2012, ഡിസംബർ 6, വ്യാഴാഴ്‌ച

ഉരുളയ്ക്ക് ഉപ്പേരി


മഴവില്ല് ഓണ്‍ ലൈന്‍ മാഗസിനിലെ 'ഉരുളയ്ക്ക് ഉപ്പേരി' 
എന്ന പംക്തിയില്‍ പ്രസിദ്ധീകരിച്ചത് .





ചോദ്യങ്ങള്‍

1) ഉസ്മാന്‍ ഇരിങ്ങാട്ടിരി ഒരു തണുപ്പനും പേടിത്തൊണ്ടനും ആത്മ വിശ്വാസം ഇല്ലാത്ത ആളുമാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരോടു എന്ത് പറയും ?

അവരോട് ഒന്നും പറയില്ല , നേരില്‍ കണ്ടാല്‍ ഒരു ഷേക്ക്‌ ഹാന്‍ഡ്‌ കൊടുക്കും..!!





2) താങ്കളുടെ ജ്യേഷ്ഠന്‍ അബു ഇരിങ്ങാട്ടിരി അറിയപ്പെടുന്ന കഥാകൃത്താണ്. താങ്കളും ബ്ലോഗിലും അല്ലാതെയും കവിതകളും കഥകളും എഴുതുന്ന വ്യക്തിയും. ഇതെന്താ ഈ എഴുത്ത് പരിപാടി താങ്കളുടെ കുടുംബ ബിസിനസ് ആണോ ?

എഴുത്ത് ബിസിനസ് ആണെന്ന് ഇത് വരെ തോന്നിയിട്ടില്ല . ബിസിനസ്സിനോട് എഴുത്തിനെ ചേര്‍ത്തി പറയുന്നതെ ശരിയല്ല എന്ന പക്ഷക്കാരനാണ് . ബിസിനസ്സില്‍ ലാഭവും നഷ്ടവും ഉണ്ടാകും . എഴുത്ത് ലാഭത്തിനോ നഷ്ടത്തിനോ അല്ല . അത് ഒരു വീര്‍പ്പു മുട്ടല്‍ ആണ് . എഴുതിക്കഴിയുമ്പോള്‍ ലഭിക്കുന്ന സ്വാസ്ഥ്യവും ആശ്വാസവും തന്നെയാണ് ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ സംഗതി. പത്തു അംഗങ്ങളുള്ള കുടുംബത്തില്‍ വേറെ ആര്‍ക്കും ദൈവ കൃപയാല്‍ ഈ 'അസുഖം' പിടിപെട്ടിട്ടില്ല . '


3) കടല കൊറിക്കാന്‍ നല്ല രസമാണ്.കടലമണി ക്കവിതകള്‍ എന്ന പേരില്‍ താങ്കള്‍ എഴുതുന്ന കുഞ്ഞിക്കവിതകളും ഏറെ രസമുള്ളതാണ്‌ .എന്താണ് താങ്കള്‍ കുറച്ചു കൂടി വലിയ ആഹാര സാധനങ്ങളുടെ സ്റ്റൈലില്‍ ഉള്ള ഉദാഹരണം ; 'പടവലങ്ങ കവിത' ,'വെണ്ടയ്ക്ക' കവിത എന്നിങ്ങനെ എഴുതാത്തത് ?

'കപ്പല്‍ 'കവിതകളേക്കാള്‍ കുറിക്കാനും കൊറിക്കാനും രസമുള്ളത് 'കപ്പലണ്ടി'ക്കവിതകള്‍ ആണ് . വലിയ കവിതകള്‍ നന്നേ ചെറിയ ഒരു ന്യൂനപക്ഷത്തിനേ ദഹിക്കൂ . ഇതാകുമ്പോള്‍ ഏത് പ്രായക്കാര്‍ക്കും ദഹിക്കും.. വാക്കുകള്‍ പൊട്ടിച്ചും അടര്‍ത്തി മാറ്റിയും ചേര്‍ത്ത് വെച്ചും പുതിയ ഒരു ആശയം കിട്ടുമ്പോള്‍ കൌതുകം മാത്രമല്ല , നര്‍മ്മ രസവും ഉണ്ടാകുന്നു. അവയില്‍ നല്ല ആശയങ്ങള്‍ കൂടിയുണ്ടാകുമ്പോള്‍ അതിനു സ്വാദ് കൂടുന്നു. ഈ പംക്തിയുടെ പേര് 'ഉരുളക്ക് ഉപ്പേരി ' എന്നാണല്ലോ . ഇതിലെ 'ഉപ്പേരിയെ' 'ഉപ്പേറി' ആക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രത്യേക രസമുണ്ടല്ലോ അത് തന്നെയാണ് ഇത്തരം കവിതകളുടെ ധര്‍മ്മവും നര്‍മ്മവും മര്‍മ്മവും സാധ്യതയും . കുഞ്ഞുണ്ണിക്കവിതകള്‍ ഇന്നും ആളുകള്‍ നല്ല രസത്തോടെ കൊറിക്കുന്നതും ആസ്വദിക്കുന്നതും ഈ ഗുണം കൊണ്ടാണ് . പിന്നെ 'മത്തങ്ങ'ക്കവിതയും 'ചുണ്ടങ്ങ'ക്കവിതയും എഴുതിയിട്ടുണ്ട് . അധികം വൈകാതെ തനി 'തണ്ണി മത്തന്‍' കവിതയും എഴുതിയാലോ എന്ന് തോന്നുന്നുണ്ട് ഈ ചോദ്യം കേട്ടപ്പോള്‍ .


4) താങ്കളുടെ കഥകള്‍ പലതും വായിച്ചിട്ടുണ്ട്.കൂടുതലും ആര്‍ദ്രത ഉളവാക്കുന്നവയാണ്. ആ കഥകള്‍ വായിച്ചു തുള്ളിച്ചാടാനോ ,എന്തെങ്കിലും തച്ചുടയ്ക്കാനോ , തോന്നാത്തത് എന്തുകൊണ്ടാവാം ?

ചോദ്യത്തില്‍ തന്നെ ഉത്തരവും ഉണ്ടല്ലോ . ആര്‍ദ്രതയുള്ള കഥകള്‍ വായിച്ചു ആരെങ്കിലും തുള്ളിച്ചാടുകയോ എന്തെങ്കിലും തല്ലിപ്പൊളിക്കുകയോ ചെയ്‌താല്‍ അതിനു പേര് വേറെ അല്ലെ?

5) ഒളിച്ചോട്ടം ഇഷ്ടമാണോ ? എത്ര പ്രാവശ്യം എവിടെ നിന്നെല്ലാം ഒളിച്ചോടിയിട്ടുണ്ട് ?

ഒളിച്ചോടാന്‍ തോന്നാറുണ്ട് പലപ്പോഴും . രംഗം പന്തിയല്ലെന്നു കണ്ടാല്‍ പെട്ടെന്ന് അവിടം വിടാറാണ് പതിവ് . അത് കൊണ്ട് തന്നെ എത്രപ്രാവശ്യം ഒളിച്ചു ഓടി , ഒളിക്കാതെ ഓടി എന്ന് കണക്കെടുപ്പ് നടത്താന്‍ കഴിയില്ല . ഈ സ്വഭാവം കൊണ്ടാവാം ഇത് വരേയ്ക്കും ആരുടെയടുത്തു നിന്നും 'കിട്ടിയിട്ടില്ല ' ആര്‍ക്കും 'കൊടുത്തിട്ടുമില്ല ' !


6) മിന്നുന്നതെല്ലാം പൊന്നല്ല എന്ന് പഴഞ്ചൊല്ല് ശരിയാണ് എന്ന് തോന്നിയിട്ടുണ്ടോ ?

മിന്നാത്തതും ചിലതൊക്കെ പൊന്നാണ് എന്ന് തോന്നിയിട്ടുണ്ട്!


7) ജിദ്ദയിലെ സാംസ്കാരിക സമ്മേളനങ്ങളില്‍ താങ്കള്‍ സ്ഥിരമായി പങ്കെടുക്കുന്നതായി ഒരു കിംവദന്തി ഉണ്ട്.അത്തരം യോഗങ്ങള്‍ക്ക് പോകുമ്പോള്‍ സംഘാടകരും പ്രാസംഗികരും കേള്‍വിക്കാരും എടുക്കുന്ന മുന്‍കരുതലുകള്‍ എന്തൊക്കെയാണ് ?





മുന്‍കരുതല്‍ ആയി ഒന്നേ വേണ്ടൂ ; പരിപാടികള്‍ക്ക് പോകും മുമ്പ് അവനവന്റെ തൊലിക്കട്ടി സ്വയം പരിശോധിച്ച് ബോധ്യപ്പെടുക ..!


8) ബാല്‍ താക്കറെ താങ്കളുടെ അയല്‍വാസിയായി പുനര്‍ ജനിച്ചാല്‍ ?

മഹാരാഷ്ട്രയുടെ 'തല ' സ്ഥാനം ഇരിങ്ങാട്ടിരിലേക്ക് മാറ്റും






9 ) ലോക സമാധാനം ഉണ്ടാകാന്‍ താങ്കള്‍ എന്ത് സംഭാവന ചെയ്യും ?
അതിനു വേണ്ടി ഒരു 'സംഭാവന' പിരിക്കുന്നുണ്ടെങ്കില്‍ അതിലേക്കു മനസ്സറിഞ്ഞു വല്ലതും നല്‍കും ...!




ചോദ്യങ്ങള്‍ തയ്യാറാക്കിയത് :
രമേശ്‌ അരൂര്‍ 












വര:
ഇസ് ഹാഖ് നിലമ്പൂര്‍ 



2012, ഡിസംബർ 3, തിങ്കളാഴ്‌ച

ആയിരത്തിന്റെ ഒറ്റനോട്ട്





പ്രവൃത്തി ദിവസത്തിന്റെ പകുതിയും പിന്നിട്ട്, ഉച്ചച്ചടവിന്റെ ആലസ്യത്തില്‍ , മിഴിതുറന്നു പിടിച്ചു  ജോലി തുടരുമ്പോള്‍ , ഒരു മിസ്സ്‌ഡ് കോള്‍ .
വീട്ടില്‍  നിന്നാണ്. തിരിച്ചു വിളിക്കുമ്പോള്‍ മറുതലക്കല്‍ ചെറിയ മോള്‍ .
'ഹലോ ..' എന്നൊന്നും പറഞ്ഞു തുടങ്ങാതെ വല്ലാത്തൊരാവേശത്തില്‍  അവളൊരു  ചോദ്യമെറിഞ്ഞു

'ഉപ്പാ.. ഇപ്പൊ എന്‍റെ മടിയില്‍ ഒരു കുട്ടിയുണ്ട്‌ . ഇത് ആരുടെ കുട്ടിയാണെന്ന്  പറയാമോ..'?

