭിലവും മറക്കാനാവാത്തതുമാക്കാം .

വെറും യാത്രികരാവാതെ ,
സഹ യാത്രികരും സ്നേഹ സഞ്ചാരികളും ആവാം .

നീയും മുസാഫിര്‍
ഞാനും മുസാഫിര്‍
ഒടുവില്‍ ,
ശൂന്യമായ കൈകളോടെ തിരിച്ചു പോകേണ്ട
വെറുമൊരു ഫഖീര്‍ !!

പിന്നെന്തിനാണ് സുഹൃത്തേ
വിദ്വേഷത്തിന്റെ
വിരോധത്തിന്റെ
അസ് പൃശ്യതയുടെ
തൊട്ടു കൂടാ യ്മയുടെ
ഈ കൂറ്റന്‍ മതില്‍ക്കെട്ടുകള്‍
നമുക്കിടയില്‍ ?

OO

** മുസാഫിര്‍ - സഞ്ചാരി
** ഫഖീര്‍ - ദരിദ്രന്‍

കഥ / കണ്മഷി



ഉച്ച ഭാഷിണി ഘടിപ്പിച്ച വാഹനങ്ങള്‍ തലങ്ങും വിലങ്ങും ചീറിപ്പായുന്നു .
കൊടി തോരണങ്ങള്‍ കൊണ്ടും ഫ്ലക്സ് ബോര്‍ഡുകള്‍ കൊണ്ടും നഗരം നിറഞ്ഞു കവിഞ്ഞിരിക്കുന്നു .

'സ്ത്രീ അബലയല്ല , ഉപഭോഗ വസ്തുവല്ല , അവള്‍ക്കും ഉണ്ട് പുരുഷനെ പോലെയുള്ള അവകാശങ്ങളും കഴിവുകളും . അവള്‍ വെറും അടുക്കളക്കാരിയല്ല . അവള്ക്കും വ്യക്തിത്വമുണ്ട് . അവള്‍ അമ്മയാണ്, ഭാര്യയാണ് , സഹോദരിയാണ് , മകളാണ് , കാമുകിയാണ് .. ഇനി നമ്മുടെ നാട്ടില്‍ ഒരു ശാരിമാരും ഉണ്ടാവാന്‍ പാടില്ല . ഒരു പെണ്‍കുട്ടിയും അകാലത്തില്‍ അമ്മയാവരുത് . ജാര സന്തതികളെ പ്രസവിക്കരുത് .
ഈ മഹാ സമ്മേളനത്തില്‍ നിങ്ങളും പങ്കാളികളാവുക . അമ്മയും പെങ്ങളും മകളും ഭാര്യയും ഉള്ള എല്ലാവരും പങ്കെടുത്തു പെണ്‍ പക്ഷത്തു നില്ക്കുക . ഈ സംഗമം ചരിത്ര സംഭവമാക്കുക ... !! അനൌണ്സ് മെന്റ് നഗരത്തിലൂടെ ഒഴുകുകയാണ്


പതിനായിരക്കണക്കിന് യുവതീ യുവാക്കള്‍ സംഗമത്തില്‍ പങ്കെടുക്കും എന്നാണു സംഘാടകര്‍ അറിയിച്ചിരിക്കുന്നത് .

ജനം ഇരച്ചെത്തി തുടങ്ങി . നഗരം മനുഷ്യ സാഗരത്തില്‍ വീര്‍പ്പു മുട്ടി .
സമ്മേളനം ആരംഭിച്ചു . വിശിഷ്ടാതിഥി ഉദ്ഘാടന പ്രസംഗത്തിന് എഴുന്നേറ്റു .

മെല്ലെ ഒരു മഴ ചാറി . സദസ്സ് ഒന്നിളകി . പ്രസംഗം ചൂട് പിടിക്കുന്നതിനു അനുസരിച്ച് മഴയും ശക്തി പ്രാപിച്ചു . ഇടയ്ക്ക് സദസ്സിന്റെ ഇടതു ഭാഗത്ത് നിന്ന് ചില ഉന്തലും തള്ളലും ഉണ്ടായി . യുവാക്കളുടെ അകത്തു ചെന്നു കുടുംബ കലഹം ആരംഭിച്ച ലഹരിയുടെ അലയൊലികള്‍ പതഞ്ഞുയര്‍ന്നു പുറത്തേക്ക് പ്രവഹിച്ചു തുടങ്ങി
സ്ത്രീകളുടെ ഭാഗത്ത് നിന്ന് ചില കരച്ചിലും തെറിവിളിയും കേട്ടു .

അപശബ്ദങ്ങളില്‍ പകച്ചു പോയ ഉദ്ഘാടന പ്രാസംഗികനെ മാറ്റി നിര്‍ ത്തി സംഘാടകര്‍
'കള്ള് കുടിച്ചാല്‍ പള്ളയില്‍ കിടക്കണം 'എന്ന് ആക്രോശിച്ചു . പെട്ടെന്ന് ഒന്ന് രണ്ടു കുപ്പികള്‍ വേദിയിലേക്ക് പറന്നു വന്നു പൊട്ടിച്ചിതറി .
ആളുകള് ചിതറിയോടി .
സമ്മേളനം പിരിച്ചു വിട്ടു .

നഗരം രാത്രിയുടെ ചിറകിലേക്ക് ഉള്‍വലിഞ്ഞു . മഴ തോര്‍ന്നു ..

പിറ്റേന്ന് , നഗരം ഉണരുമ്പോള്‍ സാധാരണ കടത്തിണ്ണയില്‍ ഉറങ്ങാറുള്ള തെരുവ് ഭ്രാന്തിയുടെ അഴുക്കു പുരണ്ട വസ്ത്രങ്ങള്‍ക്ക് സ്ഥാന ഭ്രംശം സംഭവിച്ചിരുന്നു .

തൊട്ടപ്പുറത്ത് നെടു നീളത്തില്‍ വിരിച്ചിട്ട കട്ടിക്കടലാസ് തികച്ചും ശൂന്യമായിരുന്നു . അതിന്റെ തല ഭാഗത്ത് , കുറെ മഞ്ഞ കാര്‍ഡുകള്‍ അടുക്കി വെച്ചിട്ടുണ്ടായിരുന്നു . കൂടെ നിറം മങ്ങിയ ഒരു പ്ലാസ്റ്റിക് കവറും കുറച്ചു കുപ്പി വളകളും ഒരു കണ്മഷിക്കൂടും !

O

വട്ടം



ഭൂമിക്കും വട്ടം
സൂര്യനും വട്ടം
ചന്ദ്രനും വട്ടം
കിണറിനും വട്ടം


പത്തിരിക്കും
വടക്കും
നെയ്യപ്പത്തിനും
കലത്തപ്പത്തിനും
പെരുന്നാളിന് മാത്രം വാങ്ങി പൊരിക്കുന്ന
വല്യപ്പടത്തിനും വട്ടം

ഉമ്മ എനിക്കായി
ഏറ്റവും അവസാനം ചുട്ടു തന്നിരുന്ന
കുട്ടി അപ്പത്തിനും വട്ടം

ഉമ്മയുടെ ഭംഗിയുള്ള മുഖത്തിനും
എന്തൊരു വട്ടം !!
പറഞ്ഞിട്ടെന്ത് ?
കൂടുതല്‍ കാലം കാണാന്‍ കഴിയാതെ
മറഞ്ഞു പോയില്ലേ
ആ പൊന്‍ വെട്ടം !

വൈഫൈ യും വൈഫും !!



വൈഫൈ ലോകത്തെ നമ്മോടു അടുപ്പിക്കുന്നു ;

വൈഫ് ജീവിതത്തെ നമ്മോടു അടുപ്പിക്കുന്നു

വൈഫൈ ഇല്ലാത്ത ഈ ലോകവും വൈഫ് ഇല്ലാത്ത ഈ ജീവിതവും

സങ്കല്പ്പിക്കാനെ കഴിയില്ല

വൈഫൈയുടെ റേഞ്ച് , ലോ , ഗുഡ് , സ്ട്രോങ്ങ്‌ ഇങ്ങനെ മൂന്നു വിധം ആണ് .

വൈഫിന്റെ സ്വഭാവവും ഏകദേശം ഇങ്ങനെ മൂന്നു വിധം തന്നെ .

വൈഫും വൈഫൈയും തീരെ ഇല്ലാതെ വേണമെങ്കില്‍ ജീവിക്കാം .

പക്ഷെ 'കൂടെ കൂട്ടിയ ' ശേഷം ഇവ രണ്ടുമില്ലാതെ ജീവിക്കാന്‍ പ്രയാസം .
അന്തരങ്ങള്‍

മറ്റുള്ളവന്റെ വൈഫൈയില്‍ ആരും കണ്ണ് വെക്കില്ല ;

മറ്റുള്ളവന്റെ വൈഫില്‍ പലരും കണ്ണ് വെക്കും !

വൈഫൈ ക്ക് പാസ് വേര്‍ഡുണ്ട് ; വൈഫിനു ഇല്ല !

വൈഫൈ കിട്ടാന്‍ അങ്ങോട്ട്‌ പണം കൊടുക്കണം

വൈഫിനെ കെട്ടിയാല്‍ ഇങ്ങോട്ട് പണം മാത്രമല്ല പണ്ടവും കിട്ടും !!

വൈഫൈ കട്ടാവുമ്പോള്‍ ആണ് വൈഫിനെ ഓര്‍മ്മ വരിക !!

:) :)

വെള്ള വസ്ത്രം



വെള്ള വസ്ത്രത്തെക്കുറിച്ചായിരുന്നു പള്ളി ഇമാമിന്റെ ഇന്നത്തെ പ്രസംഗം .

'' വസ്ത്രങ്ങളുടെ കൂട്ടത്തില്‍ വിശിഷ്ടമായ വസ്ത്രം
വെള്ളയാണ് .
പ്രവാചകന് ഇഷ്ടപ്പെട്ട വസ്ത്രവും അത് തന്നെ .
വെള്ളിയാഴ്ചകളില്‍ വെള്ള വസ്ത്രം ധരിച്ചു പള്ളിയില്‍ വരുന്നതാണ് ഏറെ ശ്രേഷ്ടം . .