പരിചയമുള്ള സ്വന്തത്തിലും ബന്ധത്തിലും ആയിടെ ജനിച്ച ഏതാണ്ട് എല്ലാ കുട്ടികളുടെയും  പേര് പറഞ്ഞു.
അവള്‍ 'അല്ല , അല്ല..'എന്ന്  തുടര്‍ന്നുകൊണ്ടിരുന്നു.
ഒടുവില്‍ 'ഞാന്‍ തോറ്റു'എന്ന് പറഞ്ഞപ്പോള്‍ അവള്‍  പറഞ്ഞു :
'ഇത് നിങ്ങളുടെ സ്റ്റുഡന്റ്  മുനവ്വറലി തങ്ങളെ മോനാണ്..'



ട്രെയിനിംഗ് കഴിഞ്ഞ പിറ്റേവര്‍ഷം തന്നെ, വളാഞ്ചേരി  മര്‍ക്കസ് റസിഡന്ഷ്യല്‍ ഹൈസ്ക്കൂളിലാണ്  ആദ്യമായി അധ്യാപക  നിയമനം ലഭിക്കുന്നത്.

ഒരു പുതിയ അധ്യയനവര്‍ഷം തുടങ്ങാനിരിക്കുകയാണ് . പതിവു പോലെ ഒരുപാട് പുതിയ കുട്ടികള്‍ അഡ്മി ഷന്‍ തേടി  എത്തിയിട്ടുണ്ട് . രക്ഷിതാക്കള്‍ ഗള്‍ഫിലുള്ള കുട്ടികളാണ്  ഭൂരിഭാഗവും. കൂട്ടത്തില്‍ നാട്ടില്‍
തന്നെയുള്ള ചില പ്രമുഖ വ്യക്തികളുടെ  മക്കളുമുണ്ട്. അവരിലൊരു വി.വി.ഐ.പി കുട്ടിയുമുണ്ടായിരുന്നു.

കേരളത്തിന്‍റെ കണ്ണും കാതും കരളുമൊക്കെയായിരുന്ന പാണക്കാട്   സയ്യിദ് മുഹമ്മദലി  ശിഹാബ്  തങ്ങളുടെ ഇളയ മകന്‍ സയ്യിദ് മുനവ്വറലി   ശിഹാബ്  തങ്ങള്‍ ആയിരുന്നു ആ കുട്ടി .

കുട്ടികളെ ചേര്‍ക്കാന്‍ വന്ന രക്ഷിതാക്കളുടെ കൂട്ടത്തില്‍ ശിഹാബ് തങ്ങളുമുണ്ട്.  അന്നേരം , മര്‍ക്കസിന്‍റെ പ്രസിഡണ്ട് കൂടിയായ തങ്ങളുടെ കുട്ടിയെ ചേര്‍ക്കാന്‍ തങ്ങള്‍ തന്നെ വരേണ്ടിയിരുന്നോ എന്ന  ഒരു ചോദ്യം ഞങ്ങള്‍ അധ്യാപകരുടെയും ഓഫീസ് സ്റ്റാഫിന്‍റെയുമൊക്കെ മനസ്സില്‍ കിടന്ന് ഓളം വെട്ടുന്നുണ്ടായിരുന്നു.

അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് തങ്ങള്‍ മര്‍ക്കസ് സെക്രട്ടറി കെ.ടി.കുഞ്ഞുട്ടി  ഹാജിക്കൊപ്പം ക്യാമ്പസില്‍ തന്നെയുള്ള ഗസ്റ്റ് ഹൌസിലേക്ക് പോയി. അല്‍പ്പം കഴിഞ്ഞ്, പ്യൂണ്‍  ഓടി വന്ന് പറഞ്ഞു: 'സെക്രട്ടറി ഗസ്റ്റ് ഹൌസിലേക്ക് വിളിക്കുന്നു ..'ഞങ്ങള്‍ മൂന്നുനാല് അധ്യാപകര്‍  ആകാംക്ഷയോടെ  ഗസ്റ്റ് ഹൌസിലെത്തി.

നിരത്തിയിട്ട സോഫയില്‍  തങ്ങള്‍ക്കഭിമുഖമായി , കണ്ണെടുക്കാന്‍ കഴിയാത്ത ആ പ്രസാദസാന്ദ്രിമയിലേക്ക് തന്നെ നോക്കി ,  തങ്ങള്‍  പറയുന്നതെന്തെന്ന് കാതോര്‍ത്ത്, ഞങ്ങളിരുന്നു.

സൗമ്യതയില്‍ ചാലിച്ച അദ്ദേഹത്തിന്‍റെ ദൃഡമായ വാക്കുകള്‍  ഞങ്ങള്‍   ഇങ്ങനെ കേട്ടു.
'മുനവ്വര്‍ എന്‍റെ കുട്ടിയാണ്എന്നതൊക്കെ ശരി തന്നെ. പക്ഷേ, മറ്റുകുട്ടികളേക്കാള്‍ ഒരു പരിഗണനയും മുനവ്വറിന് നല്‍കരുത്. അവര്‍ എവിടെ താമസിക്കുന്നുവോ അവിടെത്തന്നെ മുനവ്വറിനെയും താമസിപ്പിക്കണം.അവര്‍ക്ക് എന്താണ് ഭക്ഷണം നല്‍കുന്നത് അതു മാത്രമേ മുനവ്വറിനും  നല്‍കാവൂ...'

വിസ്മയവും ആദരവും ഇഴപിരിഞ്ഞ ഒരു വല്ലാത്ത വൈകാരിക ഭാവത്തോടെയാണ് അന്ന് ഞങ്ങള്‍ ഗസ്റ്റ് ഹൌസില്‍ നിന്നിറങ്ങിപ്പോന്നത്.

പിന്നീട്, കൊടപ്പനക്കല്‍   തറവാടിന്റെ കുലീനതയും പ്രൌഡിയും ഗരിമയും വിനയവുമൊക്കെ മര്‍ക്കസ് ക്യാമ്പസിലാകെ പ്രസരിപ്പിച്ച്, അധ്യാപകരുടെയും കുട്ടികളുടെയും ബഹുമാനവും , നിറഞ്ഞ സ്നേഹവും
ഏറ്റുവാങ്ങി, ഇടുങ്ങിയ ഡബിള്‍ ഡക്കര്‍ ഇരുമ്പ്  കട്ടിലില്‍ ഉറങ്ങിയും ബാത്ത് റൂമിന്‌ മുമ്പില്‍ ക്യൂ നിന്നും, പള്ളിയില്‍നിന്ന് നമസ്ക്കാരം കഴിഞ്ഞിറങ്ങി, ഭക്ഷണത്തിനു വേണ്ടി കിച്ചണിലേക്ക് വരി തെറ്റാതെ നടന്നു നീങ്ങിയും രണ്ടായിരത്തോളം  വരുന്ന കുട്ടികളിലൊരാള്‍ മാത്രമായി തങ്ങളുടെ മോനും ...!



എസ്.എസ്.എല്‍ . സിക്ക് നൂറു ശതമാനം വിജയം എന്നതായിരുന്നു മര്‍ക്കസിന്റെ അക്കാലത്തെ ഹൈലൈറ്റ്. ഓരോ വര്‍ഷവും ആ ചരിത്രം നിലനിര്‍ത്താന്‍ ഞങ്ങള്‍ അധ്യാപകരും വിദ്യാര്‍ഥികളും  നന്നായി പണിയെടുക്കുമായിരുന്നു. എല്ലാം കഴിഞ്ഞ് പരീക്ഷയുടെ തൊട്ടു മുമ്പത്തെ ചൊവ്വാഴ്ച ഹെഡ് മാസ്റ്റര്‍ ഓച്ചിറക്കാരന്‍ അഹ്മദ് കുഞ്ഞ് സാറിന്റെ നേതൃത്വത്തില്‍ , എസ് . എസ്  എല്‍ . സി കുട്ടികളും അധ്യാപകരും കൂടി പാണക്കാട് പോവുക പതിവുണ്ടായിരുന്നു.

മര്‍ക്കസിന്റെ ബസ്സ് കൊടപ്പനക്കല്‍  തറവാടിന്റെ ഗേറ്റിനു മുമ്പില്‍ പ്രത്യക്ഷപ്പെടുന്നതോടെ, തിമര്‍ത്തുപെയ്യുന്ന സങ്കടപ്പെരുമഴയില്‍ നിന്ന് തലതോര്‍ത്തി, എഴുന്നേറ്റു വന്ന്, തങ്ങള്‍ ഞങ്ങളെ സ്വീകരിക്കും. പൂമുഖത്തോട് ചേര്‍ന്ന് വലതുവശത്തുള്ള മുറിയിലേക്ക് ഞങ്ങളെ ആനയിക്കും. പലഹാരങ്ങള്‍ -കറുത്ത അലുവയും ചിപ്സും ഈത്തപ്പഴവും കട്ടന്‍ ചായയും - കൂടെ ഹൃദയത്തിലിറ്റുന്ന സ്നേഹകടാക്ഷവും പതിവിനുമപ്പുറം  ദീര്‍ഘമായ ഒരു പ്രാര്‍ത്ഥനയും ഊഷ്മളമായ ഹസ്‌തദാനവും  കഴിഞ്ഞിറങ്ങുമ്പോള്‍ ഞങ്ങള്‍ അധ്യാപകരുടെയും കുട്ടികളുടെയും മനസ്സില്‍ എന്തെന്നില്ലാത്ത ഒരു ആത്മവിശ്വാസം വളര്‍ന്നു കഴിഞ്ഞിട്ടുണ്ടാവും..!




പഠനത്തില്‍ അല്‍പ്പം പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ ഏറ്റവും അവസാനമാണ് തങ്ങളുടെ ആശീര്‍വാദത്തിനു
വേണ്ടി കൊണ്ടു ചെല്ലുക. ആ ചുമതല മിക്കപ്പോഴും എനിക്കായിരുന്നു. എല്ലാവരും ഇറങ്ങിക്കഴിഞ്ഞ് ഏറ്റവും അവസാനം തങ്ങളോട്  പറയും:
'ഇവര്‍ പഠനത്തില്‍ അല്‍പ്പം പിന്നിലാണ്..'
അന്നേരം, ഓരോരുത്തരുടെയും നെറുകയില്‍ കൈവെച്ചു കൊണ്ട് തങ്ങള്‍ പറയും:
'എല്ലാം അല്ലാഹു സലാമാത്താക്കും..'

ഇന്നുമോര്‍ക്കുന്നു ; ആ വാക്കുകള്‍ ഒരിക്കലും തെറ്റിയിട്ടില്ല..!

ഒരിക്കല്‍  അക്കാദമിക്ക് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും അവസാന തീരുമാനത്തിലും വേണ്ടി പാണക്കാടെത്തിയതായിരുന്നു. രാവിലെ ഒമ്പതു മണി യാവുന്നതെയുള്ളൂ . അകം നിറഞ്ഞ് മുറ്റത്തേക്കും മുറ്റം നിറഞ്ഞ് ഗേറ്റുവരെയും  പ്രയാസങ്ങളുടെ നീണ്ട നിര. 'മര്‍ക്കസുകാരെ 'ന്ന പരിഗണനയില്‍ പൂമുഖ ത്തിന്റെ  പിന്‍മുറിയിലേക്ക്  ഞങ്ങള്‍ക്ക് പ്രവേശനം കിട്ടി. അകത്തുമുണ്ട് ഒരു പാടാളുകള്‍ .  കൂടുതല്‍ പേരും വന്ന കാലില്‍ തന്നെ നില്‍ക്കുകയാണ്. തങ്ങള്‍ എന്തോ ആവശ്യത്തിനു വേണ്ടി അകത്തേക്ക് പോയതാണെന്നു  തോന്നുന്നു.

സോഫയില്‍ ഒരിടത്ത്    അന്ന് തങ്ങളുടെ സഹചാരിയും സഹയാത്രികനുമൊക്കെയായ ഒരു പ്രമുഖ വ്യക്തി (പേര് പരാമര്‍ശിക്കുന്നില്ല  ) ഇരിക്കുന്നുണ്ട് .   വന്നവര്‍ക്ക് എല്ലാവര്‍ക്കും തങ്ങളുടെ ഡേറ്റ്  കിട്ടുമോ എന്നറിയണം. അന്നേരം  കാസര്‍ഗോഡ്‌ നിന്ന് വന്നവരാണെന്ന് പരിചയപ്പെടുത്തി  ഒന്നു രണ്ടാളുകള്‍
'എന്തെങ്കിലും ചെയ്ത് ഒരു ഡേറ്റ് സംഘടിപ്പിച്ച് തരണമെന്ന് അദ്ദേഹത്തോട് പറയുന്നുണ്ട്.
എന്തുകൊണ്ടെന്നറിയില്ല അദ്ദേഹം 'രണ്ടു മാസത്തിന് ഇനി ഡേറ്റില്ല ..! എന്ന് കടുപ്പിച്ച് പറയുന്നത് കേട്ടു. അവരുടെ കൂട്ടത്തില്‍ വന്ന മറ്റൊരാള്‍ ഇതൊന്നും മൈന്‍റ്  ചെയ്യാതെ, മാറിനില്‍ക്കുന്നുണ്ട്.

ഒടുവില്‍ , തങ്ങള്‍ അകത്ത് നിന്ന് വന്നു . തങ്ങളെ കണ്ടപാടെ, മാറിനിന്നിരുന്ന ആള്‍  സജീവമായി . വിഷയം തങ്ങളെ ധരിപ്പിച്ചു:

'അതാ ഡയറി . അന്ന് ഒഴിവുണ്ടെങ്കില്‍ അതില്‍ എഴുതിക്കോളൂ..'
ഡയറിയിരിക്കുന്ന ഭാഗത്തേക്ക് തങ്ങള്‍ കൈ ചൂണ്ടി. അയാള്‍ ഡയറി തുറന്ന് നോക്കുമ്പോള്‍ 'എന്നും മലര്‍ക്കെ തുറന്ന് വെച്ച 'ചരിത്ര പ്രസിദ്ധമായ ആ പൊതുസ്വത്തി' ലേക്ക് ഞാനൊന്ന് പാളിനോക്കി.

ഡയറി പരിശോധിച്ച് അതീവസന്തുഷ്ടനായി കാസര്‍ഗോഡുകാരന്‍ തങ്ങളോട് പറഞ്ഞു:
'അല്‍ഹംദുലില്ല ... അന്ന് മറ്റെവിടെയും പരിപാടിയില്ല..'
'എന്നാല്‍ എഴുതിക്കോളൂ ..'




2004 ലെ വെക്കേഷന് ജിദ്ദയില്‍ നിന്ന് നാട്ടിലേക്ക് പോകുമ്പോള്‍   ഒരു വീട് എന്ന സ്വപ്നം മനസ്സില്‍ നാമ്പെടുക്കുന്നുണ്ടായിരുന്നു  . നാട്ടിലെത്തും മുമ്പേ ജ്യേഷ്ഠന്‍   അബുവും  (അബു  ഇരിങ്ങാട്ടിരി  ) സുഹൃത്ത് നൌഷാദ് മാഷും സ്ഥലം കണ്ടെത്തുകയും കച്ചവടം നടത്തുകയും ചെയ്തിരുന്നു. ആ വെക്കേഷനില്‍ തറയിട്ട് പോന്ന്  സാവകാശം പണി നടത്താനായിരുന്നു പ്ലാന്‍ .

തറപ്പണിയുടെ  തിരക്കിലായതു കൊണ്ട് ചെന്ന പാടെ  പാണക്കാട് പോവാന്‍ കഴിഞ്ഞില്ല.
തിരിച്ചു പോരാന്‍ നേരത്താണ്  അത് തരപ്പെട്ടത്‌.... .

അന്ന് , സംസാരത്തിനിടെ വീടിന് തറയിട്ട കാര്യം അറിയിച്ചു . പ്രാര്‍ഥിക്കണമെന്ന് അഭ്യര്‍ഥിച്ച് ഇറങ്ങുമ്പോള്‍ തങ്ങള്‍ എനിക്കൊരു  നോട്ട് തന്നു . സാധാരണ എല്ലാവര്‍ക്കും  കൊടുക്കുന്ന പോലെ.
അത് ആദരപൂര്‍വ്വം പോക്കറ്റിലിട്ടു  .

'തങ്ങള്‍പടി 'യില്‍ നിന്ന് മഞ്ചേരിയിലെക്കുള്ള ബസ്സില്‍ കേറി കണ്ടക്ടര്‍ക്ക്  ചാര്‍ജ്ജ് കൊടുക്കാന്‍ പൈസയെടുക്കുമ്പോഴാണ്,  ഞാന്‍ കരുതിയ പോലെ അത് പത്തിന്റെ നോട്ടല്ല; ആയിരത്തിന്റെ ഒറ്റ നോട്ടാണെന്നറിയുന്നത്. (അന്ന് ആയിരത്തിന്റെ ഒറ്റ നോട്ട് അത്ര വ്യാപകമായി ഇറങ്ങിത്തുടങ്ങിയിട്ടില്ല )

ഇന്നും എന്റെ സ്യൂട്ട് കേസ് തുറക്കുമ്പോഴൊക്കെ   ആ ആയിരത്തിന്റെ നോട്ട്  എന്നോട് ചിരി തൂകി ക്കൊണ്ടിരിക്കുന്നു ...   ശിഹാബ് തങ്ങളുടെ നിറഞ്ഞ പുഞ്ചിരി ഓര്‍മ്മപ്പെടുത്തിക്കൊണ്ട് .


- ഗള്‍ഫ് മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത് .
------------------------------------------------------------------------
* ഈ കുറിപ്പില്‍ ശിഹാബ് തങ്ങള്‍ക്കു പുറമേ പേര് പരാമര്‍ശിക്കുന്ന കുഞ്ഞുട്ടി ഹാജി , ഹെഡ് മാസ്റ്റര്‍ അഹ്മദ് കുഞ്ഞു സാര്‍ ,  തുടങ്ങിയ വ്യക്തികള്‍ ഇന്ന് ജീവിച്ചിരിപ്പില്ല . അവരുടെ  പരലോക ജീവിതം അല്ലാഹു ശോഭനമാക്കട്ടെ ..





2012, നവംബർ 24, ശനിയാഴ്‌ച

പച്ചപ്പായലിന്‍ പലവിധ ശല്യം





റിയാമല്ലോ , ഗള്‍ഫ് മലയാളികള്‍ക്ക് ഒരു പാട് ദൌര്‍ബല്യങ്ങളുണ്ട്. പുറപ്പെട്ടു പോരുമ്പോള്‍ ചിലതൊക്കെ നാട്ടിലിട്ടേച്ചാണ് പോരുന്നത് 
എങ്കിലും  ഒരു അവയവം പോലെ അവര്‍ കൂടെ  കൊണ്ട് പോരാറുണ്ട്  മറ്റു ചിലതൊക്കെ. 


കണ്ടുകൂടായ്കയും കൂട്ടുകൂടായ്കയും കുന്നോളം കുന്നായ്മയുമൊക്കെ മലയാളികളെ  തിരിച്ചറിയാന്‍ പറ്റിയ പ്രാഥമിക ലക്ഷണങ്ങള്‍ ആണെങ്കിലും പ്രവാസി മലയാളികളില്‍ തൊട്ടുകൂട്ടാന്‍ ഒരു കൂട്ടായ്മയോ ഒത്തുകൂടാന്‍ ഒരു സംഘടയോ ഇല്ലാത്തവര്‍  വളരെ വിരളമാണ് . 


എന്തൊക്കെ നിയമ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും പരിപാടികള്‍ക്കും ഒത്തുകൂടലുകള്‍ക്കും   ഇവിടെ കുറവൊന്നുമില്ല  . ഒരു പക്ഷെ നാട്ടിലേക്കാളേറെ സംഘടനാപ്രവര്‍ത്തനത്തിനും ഒപ്പം സ്വയം പ്രദര്‍ശനത്തിനും പറ്റിയ ഒരു നല്ല കാലാവസ്ഥ പടച്ചവന്റെ കൃപ കൊണ്ട് ഇവിടെയുണ്ടെന്നാണ് ദോഷം കാണുന്ന കാര്യത്തിലെങ്കിലും നല്ല ഐക്യമുള്ള ദോഷൈക ദൃക്കുകളുടെ വിലയേറിയ അഭിപ്രായം ..!!


കൂട്ടത്തില്‍ , ആത്മാര്‍ത്ഥമായ സംഘടനാപ്രവര്‍ത്തനത്തിലൂടെ നാടിനും നാട്ടാര്‍ക്കും നന്മയും സഹായഹസ്തവും നീട്ടുന്ന , ലക്ഷക്കണക്കിനു രൂപ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി സ്വരൂപിച്ചു പാവങ്ങളുടെ കണ്ണീരൊപ്പുന്ന, മറ്റു രാജ്യക്കാര്‍ക്കൊക്കെ മാതൃകയായ, നിരവധി സംഘടനകളും സംഘടനാപ്രവര്‍ത്തകരും കൂട്ടായ്മകളും ഇവിടെ ഉണ്ട്   എന്നകാര്യം മറന്നുകൂടാ .  അത്തരം പ്രവര്‍ത്തനങ്ങള്‍ ആണ് ഗള്‍ഫ് മലയാളികളുടെ ഏറ്റവും വലിയ പുണ്യവും ചൈതന്യവും .


ഇവിടെ പറയുന്നത്  ചില കെട്ടുകാഴ്ചകളെക്കുറിച്ചാണ് .


ഈ കുറിപ്പില്‍ പരാമര്‍ശിക്കുന്ന സ്വഭാവവിശേഷങ്ങളുമായി ആര്‍ക്കെങ്കിലും ആരോടെങ്കിലും സാമ്യം തോന്നുന്നു എങ്കില്‍ , ഇത് താനല്ലയോ അത് എന്ന് വര്‍ണ്ണ്യത്തില്‍ ആശങ്ക യുണ്ടാവുന്നുണ്ടെങ്കില്‍ 'ഒന്നിനോടൊന്നു സാദൃശ്യം ചൊന്നാല്‍ ഉപമയാമത് ' എന്ന് ആലങ്കാരികമായി ധരിച്ചാല്‍ മതി .!