ഹജ്ജ് , ഉമ്ര ഇത്തരം ആരാധനകളുടെ സമയത്തും
പുരുഷന്മാര്‍ക്ക് വെള്ള വസ്ത്രം നിശ്ചയിച്ചത് ശുഭ്ര വസ്ത്രം എളിമ യുടെ പ്രതീകം എന്ന നിലക്കാണ്

മരണപ്പെട്ടാല്‍ കഫന്‍ പുടവയും വെള്ള തന്നെ ആവുന്നതാണ് ഏറെ ശ്രേഷ്ഠം ...' ഇങ്ങനെ പോയി അദ്ദേഹത്തിന്‍റെ പ്രസംഗം

ഭാഗ്യത്തിന് ഞാന്‍ ഇന്ന് വെള്ള വസ്ത്രം ആണ് ധരിച്ചിരുന്നത് .
പ്രസംഗം കേള്‍ക്കുമ്പോള്‍ മനസ്സ് വെള്ള വസ്ത്രത്തിന്റെ പിറകെ പോയി .

ഹൈസ്കൂള്‍ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആഴ്ചയില്‍ ഒരു ദിവസം യൂണിഫോം നിര്‍ബന്ധമായിരുന്നു . അതും വെള്ള യായിരുന്നു . അന്ന് ഇന്നത്തെ പോലെ പാന്റ്സ് വ്യാപക മായിട്ടെ ഇല്ല . വെള്ള മുണ്ടും വെള്ള ക്കുപ്പായവും . അന്ന് അസംബ്ലിയും ഉണ്ടാകും . ഗ്രൗണ്ടില്‍ ഒരു പാല്‍ക്കടല്‍ രൂപം കൊള്ളും ആ ദിവസം .

ഇവിടെയുള്ള സൗദി പൌരന്മാരും കൂടുതലും വെള്ള തോപ്പ് ആണ് ധരിക്കാര്‍ . നമ്മുടെ നാട്ടിലെ പണ്ഡിതന്മാരും
മത വിദ്യാര്‍ഥികളും പൊതുവേ വെള്ള വസ്ത്രം തന്നെയാണ് ധരിക്കാറുള്ളത്

മാത്രമല്ല കന്യാ സ്ത്രീകളുടെ വസ്ത്രം / പള്ളിയിലെ അച്ചന്മാരുടെ ളോഹ ഒക്കെ വെള്ള തന്നെ . ഭൂമിയിലെ മാലാഖ മാരായ നഴ്സുമാരുടെ ഔദ്യോഗിക വസ്ത്രവും വെള്ളയാണല്ലോ .

അതൊക്കെ ഓര്‍ത്ത്‌ അങ്ങനെ ഇരിക്കുമ്പോഴാണ് നമ്മുടെ ചില വെള്ള വസ്ത്ര രാഷ്ട്രീയക്കാരെ ഓര്‍ത്തത്‌ .

ഇസ്തിരി ഉലയാത്ത ഖാദി ധരിച്ചു ശുഭ്ര വസ്ത്ര ധാരികളായി കൈ വീശി നടക്കുന്ന നേതാക്കളെ ഓര്‍ത്തപ്പോള്‍ എനിക്ക് തോന്നി വിശുദ്ധിയുടെ പ്രതീകമായ വെള്ള അകത്തെ കറുപ്പ് സമര്‍ത്ഥമായി മൂടി വെക്കാനും ഉപയോഗിക്കാം എന്ന് നമ്മുടെ ചില രാഷ്ട്രീയക്കാര്‍ തെളിയിച്ചിതാണല്ലോ എന്ന് !

മാത്രവുമല്ല ആധുനിക കാലത്ത് വെള്ള വസ്ത്ര ധാരികളായ പണ്ഡിതരെ കുറിച്ച് പോലും കേള്‍ക്കാന്‍ പാടില്ലാത്തതു പലതും കേള്‍ക്കാനും കാണാനും നമുക്ക് നിര്‍ഭാഗ്യമുണ്ടായി .

പണ്ഡിതര്‍ , അച്ചന്മാര്‍ , അമ്മമാര്‍ , എന്നൊക്കെ നാം ആദരവോടെ കാണുകയും ബഹുമാനിക്കുകയും ചെയ്യുന്ന ആളുകളുടെ മനസ്സ് പോലും എത്ര വൃത്തി ഹീനമാണ് എന്ന് പല ഞെട്ടിക്കുന്ന കഥകളും നമ്മെ ഓര്‍മപ്പെടുത്തുന്നു .

തെറ്റുകള്‍ എല്ലാവര്‍ക്കും പറ്റും . പക്ഷേ എല്ലാവരുടെ തെറ്റും ഒരു പോലെയല്ല . ജന പ്രതിനിധികള്‍ , പണ്ഡിതര്‍ , ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ , ആരാധനയോടെയും ബഹുമാനത്തോടെയും നാം കാണുന്നവര്‍ ഇവരില്‍ നിന്ന് ഉണ്ടാകുന്ന തെറ്റുകളും വൃത്തി കേടുകളും സാധാരണക്കാരന്റെത് പോലെയല്ല .
കാരണം ഇവരൊന്നും വെറും ഒരു വ്യക്തികളല്ല . അവരൊക്കെ ചില ആശയങ്ങളുടെ , പ്രസ്ഥാനങ്ങളുടെ , സംഘടനകളുടെ ,
അടയാളങ്ങളാണ് . അത് കൊണ്ട് തന്നെ ഇത്തരം ആളുകളില്‍ നിന്നുണ്ടാകുന്ന തെറ്റുകള്‍ അവരെ വ്യക്തിപരമായി മാത്രം അല്ല ബാധിക്കുക . അവര്‍ പ്രതിനിധാനം ചെയുന്ന പ്രസ്ഥാനത്തെ കൂടിയാണ് !

പറഞ്ഞു വരുന്നത് ഇതാണ് .
ഉടുത്ത കുപ്പയമോ അണിഞ്ഞ മേല്‍ വസ്ത്രമോ ഒന്നും അല്ല
അതിനകത്തെ മനസ്സ് ആണ് പ്രധാനം എന്നാണ് .

നാം അണിയുന്ന വസ്ത്രം നമ്മുടെ സംസ്ക്കാരം എന്തെന്ന് അറിയിക്കാനും ഉള്ളിലെ കാപട്യം സമര്‍ത്ഥ മായി മൂടി വെക്കാനും ഉപയോഗിക്കാം എന്നര്‍ത്ഥം .

അത് കൊണ്ട് കൂടിയായിരിക്കും
'നിങ്ങളുടെ ആകാര സൌഷ്ഠവത്തിലെക്കോ , ശരീരത്തിലേക്കോ അല്ല പടച്ചവന്‍ നോക്കുക നിങ്ങളുടെ ഹൃദയത്തിലേക്കാണ്' എന്ന തിരു വചനം വിരല്‍ ചൂണ്ടിയത് ..!!!

നാട്ടു വാസിയും പ്രവാസിയും



പ്രവാസി നല്ല ഒരു വീട് വെച്ചാല്‍ നാട്ടു വാസികള്‍  പറയും :

'എന്തിനാപ്പൊ ഇത്തര ബല്യ വീടൊക്കെ ? കായിന്റെ തെളപ്പ് തന്നെ അല്ലാണ്ടെന്താ ? ഓലെയൊക്കെ ഒരു പൌറെ ? കജ്ജില് കായിണ്ട് ന്ന് കരുതി ങ്ങനെ തോന്ന്യാസം കാട്ടാന്‍ പറ്റ്വോ ?

ഇനി നാട്ടു വാസി ഹലാക്കിന്റെ ഒരു വീട് വെച്ചാലോ  ?

'എന്താ ഓന്റെ വീടിന്റെ ഒരു പത്രാസ് . കായി ണ്ടെങ്കി അത് മാതിരി പൊര വെക്കണം . ഓനാണ് ഷുജായി .. ആ പൊര ഒന്ന് കാണണ്ടത് തന്നെ '

നാട്ടിലെ വലിയ ഒരു മുതലാളിയുടെ വീട്ടില്‍ പിരിവിനു  ചെന്ന് അയാള്‍ കൊടുത്ത  ആയിരം രൂപ  വാങ്ങി പോരുമ്പോള്‍ പിരിവുകാര്‍ പരസ്പരം പറയും :

'നല്ല മനുസന്‍ . ഞാന്‍ ഒരു അഞ്ഞൂര്‍ ഒക്കെ കിട്ടൂ ന്നാ കരുത്യേ .. '

അത് കഴിഞ്ഞു ഒരു പാവം പ്രവാസിയെ  കണ്ടു ആയിരം വാങ്ങി പോരുമ്പോള്‍ പിരിവുകാര്‍ പറയും :

'ബല്യ ഗള്‍ഫ് കാരനാത്തരെ . ആയിരം ഉലുവയാ തന്നത് .
 ഞാനൊരു രണ്ടായിരം തരൂന്നാ കരുത്യേ .. കഞ്ചൂസ് !!

പ്രവാസി അവധിക്കു നാട്ടില്‍ ചെന്നാല്‍ ഒരു കാറില്‍ പോകുന്നത് കണ്ടാല്‍ നാട്ടുവാസി കുശുകുശുക്കും

'ഓനൊന്നും ഇപ്പൊ കാറിലല്ലാതെ നടക്കൂല . ബസ്സും ഓട്ടോറിക്ഷയും ഒന്നും ഓന് പറ്റൂല്ല . ബല്യ ആളായി  ..

ആ സ്ഥാനത്ത് നാട്ടിലെ ഒരു മുതലാളിക്കുട്ടി കാറില്‍ പോകുമ്പോ
പറയും :

'ഓനൊക്കെ കായിള്ള മോനാ ഇത് വരെ അള്‍ടോ ഏനൂ .
ഇപ്പൊ സ്വിഫ്റ്റ് ആക്കിയതാ . കായിള്ളോര്‍ കാറില് തന്നെല്ലേ നടക്ക്വ ?