നാട്ടില്‍ ഒരു പോസ്റ്ററെങ്കിലും ഒട്ടിച്ചു പരിചയമില്ലാത്തവരും കടം കൊടുക്കാനുള്ളവനെ കാണുമ്പോള്‍ പോലും ഒറ്റ റാലിയിലും പങ്കെടുക്കാത്തവരും  ഗള്‍ഫില്‍ എത്തുന്നതോടെ എത്ര പെട്ടെന്നാണെന്നറിയുമോ വലിയ നേതാവാകുന്നത് ..! പ്രവാസി ചെന്നിത്തലയും ഗള്‍ഫ് പിണറായിയും സൌദി കുഞ്ഞാലിക്കുട്ടിയുമൊക്കെയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന  
' ഇമ്മിണി  വലിയ ' നേതാക്കന്മാര്‍ . ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റുകള്‍ . .!! 


പത്രങ്ങളില്‍ പടം  വരിക , പ്രസംഗിച്ചവരുടെ കൂട്ടത്തില്‍ പേര് വരിക , സ്വാഗതം പറഞ്ഞെന്നോ , നന്ദി പ്രകടിപ്പിച്ചെന്നോ ഇടയ്ക്കിടെ പത്രങ്ങളില്‍ കാണുക തുടങ്ങിയ   'സുഖമുള്ള' പരിപാടികള്‍ക്കായി ഇവിടങ്ങളില്‍ നടക്കുന്ന 'കലാപരിപാടികളും'  കോപ്രായങ്ങളും  വടം വലികളും  കാണാനും കേള്‍ക്കാനും നല്ല രസമാണ് !


സംഘടനകള്‍ ഒരിടത്ത് ജനനം ഒരിടത്ത് മരണം എന്ന പാട്ട് ഓര്‍മ്മിപ്പിച്ചു കൊണ്ട്  ജനിക്കുന്നു  വടിയാകുന്നു . എന്നിട്ടും മഴപ്പാറ്റകള്‍ പോലെ സംഘടനകള്‍ ദിനം തോറും ജനിക്കുന്നു .. പഴയവ തന്നെ പുതിയ കുപ്പികളിലും ഡപ്പികളിലുമായി രംഗത്ത് വരുന്നു. 

സംഘടനയുണ്ടാക്കാന്‍ മറ്റെങ്ങും ഇല്ലാത്ത ഒരു സുഖം ഉണ്ട് ഗള്‍ഫ് നാടുകളില്‍ .ഒരു പ്രസി , ഒരു സെക്ര ,  ഒരു ട്രഷ, പിന്നെ ഒരു സ്റ്റൈലന്‍പേരും. ശുഭം..!!


പിറ്റേന്നോ , അതിനു പിറ്റേന്നോ ടൈ ഒക്കെ കെട്ടി മസിലുപിടിച്ച 'ത്രിമൂര്‍ത്തികളുടെ'  ഫോട്ടോ പത്രത്തില്‍ . സത്യത്തില്‍ ഇങ്ങനെ ഫോട്ടോ കൊടുക്കാന്‍ മാത്രം സംഘടനകള്‍ രൂപീകരിക്കുന്നവരും ഉണ്ട് എന്നാണു അസൂയക്കാര്‍ പറയുന്നത് ..!  കഷണ്ടിക്ക് ഗള്‍ഫ് ഗേറ്റ് വന്നെങ്കിലും അസൂയക്ക്  ഒരു 'ഗള്‍ഫ് ഡോര്‍ ' ഇനി എന്നാണാവോ രംഗത്ത്‌ വരിക?


പുതിയ ഒരു സംഘടനാ രൂപീകരണത്തിന്റെ ചര്‍ച്ച നടക്കുന്നതിനിടെ 
ഒരാള്‍ പറഞ്ഞു   : ''നമുക്ക്  ഒരു നല്ല പ്രസിഡണ്ടിനെയും ട്രഷററെയും കണ്ടെത്തണം . ." 'നല്ല സെക്രട്ടറിയെ അന്വേഷിക്കേണ്ടതില്ലെന്നും അതിനു തന്റെ അടുക്കല്‍ ആളുണ്ടെന്നും അത് മഹാനായ 'ഞാന്‍ ' തന്നെ ആണെന്നുമാണ് ആ പറഞ്ഞതിന്റെ 'മഅന' !!



നാട്ടില്‍ നിന്ന് വന്ന ഒരു പ്രതിഭയെ ഇരുനൂറു കിലോമീറ്റര്‍ കാറോടിച്ചു വേദിയിലെത്തിക്കാന്‍ ഒരിക്കല്‍ ഒരാള്‍ ആകെ ആവശ്യപ്പെട്ടത് നന്നേ ചെറിയ ഒരു കാര്യം മാത്രം . പ്രതിഭയ്ക്ക് പൂച്ചെണ്ട് നല്‍കാനുള്ള അവസരം അയാള്‍ക്ക്‌ കൊടുക്കണം. എന്തൊരു ആത്മാര്‍ത്ഥത..! ആത്മാര്‍ത്ഥതേ നിന്റെ പേരോ പൂച്ചെണ്ട് ? 


ഇവിടുത്തെ പരിപാടികളില്‍ പ്രസംഗകരൊക്കെ ഏതാണ്ട് ഒരേ കൂറ്റുകാര്‍ (ടി.കെ.രാമകൃഷ്ണനോട് കടപ്പാട് )  തന്നെയായിരിക്കും .  ഉത്സവപ്പറമ്പ് വ്യത്യസ്തമാണെങ്കിലും ചെണ്ടക്കാരും വാദ്യമേളക്കാരും  ഒന്ന് തന്നെ എന്നര്‍ത്ഥം . 



ജീവിതത്തില്‍ മറ്റൊന്നും നടന്നില്ലെങ്കിലും ആഴ്ചാവസാനം വന്നണയുന്ന ഒരു പരിപാടിയിലേക്ക് ക്ഷണം കിട്ടിയാല്‍ ഇത്തരം ചെണ്ടക്കാര്‍ 
അതീവസന്തുഷ്ടരായി . ഒടുവില്‍ , തിങ്ങിനിറഞ്ഞ 'ആളില്ലാ കസേരകള്‍ക്ക്' മുമ്പില്‍ തന്റെ മഹാ ജ്ഞാനമത്രയും വിളമ്പി ചിലപ്പോള്‍ അധ്യക്ഷന്റെ 'ഒന്ന് നിര്‍ത്തരുതോ ?' എന്ന കുറിപ്പടികിട്ടും വരെ കണ്‍ഠക്ഷോഭം നടത്തി, വാക്കുകള്‍ കിട്ടാതെ വിഷമിച്ച് , എഴുതിക്കൊണ്ട് വന്ന കുറിപ്പിലേക്ക് ഇടയ്ക്കിടെ ഒളിഞ്ഞു നോക്കി കണ്ണുരുട്ടി , മൈക്കിനെ തുപ്പല്‍ സ്പ്രേയില്‍ കുളിപ്പിച്ച് , വിയര്‍ത്തു കുളിച്ചു , പരവശനായി .. ഒന്നും പറയണ്ട!!  


നാട്ടിലെ നേതാക്കളെ അനുകരിച്ചാണ് വേദിയിലേക്കുള്ള ചിലരുടെ വരവും പോക്കും . വൈകിയേ എത്തൂ . തന്റെ ഊഴം കഴിഞ്ഞ പാടെ ഇറങ്ങും . വലിയ തിരക്കുകാരനാണ് താനെന്നു കാണിക്കുകയാണ് കക്ഷി . പോയിട്ട് ഒരു കാര്യവുമില്ലെങ്കിലും അങ്ങനെ ചെയ്താലല്ലേ ഒരു വെയ്റ്റ് ഒക്കെയുള്ളൂ . ഇത്തരക്കാര്‍ക്ക് മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനുള്ള ക്ഷമ പോലും കാണില്ല . അവനെന്ത് ? ഞാന്‍ ആരാ മോന്‍ എന്ന മട്ട് ..


ഈ കുളിമുറിയില്‍ രാഷ്ട്രീയക്കാര്‍ മാത്രമല്ല സാമൂഹ്യ സാംസ്ക്കാരിക സാഹിത്യ പത്ര മാധ്യമ മേഖലകളില്‍ ഉള്ളവരും  ഈരിഴ തോര്‍ത്തുമുണ്ട് മാത്രം ഉടുത്തവരാണ് എന്നതാണ് മറ്റൊരു തമാശ . 


മൂന്നും നാലും ആളുകള്‍ 'തടിച്ചു കൂടി ' വലിയ ചര്‍ച്ചകളും വിചാരങ്ങളും അങ്ങ് നടത്തിക്കളയും . കോഴിയിറച്ചിയും ഇറച്ചിക്കോഴിയും  തമ്മിലുള്ള വ്യത്യാസമേയുള്ളൂ പ്രാസംഗികരും ശ്രോതാക്കളും തമ്മില്‍ . പ്രാസംഗികര്‍ തന്നെ ശ്രോതാക്കള്‍ , ശ്രോതാക്കള്‍ തന്നെ പ്രാസംഗികര്‍ .


കുറ്റം പറയരുതല്ലോ, ഒത്തുകൂടിയ ആറേഴു വ്യക്തികള്‍ക്കും  മഹത്തായ ചില  കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനുണ്ടാകും . സ്വാഗതം , ഉദ്ഘാടനം , അധ്യക്ഷന്‍ , ആശംസ , നന്ദി . കോറം തികഞ്ഞു ..!! 


പിറ്റേന്നോ അതിനടുത്ത ദിവസമോ വലിയ വാര്‍ത്തവരവായി . നൂറ്റാണ്ടിന്റെ കഥാകാരന്‍ ബഷീര്‍ , നോവല്‍ സാഹിത്യത്തിലെ അപൂര്‍വ സൃഷ്ടി : മനുഷ്യന് ഒരു ആമുഖം  , പ്രവാസ ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ചോര പുരണ്ട ഒരേട്‌: ആട് ജീവിതം . 
പുതിയത് എന്തെങ്കിലും എഴുതുന്നതിലേറെ ചിലര്‍ക്കൊക്കെ താത്പര്യം ഇത്തരം കോളങ്ങളില്‍ ജീവിച്ചു മരിക്കാനാണ് എന്ന് തോന്നും കാട്ടിക്കൂട്ടലുകള്‍ കണ്ടാല്‍ !


അനുശോചന യോഗങ്ങള്‍ നടത്താന്‍ വേണ്ടിയും  , നാട്ടില്‍ നിന്ന് വരുന്ന വി ഐ പി കള്‍ക്ക് സ്വീകരണം നല്‍കാന്‍ വേണ്ടിയും മാത്രമായി 'സജീവമായി' പ്രവര്‍ത്തിക്കുന്ന സംഘടനകളും ഉണ്ട് ഇവിടങ്ങളില്‍ യഥേഷ്ടം ! 