ഏതെങ്കിലും ഒരു പ്രവാസിയുടെ ഭാര്യ എന്തെങ്കിലും ആവശ്യത്തിനു പുറത്ത് പോകുന്നത് കണ്ടാല്‍ നാട്ടു വാസി  പറയും :

'ഓള്‍ക്ക് വെലസുക തന്നെയാ പണി . എന്നും കാണാം ഇങ്ങനെ മാറ്റി പോണൂ . എവുടുക്കാ ന്ന് ച്ചു ഒരു കുറ്റില്ലാ ..
കായി ണ്ടല്ലോ ഇട്ടം പോലെ ..  ഒനാനെങ്കി ഇബടെ ഒട്ടു ഇല്ലേനും . കറങ്ങന്ന്യേ ഓക്ക് പണി .

നാട്ടുവാസിയുടെ ഭാര്യ ആണ് ഇങ്ങനെ പോകുന്നത് എങ്കില്‍ :
'ആ താത്ത / ചേച്ചി  വല്ല ആശുപത്രീക്കും എക്കാരം പോണത് . ആരെങ്കിലും അല്ഷിഫീലോ മൌലാനീലോ ണ്ടാകും ...!!

പ്രവാസിയുടെ മക്കള്‍ നല്ല ഒരു സ്കൂളിലാണ് പഠിക്കുന്നത് എന്ന് കേള്‍ക്കുമ്പോ :

'ഓലൊക്കെ മ്മളെ സാദാ സ്കൂളില്‍ പടിപ്പിക്ക്വോ . വി ഐ പി സ്കൂളില്ലല്ലേ പഠിപ്പിക്കൂ . ബല്യ ബലിപ്പത്തരം അതൊക്കെ അല്ലെ ?

ഇനി നാട്ടുവാസിയുടെ കുട്ടിയെ കുറി ച്ചാണെകിലോ ?

'ഓന്റെ മോനൊക്കെ തുക്കടാ സ്കൂളിലൊന്നും അല്ല പഠിക്കുന്നെ
വമ്പന്‍ സ്കൂളിലാ ...  അബടെ മാസം മാസം ഫീസെന്നെ ണ്ടാകും നല്ല ഒരു സംഖ്യ !

പ്രവാസിയുടെ മകളെ നല്ല സാമ്പത്തിക ശേഷിയുള്ള ഒരാളെ കൊണ്ട് കെട്ടിച്ചാല്‍ :

'ഓന്റെ മകളെ ഒരു പണച്ചാക്കിനെ കൊണ്ടാ കെട്ടിച്ചത്..'

നാട്ടു വാസിയാണ് മോളെ ഇങ്ങനെ കെട്ടിച്ചത്  എങ്കിലോ ?

'നല്ല കായിള്ള ടീമാ ഓനെന്നു തോന്നുണൂ . എന്താ ഓന്റെ കാറും
വേസോം പത്രാസും . നൂറും നൂറും കൊടുത്താലെന്താ ? അതിനു മാത്തരം ഓനും ണ്ടല്ലോ ..

മഹല്ലിലെ പള്ളി പുനര്‍ നിര്‍മ്മാണം സംബന്ധിച്ച പിരിവു നല്‍കിയവരുടെ പേര് വായിക്കുകയാണ് സെക്രട്ടറി

തെക്കും കാട് മമ്മദ് - പതിനായിരം ഉറുപ്പിക
കോഴിപ്പാടത്ത് ചേക്കു - പതിനയ്യായിരം ഉറുപ്പിക
കുറുക്കന്‍ അയമോട്ടി - ഇരുപതിനായിരത്തി ഒന്ന് ഉറുപ്പിക

നമ്മുടെ മഹല്ല് പ്രസിഡന്റും കാരണവരും ആയ ബഹുമാനപ്പെട്ട  ആലിക്കുട്ടി ഹാജി അമ്പതി നാആആആആആആആആ .....യിരം  ഉറുപ്പിക .. ചെല്ലിന്‍ മക്കളെ സ്വലാത്ത് !!!

ആരവം ഒടുങ്ങിയ ശേഷം .

പിന്നെ ജിദ്ദയില്‍ നിന്ന് ഉമ്മര്‍ ഒരു അമ്പതിനായിരം
മസ്ക്കത്തില്‍ നിന്ന് നജീബ് അമ്പത്
ഖത്തറില്‍ നിന്ന് മുഹമ്മദ്‌ അലി ഒരു അമ്പത്
കുവൈത്തില്‍ നിന്ന് ഷാനവാസ് അമ്പത് ..


'കാക്കാ ഇതിലൊരു കയിലിട്ടത് കണ്ടില്ലേ ങ്ങള് ?


ഇത്രയേറെ ദുഷ്ക്കരമായ വഴിയിലൂടെയാവും യാത്രയെന്ന് നിനച്ചില്ല .
രാവിലെ ഒമ്പത് പത്തിന് വീട്ടില്‍ നിന്നിറങ്ങിയതാണ് . ടൌണില്‍ എത്താന്‍  തന്നെ രണ്ടു മണിക്കൂറിലേറെയെടുത്തു . ഇനിയും ഒന്നൊന്നര മണിക്കൂര്‍ യാത്ര വേണ്ടി വരുമെന്ന് തോന്നുന്നു . വളഞ്ഞു തിരിഞ്ഞു ഒരു പാട് കയറ്റവും ഇറക്കവുമൊക്കെയുള്ള റോഡിലൂടെ യാണ് ഞാന്‍ കയറിയ ബസ്സ്‌ ഓടിക്കൊണ്ടിരിക്കുന്നത് .

ബസ്സില്‍ ചുരുങ്ങിയത് രണ്ടു ബസ്സിനു എങ്കിലുമുള്ള ആളുകളുണ്ട് .
എന്നിട്ടും അത്  മരണപ്പാച്ചില്‍ നടത്തുകയാണ് . റോഡ്‌ മോശമാണ് എന്ന് വെച്ച് സ്പീഡിനു കുറവൊന്നും ഇല്ല . ഇനി നല്ല കാലത്തിനു മെല്ലെ എങ്ങാനും പോയാലോ ? ഇതെന്തു 'പോത്തും വണ്ടി' എന്ന് ശപിക്കാനും ആളുണ്ടാവും . എല്ലാവരും ഭയങ്കര തിരക്കിലാണ് .
ജീവിത പിടച്ചിലടങ്ങും വരെ ഇങ്ങനെ തീപ്പിടിച്ചു ഓടും .

ഒരു ട്രപ്പീസ് കളിക്കാരന്റെ മെയ് വഴക്കത്തോടെ ചുണ്ടിലെരിയുന്ന സിഗരറ്റ് പകര്‍ന്നു നല്‍കുന്ന  ആവേശ ലഹരിയില്‍ ഏതോ ഹിറ്റ്‌ ഗാനം മൂളി 'വളയാഭ്യാസം ' നടത്തുകയാണ് ഞങ്ങളുടെ ഡ്രൈവര്‍ . പേടിച്ചു വിറച്ചാണ് എന്റെ ഇരിപ്പ് .

ഇയ്യിടെയായി  പേടി ഇത്തിരി കൂടിയിട്ടുണ്ടോ എന്നൊരു സംശയം നേരത്തെ തന്നെ എനിക്ക് ഉണ്ട് . ഒരിക്കല്‍ മോളോടൊപ്പം റോഡ്‌ ക്രോസ്  ചെയ്യുമ്പോള്‍ മോളെ ന്നെ കളിയാക്കിയത് അന്നേരം ഞാനോര്‍ത്തു .
'ഈ ഉപ്പാക്ക് എന്തൊരു പേടിയാ ..'

പ്രവിശാലമായ വണ്‍ വേ യിലൂടെ യാത്ര ചെയ്തു ശീലിച്ച എന്നെ പോലെയുള്ള പ്രവാസികള്‍ക്കേ ഇത്തരം ആധികളുള്ളൂ എന്നെനിക്കു തോന്നി . സ്ത്രീകളും കുട്ടികളും വൃദ്ധരും ഒക്കെ ഒരു ഭാവ ഭേദവും ഇല്ലാതെയാണ് ബസ്സിലിരിക്കുന്നതും വവ്വാലുകളെ പോലെ കമ്പിയില്‍ തൂങ്ങി നില്ക്കുന്നതും . ബ്രേക്ക് ചവിട്ടുന്നതിനനുസരിച്ച് , കമ്പിയില്‍ പിടിച്ചു നില്ക്കുന്ന യാത്രക്കാര്‍ കൂട്ടത്തോടെ മുന്നിലേക്കായുന്നു . അതെ വേഗതയില്‍ പിന്നിലേക്ക്‌ മലക്കുന്നു . ഒരു വടം വലി മത്സരം കാണുന്ന പോലെ തോന്നിച്ചു ആ ദൃശ്യങ്ങള്‍ .

ടൌണില്‍ നിന്ന് കേറിയത്‌ കൊണ്ട് സീറ്റ് കിട്ടി . അര മണിക്കൂര്‍ ഇടവിട്ടേ മന്‍സൂറിന്റെ (ശരിയായ പേരല്ല ) ഗ്രാമത്തിലേക്ക് ബസ്സുള്ളൂ എന്ന് അവന്‍ പറഞ്ഞിരുന്നു .

പുറത്തേക്കു നോക്കിയിരിക്കാന്‍ നല്ല രസമുണ്ട് . വയലേലകളും കുന്നുകളും പാറക്കെട്ടുകളും വീടുകളും ഒക്കെ പിറകിലേക്ക് ഓടി മറയുന്നത് കണ്ടിരിക്കാന്‍ നല്ല ഹരമാണ് . കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ കാലികള്‍ മേഞ്ഞു നടക്കുന്നു . അവയുടെ പുറത്തും കാതോരങ്ങളിലും കാക്കകളും മൈനകളും 'പേനെടുക്കാനെന്ന വണ്ണം ' വന്നിരിപ്പുണ്ട് . ആ രംഗം കണ്ടപ്പോള്‍ മനുഷ്യര്‍ക്കിടയില്‍ മാത്രമല്ല പക്ഷി മൃഗാദി കള്‍ക്കിടയിലും ഉണ്ട് പരസ്പര സഹായ സഹരണ സംഘങ്ങളെന്ന ഒരു തമാശ മനസ്സിലിരുന്നു ചിരി തൂകി