വി . ഐ. പി കള്‍ വരുമ്പോഴേക്കും എയര്‍പോര്‍ട്ടിലേക്ക് സ്വീകരിക്കാന്‍ പോകാനും അവിടെ വെച്ച് ചൂടാറും മുമ്പേ ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്തു പത്രങ്ങളില്‍ വരുത്താനും ഒക്കെ അഹമഹമികയാ നടക്കുന്ന 'റിയാലിറ്റി ഷോകള്‍  ' ഒന്ന് കാണേണ്ട കാഴ്ച തന്നെയാണ് ..

ദോഷം പറയരുതല്ലോ , നാട്ടില്‍ നടക്കും പോലെ ഇവിടെയും നടക്കാറുണ്ട് പത്രസമ്മേളനങ്ങള്‍ . കടുക് മണിയോളം 'വാര്‍ത്താ പ്രാധാന്യമുള്ള ' വിഷയങ്ങളിലാവും 'മീഡിയ കോണ്‍ഫ്രന്‍സ് ' . ഞങ്ങള്‍ പ്രവാസി ഗായകന്മാരെ പങ്കെടുപ്പിച്ചു ഒരു ഗാനമേള സംഘടിപ്പിക്കുന്നു , 'ദിനേശന്‍ കൂമ്പാള'  പുതുനാമ്പുകളില്‍ എഴുതിയ 'എക്സ്ക്ലൂസിവ് ന്യൂസ്‌ ' എന്ന കഥയെ കുറിച്ച് ചര്‍ച്ച സംഘടിപ്പിക്കുന്നു , 'വിനിമയ നിരക്കും പ്രവാസിയുടെ രക്തസമ്മര്‍ദ്ദവും ' എന്ന പേരില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു തുടങ്ങിയ ലോകോത്തര വിഷയങ്ങളാവും മിക്ക പത്ര സമ്മേളനങ്ങളുടെയും പ്രമേയം ..  ഈ പരിപാടികള്‍ക്കുമുണ്ട് 'പ്രസ്സ്‌ റിലീസിംഗും അവസാനം 'വയര്‍ ഫില്ലിങ്ങും '..!!


ഇയ്യിടെ ഒരു പത്ര സമ്മേളനത്തിന്റെ ഫോട്ടോ കണ്ടു . പണ്ടത്തെ ഒരു എസ്.എസ്.എല്‍ . സി ബാച്ചിന്റെ ഗ്രൂപ്പ് ഫോട്ടോ യാണ് ഓര്‍മ്മ വന്നത് . മൂന്നും നാലും ലൈനായി ബെഞ്ച്‌ ഒക്കെയിട്ടിരുന്നും  അതിന്മേല്‍ കേറി നിന്നും തറയില്‍ ചമ്രം പടിഞ്ഞിരുന്നും ഒക്കെയാണ് പത്രസമ്മേളന ഫോട്ടോ . ഈശ്വരോ രക്ഷതു .. ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ക്ക് നന്നായറിയാം . എന്നാലും ഇവരോട് പൊറുക്കണമേ തമ്പുരാനെ ...!!


സാധാരണ പത്രങ്ങളുടെ നിലവാരം താരതമ്യം ചെയ്യുക വാര്‍ത്തകളിലെ കണിശത , സൂക്ഷ്മത , കൃത്യത , വേഗത, ജാഗ്രത , ഇവയൊക്കെ നോക്കിയാണ്. എന്നാലിവിടെ വാര്‍ത്ത വന്ന പേജ് , അനുവദിച്ച സ്പേസ് , തലക്കെട്ടിന്റെ വലുപ്പം , ഫോട്ടോയുടെ മിഴിവ് , മികവ്, ഫോട്ടോയില്‍ കാണുന്ന തലകളുടെ  എണ്ണം , എത്തി നോക്കുന്നവരുടെ ദൈന്യത ,  ഇവയൊക്കെയാണ് !!


കണ്ണ് പൊട്ടന്റെ വടി മാതിരിയാണ് ചിലര്‍ .  അവരെ എല്ലായിടത്തും  കാണാം .. ഒരു പക്ഷഭേദവുമില്ലാതെ ഓടിനടന്നു അവര്‍ പ്രസംഗിക്കും . രാവിലെ കായികം , ഉച്ചയ്ക്ക്  കല  , ഉച്ചയ്ക്ക് ശേഷം  മതേതരം , വൈകുന്നേരം സാഹിത്യം, സന്ധ്യക്ക് രാഷ്ട്രീയം , രാത്രിക്ക് തീവ്രവാദം .. 
ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ഓരോ ടീസ്പൂണ്‍ വീതം നാലഞ്ച് നേരം !!

നമുക്ക് 'മല്ലു' എന്നും' മല്‍ബു' എന്നുമൊക്കെ പേര് വീണതിനു ആരെയെങ്കിലും കുറ്റം പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ? കൂസന്‍ താടി ഇങ്ങനെ ആയതിന് കൊറ്റനാടിനെ  പഴിച്ചിട്ട് എന്ത് കാര്യം ?



ഒരു ചെറിയ  കഥയോടെ ഈ കുറിപ്പ് അവസാനിപ്പിക്കാം .



കഥ 
കസേരക്കളി 


മൈക്ക്‌ പല്ലിറുമ്മി അയാളോട് മറ്റാരും കേള്‍ക്കാതെ പറഞ്ഞു :
'ഒന്ന് നിര്‍ത്തരുതോ ?
അത് കേട്ട ഭാവം പോലും നടിക്കാതെ അയാള്‍ കത്തിക്കേറി 
ക്ഷമ നശിച്ച് , ശൂന്യമായ കസേരകളില്‍ ഒന്ന് വേദിയിലേക്ക് ഓടിക്കേറി
അയാള്‍ക്ക്‌ ഒരു കുറിപ്പ് കൊടുത്തു . അതൊന്നു വായിച്ചു നോക്കുക പോലും ചെയ്യാതെ അയാളത് കീശയിലിട്ടു . 
ഒടുവില്‍ സഹികെട്ട് മൈക്കും ആളൊഴിഞ്ഞ കസേരകളും അയാളെ വളഞ്ഞു വെച്ച് പൊതിരെ തല്ലി .. തങ്ങളുടെ ഊഴവും കാത്ത് അക്ഷമയോടെ വേദി യിലിരിക്കുന്നവര്‍ക്കും കിട്ടി ആവശ്യത്തിലേറെ !!



സ്വയരക്ഷ പ്രകാരമുള്ള ഒരു മുന്നറിയിപ്പ് : 
ഞാന്‍ ഓടുകയാണ് .. ദയവു ചെയ്ത് ടാക്സി പിടിച്ചോ ബൈക്കിലോ എയര്‍ ഇന്ത്യയിലോ പിറകെ കൂടരുത് ..പ്ലീസ് ..!!












   

2012, നവംബർ 19, തിങ്കളാഴ്‌ച

പത്ത് ചെറുമണിക്കവിതകള്‍


1
അക്ഷരരുചിയാണക്ഷയ രുചി

2
പരിഭവവും ഒരു അനുഭവം തന്നെ


3

നാണിക്കേണ്ടിടത്തു മതി നാണം




4

ഇല്ലായ്മ മാത്രമല്ലല്ലോ വല്ലായ്മ



5

വൈരമുണ്ടോ സ്വൈരമില്ല



6

ഹോസ്പിറ്റല്‍ = കാശ് പറ്റല്‍



7

നാവ് നോവറിയണം.



8

ഉപായം കണ്ടു പിടിക്കണം 

അപായം കണ്ടു പഠിക്കണം


9

ഇന്ന് ബിരുദം മാത്രം പോരാ 

വിരുതും വേണം


10

അന്ന് ,

പുകയാത്ത അടുപ്പ് 
ഇന്ന് 
പുകയില്ലാത്ത അടുപ്പ് ..

2012, നവംബർ 13, ചൊവ്വാഴ്ച

വെറുതെ കൊറിക്കാന്‍ ചില കുറിക്കലുകള്‍










1
ചേരണം; അത് കൊള്ളാം
ചാരണം കൊള്ളാം
ഉച്ചാരണവും കൊള്ളാം
ചോരണമോ
എള്ളോളം കൊള്ളില്ല!

2

വേളിക്കു പോകാം,
വേളി കഴിക്കാം;
പക്ഷെ,
വേളിയും വേലിയും പൊളിക്കരുത്
വയ്യാവേലിയായിടും

3

മൌനം ഭൂഷണമല്ലാത്തിടത്തും
മൌനിയായ് ചമയുന്നതെത്ര മൌഡ്യം..!

4

ലക്ഷമെന്നാലിന്ന് വെറുമൊരു ഒച്ച
കോടിക്കാണ് മോടി
മോഡി വരുന്നുണ്ട് ഓടിക്കോ.

5

പൂവിടാന്‍ ഒരു കാലം
പൂചൂടാന്‍ ഒരു കാലം
പൂമൂടാന്‍ ഒരു കാലം

6

മഴയിലുമുണ്ട് മിഴി
മിഴിയിലുമുണ്ട് മൊഴി
ചൊല്ലാമൊരു മൊഴി;
മൊഴി ചൊല്ലല്ലേ..!

000

2012, നവംബർ 10, ശനിയാഴ്‌ച

എന്റെ അച്ഛനും ..? : ഷോര്‍ട്ട് ഫിലിം





എന്റെ ഒരു കൊച്ചു കഥ ,
'മിന്നല്‍ പിണര്‍ '  
ഷോര്‍ട്ട് ഫിലിം ആയപ്പോള്‍ :
--------------------------------------------------------






ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ കലാകാരന്മാര്‍ക്കും 
അഭിനന്ദനങ്ങള്‍ .. 

പ്രത്യേകിച്ച്  ഈ കഥ ആവശ്യപ്പെടുകയും  
രചനയും സംവിധാനവും  ഭംഗിയായി  നിര്‍വഹിക്കുകയും  
ചെയ്ത 
നവസംവിധായക പ്രതിഭ 

ശ്രീ. ജംനാസ് ടി  മുഹമ്മദിന്  ,  
പിന്നെ, 
ഇതില്‍ അഭിനയിച്ച 
അഭിനേതാക്കള്‍ക്ക് , 
നിര്‍മ്മാതാവിന് , 
ഗാന രചയിതാവിന് ,
അണിയറ പ്രവര്‍ത്തകര്‍ക്ക് ..





ഈ ഷോര്‍ട്ട് ഫിലിമിനു ആധാരമായ എന്റെ കഥ ഇവിടെ വായിക്കാം .. 
അഭിപ്രായങ്ങള്‍ എഴുതാം ..
ഹൃദയപൂര്‍വം ...
-----------------------------------------------------------

മിന്നല്‍പിണര്‍


മഴ കോരിച്ചൊരിയുകയാണ്.
കരണ്ട് പോയിരിക്കുന്നു.
ശക്തമായ കാറ്റില്‍ തുറന്നു കിടന്ന ഏതോ ജനല്‍ പാളികള്‍ ചേര്‍ന്നടയുന്ന ശബ്ദം കേട്ടാണ് അയാള്‍ ഞെട്ടി ഉണര്‍ന്നത് .
ശക്തമായ മിന്നലുണ്ട്.
കാതടപ്പിക്കും വിധം ഇടി പൊട്ടുന്നുണ്ട്.