മന്‍സൂറിന്റെ വീട്ടിലേക്കുള്ള വഴി എഴുതിയ കൊച്ചു കടലാസ്സില്‍ നിന്ന് ഇറങ്ങേണ്ട സ്ഥലം ഒന്ന് കൂടി ഉറപ്പു വരുത്തി . എന്റെ സുഹൃത്ത്‌  ആണ് . രണ്ടാളുടെയും വെക്കേഷന്‍ ഒന്നിച്ചു  വന്നത് നന്നായി . വീടിന്റെ പണി മുഴുവനും കഴിഞ്ഞില്ല . സഹായിക്കാന്‍  കഴിയും വിധം  സഹായിച്ചിട്ടുണ്ട് . പുര പ്പണി എരപ്പണി ആണ് എന്ന് പഴമക്കാര്‍ പറഞ്ഞത് വെറുതെയല്ല !
പണി ഇവിടം വരെ എത്തിയപ്പോഴേക്കും അവനൊരു വഴിക്കായി .

'അടുത്ത സ്റ്റോപ്പ്‌ ആണ് നിങ്ങളുടേത് . എണീറ്റ് ഇപ്പോഴേ നടന്നോളൂ '
സഹ യാത്രികന്‍ ഉപദേശിച്ചു . ഞാന്‍ എഴുന്നേറ്റു പിന്നിലേക്ക്‌ നടന്നു .
ഒരു വിധത്തിലാണ് എന്നെ ബസ്സില്‍ നിന്ന് ഊരിയെടുത്തത്‌ !

സമയം ഒരു പാടായിരിക്കുന്നു . യാത്രാ ദൈ ര്‍ഘ്യത്തെ കുറിച്ചുള്ള കണക്കു കൂട്ടലാണ് തെറ്റിയത് . ഇനി ഇവിടെ നിന്ന് ഒരു ഓട്ടോയില്‍ പോകണം . ആദ്യം കണ്ട ഓട്ടോക്കാരനോട്  മന്‍സൂറിന്റെ വീട്ടു പേര് പറഞ്ഞു . കേറിക്കോളൂ .. ഓട്ടോ ക്കാരന്‍ പറഞ്ഞു .

ഓട്ടോ 'പറക്കാന്‍' തുടങ്ങി . വെട്ടിച്ചും ഞെട്ടിച്ചും പേടിപ്പിച്ചും ആയിരുന്നു അവന്റെ 'പറപ്പിക്കല്‍ ' . ഒടുവില്‍ ഒരു വീടിനു മുമ്പില്‍ ഓട്ടോ നിന്നു . ആ കാണുന്നതാണ് വീട്
അവന്‍ ചൂണ്ടിക്കാണിച്ചു . അവനു എല്ലാം അറിയാം .

മന്‍സൂര്‍ എന്നെ കണ്ടതും  ഓടിവന്നു കൈപിടിച്ചു .
അതിഥി കളൊക്കെ വന്നു പോയി കഴിഞ്ഞിരിക്കുന്നു . പന്തലില്‍ അവിടെയും ഇവിടെയുമായി കുറച്ചു ആളുകളെ ഉള്ളൂ . പണിക്കാര്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയാണ് .

''നീ ആദ്യം ഭക്ഷണം കഴിക്ക് . സംസാരമൊക്കെ  പിന്നെ ..''
മന്‍സൂര്‍ എന്നെ ഒരാളെ ഏല്പ്പിച്ചു . 'എന്റെ ഫ്രണ്ട് ആണ് ഭക്ഷണം കഴിച്ചില്ല .'

അയാള്‍ എന്നെ കൂട്ടിക്കൊണ്ടു പോയി ഒരു സീറ്റില്‍ ഇരുത്തി .
ഭക്ഷണം എത്തി . നെയ്ച്ചോറും കോഴിക്കറിയും ചിക്കന്‍ ഫ്രൈയും ഒക്കെയാണ് വിഭവങ്ങള്‍ . പോരാത്തതിന് തൈരും ചമ്മന്തിയും ഉണ്ട് . വലിയ കുണ്ടുള്ള ഒരു പാത്രത്തില്‍ ചൊക ചൊകന്ന കോഴിക്കറി . കോഴിയുടെ വലിയ പീസുകള്‍ കറിയില്‍ മുങ്ങാം കുഴിയിട്ട് കിടക്കുന്നു
ആവശ്യത്തിനു എടുത്ത്  ഒഴിക്കാന്‍ പാകത്തില്‍ നിറയെ പൂക്കളുള്ള ഫൈബറി ന്റെ കയില്‍ . നല്ല വിശപ്പ്‌ ഉണ്ടായിരുന്നു എനിക്ക് .