ജനല്‍പാളികള്‍ ചേര്‍ത്തടക്കുമ്പോഴാണ് അയാള്‍ ഓര്‍ത്തത്‌: 'മോള്‍ക്ക്‌ ഇടി പേടിയാണല്ലോ..
പ്ലസ്‌ വണ്ണിനു പഠിക്കുന്ന കുട്ടിയാണ്. പറഞ്ഞിട്ടെന്തു കാര്യം..'?

അയാള്‍ മകളുറങ്ങുന്ന മുറിയുടെ പാതി ചാരിയ കതകു മെല്ലെ തുറന്നു.

ഭാഗ്യം!
മോളുണര്‍ന്നിട്ടില്ല.
ഉണര്‍ന്നിരുന്നുവെങ്കില്‍ രണ്ടു ചെവിയും പൊത്തിപ്പിടിച്ചു ഓടി വരും.. വല്ലാതെ ചേര്‍ന്നിരിക്കും ... ഇടി ശമിക്കും വരെ.

പാവം.. നല്ല ഉറക്കത്തിലാണ്.

ഞെട്ടിയുണര്‍ന്നു അവള്‍ പേടിച്ചേക്കുമോ എന്ന് കരുതി അയാള്‍ അവളുടെ അരികെ കട്ടിലിലിരുന്നു..


ഇടിമിന്നലിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശഞൊറികള്‍ക്കിടയിലൂടെ അവളുടെ ഓമന മുഖം അയാള്‍ അരുമയോടെ നോക്കിക്കണ്ടു.

ഒടുവില്‍ ,
അവളെ ഉണര്‍ത്താതെ,
വാത്സല്യപൂര്‍വ്വം ആ നെറുകയില്‍ ഒരുമ്മ നല്‍കാന്‍ മുതിരവേ, പെട്ടെന്ന് അവള്‍ ഞെട്ടിയുണര്‍ന്നു.!

മിന്നല്‍ വെളിച്ചത്തില്‍ അവ്യക്തമായി അവള്‍ കണ്ടു.. അച്ഛന്‍ ..!

ഒരു നിമിഷം!

അവള്‍ വല്ലാതാവുന്നതും പേടിച്ചരണ്ട്‌, അവളുടെ അമ്മ കിടക്കുന്ന മുറിയിലേക്ക് ഓടിക്കേറുന്നതും വാതില്‍ വലിച്ചടച്ചു കുറ്റിയിടുന്നതും അയാള്‍ ഒരു ഞെട്ടലോടെ അറിഞ്ഞു..!!!!

ഒരു മിന്നല്‍ പിണര്‍ അയാളുടെ ഹൃദയവും തകര്‍ത്ത് പൊട്ടിച്ചിതറി.

2012, ഒക്‌ടോബർ 30, ചൊവ്വാഴ്ച

ഡെഡ് മണി





കന്നിമൂലയില്‍ നിന്ന് തറ കീറിത്തുടങ്ങുമ്പോള്‍ ജോലിക്കാരോടൊപ്പം നന്നായി വിയര്‍ക്കുന്നുണ്ടായിരുന്നു . എങ്കിലും സുഖമുള്ള ഒരു സ്വപ്നത്തിന്റെ ആരംഭം പോലെ കുളിരുണര്‍ത്തുന്ന അദൃശ്യമായ ഏതോ വിരല്‍ത്തലപ്പുകള്‍ ഉള്ളിലെവിടെയോ തഴുകുന്നപോലെ . ദീര്‍ഘകാലത്തെ മോഹ സാഫല്യത്തിന്റെ ഒന്നാം ഘട്ടം തീര്‍ച്ചയായും സന്തോഷത്തിനുമപ്പുറം മറ്റെന്തൊക്കെയോ സമ്മാനിക്കുന്നുണ്ട് .

പണിക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ കൊടുത്തും അവരെ ശ്രദ്ധിച്ചും ഓടി നടക്കുന്നതിനിടെ   ഒരു ബൈക്ക് വീട്ടു പടിക്കല്‍ നിര്‍ത്തുന്നതും ഓര്‍മ്മയിലെവിടെയോ നിറം മങ്ങിക്കിടന്ന ഒരു മുഖം സമൃദ്ധമായ ചിരിയോടെ ഇറങ്ങിവരുന്നതും കണ്ടു.

''അന്‍വറല്ലേ.."
"അതെ "
"മനസ്സിലായിക്കാണില്ല. ഞാന്‍ രാമദാസ് . നിന്റെ പഴയ ക്ലാസ് മേറ്റ്‌ "
"ഞങ്ങളുടെ ആസ്ഥാന ഗായകന്‍ ജൂനിയര്‍ യേശുദാസ് .."?
"അപ്പൊ ഒന്നും മറന്നിട്ടില്ല ..!!"
"മറക്കാനാവുമോ നിന്നെയും നിന്റെ പാട്ടുകളേയും ..."
"നീ ആകെ മാറി "
"നിനക്കുമുണ്ട് ഒരു പാട് മാറ്റം "
"എന്തൊക്കെയുണ്ട് പറ നിന്റെ വിശേഷങ്ങള്‍ "
"ദൈവാനുഗ്രഹം കൊണ്ട് വലിയ അല്ലലൊന്നും കൂടാതെ കഴിഞ്ഞു പോകുന്നു "

"നീ എന്ത് ചെയ്യുന്നു "?
ഒരു പക്കാ വാധ്യാര്‍ . കൂടെ ചില സൈഡ് ബിസിനസ്സുകളും . ഞങ്ങള്‍ മാഷമ്മാരുടെ ഭാഷയില്‍ "എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റീസ് " ജീവിച്ചു പോണ്ടേ ..?

"സാവിത്രി" ?
"പിന്നീട് ഒന്ന് രണ്ടു തവണ കണ്ടിരുന്നു . ഭര്‍ത്താവ് ഒരു അപകടത്തില്‍ മരിച്ചു . ഇപ്പോള്‍ രണ്ടു പെണ്‍കുട്ടികളുമായി ജീവിച്ചു തീര്‍ക്കുന്നു "
"നിന്റെ ശ്രീമതി ?"
"ഒരു എല്‍ പി സ്കൂളില്‍ ടീച്ചറാണ് "
മക്കള്‍ ?
രണ്ട്‌ ; മോനും മോളും ..
'യഥാര്‍ത്ഥ സന്തുഷ്ട കുടുംബം ..'

"ഇനി നിന്റെ കഥ പറ "
"മക്കള്‍ 2:2"
"ഈ വീട് നിനക്ക് തന്നെയല്ലേ ? പലപ്പോഴും ഇത് വഴി കടന്നു പോവാറുണ്ട് . "
"വാങ്ങിയിട്ട് രണ്ടു വര്‍ഷത്തോളം ആയി . ഇനി ഇതൊരു വീടായിക്കിട്ടണം ''
"നല്ല പ്ലോട്ട് ; സൌകര്യമുള്ള സ്ഥലം . വലിയ വിലയായിക്കാണും . സ്ഥലത്തിനൊക്കെ ഇപ്പൊ എന്താ വില ? ''ഇതൊരു വീടായിക്കിട്ടണമെങ്കില്‍  റിയാല്‍ കുറച്ചെങ്ങാനും കുഴിച്ചിടെണ്ടി വരുമല്ലോ ..''
''നോക്കട്ടെ , അടുത്ത വെക്കേഷനില്‍ കുടിയിരിക്കണം എന്നാണു ആഗ്രഹം . നടക്കുമോ എന്നറിയില്ല ..''
വല്ലാത്ത ഒരാവേശത്തോടെ വീടിന്റെ പ്ലാന്‍ അവനു കാണിച്ചു കൊടുത്തു .

'നിങ്ങള്‍ പ്രവാസികളുടെ ഒരു കുഴപ്പം ഇതാണ് .വീടിനു വേണ്ടി കണ്ടമാനം കാശ് തുളച്ചു കളയും . ഇതൊക്കെ വെറും ഡെഡ് മണിയാണ് .ഡെഡ് മണി . ആഢംബരത്തിനും പൊങ്ങച്ചത്തിനും നിങ്ങളൊക്കെ കത്തിച്ചു കളയുന്ന കാശിനു വല്ല പ്രോപര്‍ട്ടിയും വാങ്ങിയിട്ടാല്‍ അതങ്ങനെ വളരും . പന പോലെ .. 

കൂട്ടത്തില്‍  പറയട്ടെ ,അങ്ങനെ വല്ല  മോഹവുമു ണ്ടെങ്കില്‍ ഒന്നറിയിക്കണേ
ഞാനിപ്പോള്‍  ആ  രംഗത്ത്  കൂടി  ഒരു  കൈ നോക്കുന്നുണ്ടേ .ക്ലിക്കായാല്‍ നിങ്ങളൊക്കെ രണ്ടും  മൂന്നും  കൊല്ലം  കൊണ്ട്  ഉണ്ടാക്കുന്നത്  ഒന്നോ രണ്ടോ ദിവസം കൊണ്ട്  കയ്യിലെത്തും  തീരെ  വിയര്‍ക്കാതെ.."

അല്പം  ജാള്യതയോടെയാന്നെങ്കിലും  ഞാന്‍  പറഞ്ഞു :
'ദാസേ, ഇത്  വളരെ കാലത്തെ   ഒരു സ്വപ്നമാണ്. നിനക്കറിയുമോ,ദാരിദ്രത്തിന്റെയും   തീരാത്ത വിശപ്പിന്റെയും   ചോര്‍ന്നൊലിക്കുന്ന  വൈക്കോല്‍ കൂരക്കു കീഴെ  പത്തുമക്കളുമായി    എന്റെ   ഉമ്മ. ചോരാത്ത  ഇത്തിരിയിടത്ത്  ചുരുണ്ടു കുടിയിരുന്ന്   നേരം  വെളുപ്പിച്ചിരുന്ന  എത്രയെത്ര  മഴക്കാല  രാവുകള്‍ ... കാറ്റും  മഴയും  വരുമ്പോള്‍ , തള്ളക്കോഴി ചിറകുകള്‍ക്കുള്ളിലേക്ക്  കുഞ്ഞുങ്ങളെ  ഒളി പ്പിക്കുന്ന പോലെ  ഉമ്മ  അവരിലേക്ക്
ഞങ്ങളെ  ചേര്‍ത്ത്  പിടിക്കും.ഒരു  ഇമ പോലും   പൂട്ടാതെ, ചോരാത്ത  ഇത്തിരിയിടത്ത്  കീറച്ചാക്കുകള്‍ കൊണ്ട് ഞങ്ങളെയൊക്കെ പുതപ്പിച്ച് കാവലിരിക്കും...

അന്നേ, മനസ്സില്‍  വല്ലാത്തൊരു  മോഹമുണ്ടായിരുന്നു. എല്ലാ  സൗകര്യമുള്ള  ഒരു  വീട്. അതാണിപ്പോള്‍  ദൈവാനുഗ്രഹം  കൊണ്ട്  സഫലമാവാന്‍  പോവുന്നത്. ദാസേ,  ഒരു  കാര്യത്തില്‍  മാത്രമേ  എനിക്ക്  സങ്കടമുള്ളൂ.. ഇതൊന്നും  കാണുകയോ  അനുഭവിക്കുകയോ  ചെയ്യും  മുമ്പേ, ഇല്ലായംയിലൂടെ   നീന്തി  നീന്തി  ആശ്വാസത്തിന്‍റെ  ഒരു  തുരുത്തിലെത്തും  മുമ്പേ  അവരങ്ങ്   പോയി.. ''
'അതൊക്കെ  പോകട്ടെ, നീ  വീടൊക്കെ വെച്ചോ '?

'ഒരു  ചെറിയ  വീട്  ഞാനും  വെച്ചു. രണ്ടു  ബെഡ്  റൂം, അടുക്കള, ഡൈനിങ്ങ്‌  ഹാള്‍ , ഒരു  ബാത്ത്  റൂം .തീര്‍ന്നു. ആ കൊച്ചു സാമ്രാജത്തില്‍  ഭാര്യയും മക്കളുമൊത്ത്  ഞാനങ്ങനെ  സുഖമായി  കഴിയുന്നു...
വലിയ  വീടല്ലല്ലോ  പ്രധാനം .മനസ്സമാധനമല്ലേ...'

'നിന്‍റെ  പഴയ  അസുഖമൊക്കെ  ഇപ്പോഴുമുണ്ടോ? നമ്മുടെ  കൂട്ടത്തിലെ  'കപി'യായിരുന്നല്ലോ  നീ?'
'അതൊക്കെ  ജീനിലുള്ളതല്ലേ? എവിടെപ്പോയാലും  കൂടെക്കാണുമല്ലോ.. ഇടയ്ക്ക്  എന്തെങ്കിലുമൊക്കെ  എഴുതാറുണ്ട്..'

'ചോദിക്കാന്‍ വിട്ടു പോയി.നിന്‍റെ  ഉണ്ടക്കണ്ണി  സുഹ്റയെക്കുറിച്ച്  വല്ല  വിവരവും ഉണ്ടോ'?
'അവളെയൊക്കെ ഏതോ പണച്ചാക്ക് നേരത്തെ കൊത്തിപ്പറന്നില്ലേ?ഇപ്പോള്‍ ഗള്‍ഫിലാണെന്നു  തോന്നുന്നു...?

'നിന്‍റെ  പാട്ടും  സംഗീതവും..'?

''അതൊക്കെ ഞാനന്നേ വിട്ടു.ഇപ്പോള്‍  മോള്‍ നന്നായി പാടുന്നുണ്ട്. നമ്മുടെ കാലത്തെ പോലയോന്നും അല്ലല്ലോ ഇപ്പോള്‍ .  അവസരങ്ങള്‍ക്കൊരു  പഞ്ഞവുമില്ല..'
'തറവാട്  കുറച്ചപ്പുറത്താണ് . വാ, അവിടെയൊന്ന് കേറിയിട്ട്  പോവാം. എന്‍റെ  'താത്ത'യേയും മക്കളേയും  ഒന്ന്  കാണാമല്ലോ..?
'അത് പിന്നീടൊരിക്കലാവാം.ഇത്തിരി  തിരക്കുണ്ട്...?
'സൗകര്യം കിട്ടുമ്പോള്‍ നീയും മക്കളും ഒന്ന്  വരണം..'
''തീര്‍ച്ചയായും ..''
'ഏതായാലും   സന്തോഷം.വളരെക്കാലങ്ങള്‍ക്ക് ശേഷം ഒന്ന് കാണാനായല്ലോ..?

അവന്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കി  മുന്നോട്ടെടുക്കുമ്പോള്‍  'പാമ്പുകള്‍ക്ക് മാളമുണ്ട് പറവകള്‍ക്കാകാശമുണ്ട് എന്ന രാമദാസിന്റെ  മാസ്റ്റെര്‍പീസ്‌ നാടക  ഗാനം വിദൂരതയില്‍ നിന്ന് ഒഴുകി  വരുന്നത്  പോലെ തോന്നി.

ആരെയൊക്കെ പരിചയപ്പെടുന്നു..സൗഹൃദം  മൊട്ടിടുന്നു ..പിന്നീടെപ്പോഴോ, പല വഴി വേര്‍പിരിയുന്നു..

ഒരു നിയോഗമെന്നോണം   ചിലരെ വീണ്ടും കണ്ടു  മുട്ടുന്നു.മറ്റു ചിലരെ പിന്നീടൊരിക്കലും കാണാതെ.. ജീവിത യാത്രയിങ്ങനെയിങ്ങനെ..



രണ്ടു വര്‍ഷത്തിനു ശേഷമുള്ള ഈ അവധിക്കാലത്തിന്  മുമ്പത്തേക്കാളേറെ മധുരമുണ്ട് .
നാട്ടിലെത്തിയതിന്റെ നാലാം നാള്‍ പാലു കാച്ചല്‍ ചടങ്ങ്. വിളിക്കേണ്ടവരെയും പറയേണ്ടവരെയും നേരത്തെ നിശ്ചയിച്ചു കഴിഞ്ഞു. അടുത്ത സുഹൃത്തുക്കളും  ബന്ധുക്കളും മാത്രം.
പണി മുഴുവനും തീര്‍ന്നില്ല. ഇനിയുമുണ്ട്   ഒരു പാട് ചെയ്ത് തീര്‍ക്കാന്‍ . എല്ലാം  സാവധാനം  പൂര്‍ത്തിയാക്കാം. ഇവിടം വരെ എത്തിയില്ലേ? അതു തന്നെ ഭാഗ്യം.
ഈ അവധിക്കാലം മക്കളോടും ഭാര്യയോടുമൊപ്പം ഞങ്ങളുടേതായ ലോകത്ത്...

നാട്ടിലെത്തിയ പാടെ ക്ഷണിക്കാനിറങ്ങി. അടുത്ത സുഹൃത്തുക്കളുടെ പട്ടികയില്‍ രാമദാസിനെയും ഉള്‍പ്പെടുത്തിയിരുന്നു .  കഴിഞ്ഞ  വെക്കേഷന്‍ തീരും മുമ്പ്  അവന്‍റെ വീട്ടിലൊന്ന്
പോവണമെന്ന് കരുതിയതാണ്. അവന്‍ ക്ഷണിച്ചതുമാണ്. പക്ഷേ, ഒരവധിക്കാലം മുഴുവനും  'തറ പ്പണി'യില്‍
മുങ്ങിപ്പോയി. പുരപ്പണിയെന്നൊക്കെ പറയാനെളുപ്പമാണ്. അതൊന്ന് പൂര്‍ത്തീകരിച്ചു കിട്ടുമ്പോഴേക്കും മനുഷ്യനാകെ നട്ടം തിരിയും. പ്രത്യേകിച്ച് ഇക്കാലത്ത്‌..  ഗള്‍ഫുകാരന്‍റെറതാണെങ്കില്‍ പിന്നെ പറയാനുമില്ല.

അന്ന് നേരില്‍ കണ്ടപ്പോള്‍ രാമദാസ്‌ പറഞ്ഞു തന്ന ഒരേകദേശ ധാരണ വെച്ചാണ് അവന്‍റെ നാട്ടില്‍ ചെന്നത്. പക്ഷെ, അവന്‍ പറഞ്ഞ പോലുള്ള ഒരു കൊച്ചു വീട് അവിടെയെങ്ങും കണ്ടില്ല. എല്ലാം വലിയ വലിയ മണി മാളികകള്‍ .സ്ഥലം മാറിപ്പോയോ? അടുത്തുകണ്ട ഒരാളോട് ചോദിച്ചു:

'രാമദാസിന്റെ വീടേതാണ്..?
'ദാസ്‌ മാഷെയല്ലേ...?
'അതെ..'
'അതാ ആ  കാണുന്നത് തന്നെ... ആ പുതിയ  വീട് ' കഴിഞ്ഞ ആഴ്ച യായിരുന്നു കുടിയിരിക്കല്‍ ...''
'രാമദാസ്‌  നിലയം' എന്ന് സ്വര്‍ണ്ണ ലിപിയിലെഴുതിയ വലിയ ഗേറ്റിനു  മുമ്പില്‍, ആ മണി മന്ദിരം  നോക്കി ഞാന്‍ നിന്നു. വിശ്വാസം വരാതെ.


2012, ഒക്‌ടോബർ 17, ബുധനാഴ്‌ച

പന്ത്രണ്ട് മണിക്കടലകള്‍














1
തെറ്റ് പറ്റും 
തെറ്റ് തന്നെ പറ്റരുത് 


2
തരം കിട്ടിയാല്‍ 
തരം പോലെ 
തരം താഴുന്ന 
തരക്കാരാണേറെയും 



3
മസിലില്ലാത്തവര്ക്കും 
മസിലുപിടിക്കാം 



4
കരവിരുതുള്ളവനൊരു വര 
വരയുകില -
തിലും കാണും 
കല തന്‍ ചാരുത 


5
മനനത്തിലെക്കുള്ള 
നല്ല അയനമാണ് 
വായന 



6
മിത്രങ്ങളെത്രയേറിയോയത്രയും നന്ന്



7
തറ വേണമെല്ലാറ്റിനും
തനി തറയാവരുതെന്നു മാത്രം 



8
നുണ നുണയരുത്



9
ആളാവാനാളേറെ



10
പ്രതികള്‍ക്കില്ല പഞ്ഞം 
പ്രതിഭകള്‍ക്കുണ്ട് പഞ്ഞം 



11
മെയ്‌ വഴക്കം മാത്രം പോര 
മൊഴി വഴക്കം കൂടി വേണം 



12
ഇരുട്ടില്ലായിരുന്നെങ്കില്‍
ഈ ലോകം 
ഇതിലേറെ ഇരുട്ടിയേനെ





2012, ഏപ്രിൽ 30, തിങ്കളാഴ്‌ച

കണ്ണാരം പൊത്തിപ്പൊത്തി




കളികള്‍ ഏറെയുണ്ടായിരുന്നു ഒരു കാലത്ത്   . പന്ത്  കളി  , കുട്ടിയും കോലും , തൊട്ടുമണ്ടിക്കളി , സാറ്റ് , പമ്പരംഏറ് , ഗോലി കളി , കക്ക്, കൊത്തം കല്ല് ,  വള്ളിച്ചാട്ടം  , അമ്മാനമാടല്‍ , കുറ്റിപ്പുര കെട്ടി ചോറും കറിയും വെക്കല്‍ .. അങ്ങനെയങ്ങനെ .