ഭക്ഷണം കഴിച്ചു തുടങ്ങി . ഒറ്റയ്ക്കാണ് . വേറെ ആരെയും കണ്ടില്ല കൂടെ ഇരിക്കാന്‍ . കഴിച്ചു തുടങ്ങിയതേയുള്ളൂ . അപ്പോഴുണ്ട് നേരത്തെ എന്നെ ഭക്ഷണം കഴിക്കാന്‍ സ്വീകരിച്ചിരുത്തിയ ആള്‍ ഒരാളു മായി  വരുന്നു . 'ദാ ങ്ങള് ഇബടെ ഇരുന്നു തിന്നോളീ .. '

ഒരു വൃദ്ധന്‍ . മുഷിഞ്ഞ വേഷം . ഒരു വോയില്‍ മുണ്ട് കൊണ്ട് തലയില്‍ മുറുകെ കെട്ടിയിരിക്കുന്നു . ഉജാല മുക്കിയ വെള്ളത്തുണിയും കുപ്പായവും . ഊശാന്‍ താടി . നരക്കാന്‍ ഇനി ഒരൊറ്റ മുടിനാരു പോലും ബാക്കിയില്ല . ഏതോ വഴി പോക്കനാവും .
പാവം ഫഖീര്‍ . ഞാന്‍ മനസ്സില്‍ പറഞ്ഞു .

ഞാനദ്ദേഹത്തിന്റെ പ്ലേറ്റിലേക്ക് ചോറിട്ടു കൊടുത്തു . കുറച്ചു കറിയും
ഒന്ന് രണ്ടു കഷ്ണങ്ങളുംഒഴിച്ച് കൊടുത്തു . അദ്ദേഹം ചോറും കറിയും നന്നായി കൂട്ടിക്കുഴച്ചു കഴിക്കാന്‍ തുടങ്ങി .

ഒടുവില്‍ ചോറും ചാറും കൂട്ടിക്കുഴച്ച ആ കൈ കൊണ്ട് കറി പ്പാത്രത്തില്‍ കയ്യിട്ടു മുക്കി അയാള്‍ ഒരു കോഴിക്കഷ്ണം കൂടി  എടുത്തു അയാളുടെ പ്ലേറ്റിലേക്കിട്ടു .

കറിപ്പാത്രത്തില്‍ നല്ല വൃത്തിയും ചന്തവുമുള്ള കയിലുണ്ടായിട്ടും ഇയാളെന്ത് പണിയാണ് ഈ ചെയ്തത് ? എനിക്ക് വല്ലാത്ത ഒരു അനിഷ്ടം തോന്നി .

ഞാന്‍ അയാളോട് പറഞ്ഞു: 'കാക്കാ ഇതിലൊരു കയിലിട്ടത് കണ്ടില്ലേ ങ്ങള് ?

'അയിനെന്താ ഞ്ചെ കജ്ജിമ്മെ നജസ് (അഴുക്ക്  ) ഉണ്ടോ ?
അയാള് എന്നോട് ക്രുദ്ധനായി പറഞ്ഞു .
കുട്ടി ഏതു നാട്ടുകാരനാണ് ?

ഞാന്‍ കൂടുതലൊന്നും പറയാതെ എണീറ്റു .

ഒടുവില്‍ മന്‍സൂറിന്റെ വീടൊക്കെ ചുറ്റി നടന്നു കാണുകയാണ് ഞാന്‍.
പന്തല്‍ കാരെയും പണിക്കാരെയും പിരിച്ചു വിടുന്ന തിരക്കിലാണ് മന്‍സൂര്‍ . ഞാന്‍ വീടൊക്കെ ഒന്ന് കാണട്ടെ . നീ എന്നെ ശ്രദ്ധിക്കേണ്ട . ഞാനവനോട് പറഞ്ഞു .

അങ്ങനെ ഓരോ റൂമും കണ്ടു കണ്ടങ്ങനെ നീങ്ങിയിട്ടൊടുവില്‍ ഞാനെത്തിയത് മാസ്റ്റര്‍ ബെഡ് റൂമിലാണ് . വാതില്‍ പാതി ചാരിയിട്ടെ ഉള്ളൂ . ഞാന്‍ മെല്ലെ കതക് തുറന്നു  അകത്തേക്ക് നോക്കി . അവിടെ രാജകീയമായി സജ്ജീകരിച്ച കട്ടിലില്‍ പതു  പതുത്ത മെത്തയില്‍ ഒരാള്
കിടക്കുന്നു . മുകളില്‍ നല്ല വേഗതയില്‍ ഫാന്‍ കറങ്ങുന്നുണ്ട് .
ഞാന്‍ അയാളെ ഒന്നേ നോക്കിയുള്ളൂ ...!!

വിശ്വാസം വരാതെ ഞാന്‍ നിന്നു . എന്നോടൊപ്പം ഭക്ഷണം കഴിക്കാനുണ്ടായിരുന്ന ആ വൃദ്ധനായിരുന്നു അത് . ഭാഗ്യം അയാളെന്നെ കണ്ടില്ല .

മെല്ലെ വാതില്‍ ചാരി തിരിച്ചു നടക്കുമ്പോള്‍ ആദ്യം കണ്ട ഒരാളോട് ഞാന്‍ ചോദിച്ചു :
ആ റൂമില്‍ കിടക്കുന്നത് ആരാണ് ?
അറീലേ  ? വല്ലാത്ത ആദരവോടെയാണ് അയാള് പറഞ്ഞത് .
അത് ഞമ്മളെ മാനു ഹാജി .. മന്‍ സൂറിന്റെ ഉപ്പേയ് ..!!
 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്