സ്കൂള്‍ വിട്ടുവന്ന പാടെ വല്ലതും കഴിച്ചെന്നു വരുത്തി , പാടത്തെക്കോ , പറമ്പിലേക്കോ , കളിക്കളങ്ങളിലേക്കോ വീടിന്റെ പിന്‍വശത്തെക്കോ 
ഓട്ടം. പിന്നെ കൂട്ടുകാരോടൊപ്പം മതിമറന്നു കളിച്ചു കൂത്താടി ശരീരം മുഴുവന്‍ മണ്ണും ചെളിയുമായി   കാലിലും തുടയിലുമൊക്കെ പോറലുകളും മുറിയലുകളുമായി സന്ധ്യയോടെ വീട്ടില്‍ എത്തിയിരുന്ന കുസൃതി നിറഞ്ഞ കാലം . മറക്കാന്‍ കഴിയാത്ത ,  ഓര്‍മ്മയില്‍ പോലും മധുരം നിറയുന്ന ബാല്യ കാലം ..


കുട്ടിക്കാലത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു ചിത്രം , ഒരു കവിത , ഒരോര്‍മ്മ ഇതൊക്കെ ആ കാലത്തെ നമ്മുടെ മനസ്സിലേക്ക് കൂട്ടിക്കൊണ്ട് പോകും... നാം അറിയാതെ അല്‍പനേരം അന്നത്തെ ആ  കുട്ടിയായി മാറും . മനസ്സില്‍ നിന്ന് ഒരിക്കലും പടിയിറങ്ങി പോകാത്ത ഗൃഹാതുര സ്മരണയായി ബാല്യകാലം ഉള്ളില്‍ കിടന്നു ഓളം വെട്ടും .

എന്നാല്‍ ഇന്നത്തെ കുട്ടികള്‍ക്ക് ഇത്തരം കളികളെ കുറിച്ചൊന്നും  അറിയില്ല . കാലം മാറിയപ്പോള്‍ കഥ മാത്രമല്ല കളികളും ഏറെ മാറി. 


തികച്ചും യാന്ത്രികമാണ്‌ പുതിയ കാലത്തെ കുട്ടികളുടെ ജീവിതം . 
അടച്ചിട്ട മുറിയില്‍ നിന്ന്  സ്കൂള്‍ ബസ്സിലേക്ക് . അവിടെ നിന്ന് സ്കൂള്‍ മുറികളിലേക്ക് . വീണ്ടും ബസിലേക്ക് . വീട്ടിലേക്ക്.  

സ്വയം ചെറുതായി ചെറുതായി തന്റെ ചതുരങ്ങള്‍ക്കുള്ളില്‍   കറങ്ങുകയാണ്  പുതിയ തലമുറ  .  അവരുടെ വിനോദങ്ങളും വിചാരങ്ങളും വിനിമയങ്ങളും തികച്ചും വ്യക്ത്യാധിഷ്ടിതമാകുന്നു.  


മതിലുകള്‍ക്കുള്ളില്‍ വളരുന്ന  കുട്ടികള്‍ സമീപനങ്ങളിലും പെരുമാറ്റങ്ങളിലും മതിലുകള്‍ ഇല്ലാത്തവരായിപ്പോയി എന്നതാണ്  പുതിയ കാലത്തിന്റെ ഏറ്റവും വലിയ വൈരുധ്യം .  

പണ്ട് വലിയവരെ ബഹുമാനിക്കുക , മുതിര്‍ന്നവരെ ആദരിക്കുക , അവരെ കാണുമ്പോള്‍ മടക്കി കുത്തിയ മുണ്ട് താഴ്ത്തിയിടുക , അവരുടെ സാന്നിധ്യത്തില്‍ മെല്ലെ സംസാരിക്കുക  എന്നിവയൊക്കെ കുട്ടികളുടെ ശീലമായിരുന്നു . ഇന്ന് കുട്ടികള്‍ക്ക് എല്ലാവരും സമന്മാരാണ് . ആരും വലിയവരല്ല ; ആരും ചെറിയവരുമല്ല  എന്ന മട്ട് .. 
മതില്‍ കെട്ടി നിര്‍ത്തി വളര്‍ത്തുമ്പോള്‍ മറ്റു ചില മാനുഷിക  മതിലുകള്‍ 
തകരുന്നുണ്ട്    എന്നര്‍ത്ഥം. 


ഒരു കാര്യം നാം മനസ്സിലാക്കിയേ പറ്റൂ . ഓരോ കാലത്തിനും അനുയോജ്യമായ  തലമുറയാണ് ഇവിടെ ജനിക്കുന്നത് . അവര്‍ക്ക് അവരുടെതായ ശീലങ്ങളും സ്വഭാവങ്ങളും വിനോദങ്ങളും ഉണ്ട് . നമ്മുടെ കാലത്തെ കളികള്‍ നമ്മുടേത്‌ മാത്രമാണ്  . അവ ഓര്‍ക്കുമ്പോള്‍ തന്നെ നമുക്ക്  ഗൃഹാതുരത്വം തോന്നുന്നത്  അത് നമ്മുടെതായിരുന്നു എന്നത് കൊണ്ടാണ്  . പക്ഷെ അക്കാലം മാത്രമായിരുന്നു ശരി , പഴകാല കളികള്‍ മാത്രമാണ് കളി , എന്നൊക്കെ നമുക്ക് തോന്നാമെങ്കിലും പുതിയ തലമുറക്ക് തോന്നില്ല . സാറ്റ് കളിയെക്കുറിച്ച് നമ്മുടെ കുട്ടികളോട് ഒന്ന് പറഞ്ഞു നോക്കൂ .. !! 


കാലം മാറുമ്പോള്‍ തലമുറ മാറുമ്പോള്‍ കളികള്‍ , ശീലങ്ങള്‍ , രീതികള്‍ , ഇവയൊക്കെയും മാറും . നമ്മുടെ കുട്ടിക്കാലത്തെ കളികള്‍ അല്ല നമ്മുടെ കുട്ടികളുടെ കളികള്‍ . അവരുടെ കളികള്‍ ആവില്ല  അവരുടെ കുട്ടികളുടെ കളികള്‍ .
അതിനു ആരും ആരെയും കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല . അങ്ങനെയാണ് ലോകക്രമം . 


നാം തന്നെ എത്രയാണ് മാറിയത് ? അയല്‍പക്കങ്ങളില്‍ പോയി സൊറ പറഞ്ഞിരിക്കാന്‍ ഇന്ന് ആര്‍ക്കെങ്കിലും നേരമുണ്ടോ ? മനുഷ്യന്‍ മനുഷ്യനെ കാണുന്നത്  കൂടുതലും ഉപകരണങ്ങളിലൂടെയാണ് .  വിരല്‍ത്തുമ്പിലാണ് ഭൂഗോളം . തുറക്കുകയെ വേണ്ടാത്ത വാതിലുകള്‍ ആണ്  കൂടുതലും .. ആര്‍ക്കും ആരെയും ആശ്രയിക്കേണ്ടി വരുന്നില്ല . അത് കൊണ്ട് തന്നെ 'നമുക്ക് നാം തന്നെ ധാരാളം ' .


പണ്ടത്തെ കുട്ടികളെ വിരട്ടി നേരെയാക്കാന്‍ പറ്റുമായിരുന്നു . നാമൊക്കെ രക്ഷിതാക്കളില്‍ നിന്ന് അടി മേടിച്ചവരാണ് . അധ്യാപകരില്‍ നിന്നും അതിലേറെ കിട്ടിയവരാണ് . പക്ഷെ ഇന്ന് അടിയും വടിയും ഭീഷണിയും വിരട്ടലും ഒന്നും പുതിയ മക്കളുടെ അടുത്തു വിലപ്പോകില്ല .


അച്ഛനെ അവിടെ കാണുമ്പോള്‍ ഇവിടെ മാറിപ്പോകുന്ന മകനല്ല ഇന്നത്തെ മകന്‍ . അവന്‍ ഇന്ന് അച്ഛന്റെ തോളില്‍ കയ്യിട്ടു നടക്കുന്നവനാണ് . അവര്‍ ഒന്നിച്ചു ഭക്ഷണം കഴിക്കുന്നു , വിനോദങ്ങളില്‍ ഏര്‍പ്പെടുന്നു .. 


പുതിയ അച്ഛന്‍ /അമ്മ / മകന്‍ /മകള്‍ ബന്ധങ്ങളില്‍ ഒരു പാട് മാറ്റം വന്നിരിക്കുന്നു. അത് കൊണ്ട് തന്നെ സൌഹൃദ  അന്തരീക്ഷം 
വീട്ടിലും നമ്മുടെ സമീപനങ്ങളിലും ഉണ്ടായെങ്കില്‍  മാത്രമേ പുതിയ 
മക്കളുമായി നമുക്ക്  സമരസപ്പെട്ടു പോകാന്‍ കഴിയൂ.


പിടിച്ചു വെക്കലല്ല നിയന്ത്രണം വെക്കലാണ് ബുദ്ധി.  
അല്ലെങ്കില്‍ കിട്ടാത്തതു കിട്ടാന്‍ അരുതാത്ത   മാര്‍ഗങ്ങള്‍ അവന്‍ തേടിപ്പോവും.  നമുക്ക് നമ്മുടെ കുട്ടികളെ തന്നെ നഷ്ടപ്പെടാന്‍ ഇത് കാരണമായേക്കും .


പട്ടാളച്ചിട്ടയോടെ മക്കളെ വളര്‍ത്തുന്ന  കാലം കഴിഞ്ഞു . നല്ല സൌഹൃദവും അനുകൂലമായ  കുടുംബാന്തരീക്ഷവും 
പക്വമായ   സമീപനങ്ങളും കൊണ്ട് മാത്രമേ പുതിയ തലമുറയെ  നല്ല മക്കളായി വളര്‍ത്തിക്കൊണ്ടു വരാന്‍ കഴിയൂ. 
കുട്ടികളെ മനസ്സിലാക്കാന്‍ നാം ശ്രമിക്കുമ്പോഴേ കുട്ടികള്‍ നമ്മെ മനസ്സിലാക്കാനും ശ്രമിക്കൂ.

പറയുന്നതെല്ലാം വാങ്ങിക്കൊടുക്കാന്‍ കാണിക്കുന്ന താത്പര്യത്തെക്കാള്‍ കൂടുതല്‍ , വാങ്ങിക്കൊടുത്തവ എങ്ങനെ ഉപയോഗിക്കുന്നു എന്ന് നാം അറിയണം . പുതിയ സംവിധാനങ്ങള്‍ അവന്റെ മാനസിക വികാസത്തിനും വളര്‍ച്ചക്കും അനുഗുണമായ രീതിയില്‍ ഉപയോഗിക്കാനുള്ള ബോധം മക്കളില്‍ വളര്‍ത്തിക്കൊണ്ടു വരണം . 


പുതിയ തലമുറയെ നേര്‍വഴിക്കു നടത്താന്‍ നാം പുതിയ രക്ഷിതാക്കള്‍ ആവുക തന്നെ വേണം .



 
Copyright © 2010 Iringattiri Drops. All rights reserved.
Design By- മലയാളം ബ്ലോഗ്‌ ഹെല്‍പ്